Advertisement

ഗോത്രവികാരം ആളിക്കത്തിക്കാൻ ശ്രമം; പള്ളികൾ കേന്ദ്രീകരിച്ച് സൗദിയുടെ ബോധവൽക്കരണം

റിയാദ്: ഗോത്രീയ പക്ഷപാതത്തിനും വിദ്വേഷ പ്രചാരണങ്ങൾക്കുമെതിരെ ശക്തമായ ബോധവൽക്കരണവുമായി സൗദി അറേബ്യ. രാജ്യത്തെ പള്ളികളിലെ അടുത്ത വെള്ളിയാഴ്ചത്തെ ജുമുഅ ഖുതുബ ഇതിനായി നീക്കിവെക്കാൻ ഇസ്ലാമിക കാര്യ മന്ത്രി ശൈഖ് അബ്ദുല്ലത്തീഫ് ആലുശൈഖ് ഇമാമുമാർക്ക് നിർദേശം നൽകി.

സമൂഹമാധ്യമങ്ങളിൽ ചില ഗോത്രങ്ങളുടെ പേരിൽ വ്യാജ പ്രൊഫൈലുകൾ നിർമിച്ച് ഇതര വിഭാഗങ്ങളെ മനഃപൂർവം അധിക്ഷേപിക്കുന്ന പ്രവണത അടുത്തകാലത്തായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം നീക്കങ്ങൾ സാമൂഹിക ഐക്യം തകർക്കാനും ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനും കാരണമാകുമെന്ന വിലയിരുത്തലിലാണ് ശക്തമായ മുന്നറിയിപ്പ് നൽകാൻ തീരുമാനിച്ചത്.

പ്രധാനമായും അഞ്ച് വിഷയങ്ങൾ കേന്ദ്രീകരിച്ചായിരിക്കണം ഖുതുബയെന്നും മന്ത്രാലയത്തിന്റെ നിർദേശത്തിലുണ്ട്. അല്ലാഹുവിന്റെ അടുക്കൽ ശ്രേഷ്ഠത അളക്കുന്നത് കുലമഹിമയിലോ ഗോത്ര പാരമ്പര്യത്തിലോ അല്ലെന്നും ഭക്തിയിലാണ് കാര്യമെന്നുമുള്ള ഇസ്ലാമിക പാഠം വിശ്വാസികളെ ഓർമിപ്പിക്കണം. ഗോത്രീയ അന്ധത ഇസ്ലാമിന്റെ രീതിയല്ലെന്നും കുടുംബമഹിമ പറഞ്ഞ് മറ്റുള്ളവരെ താറടിക്കുന്നത് മതമൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും ഇമാമുമാർ വിശദീകരിക്കും.

ജനങ്ങളെ തമ്മിലടിപ്പിക്കാനും ദേശീയ ഐക്യം തകർക്കാനും ശ്രമിക്കുന്ന ശത്രുക്കളുടെ വ്യാജ സോഷ്യൽ മീഡിയ പ്രചാരണങ്ങളിൽ വീണുപോകരുതെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. ഗോത്രവികാരം ആളിക്കത്തിക്കുന്ന തരത്തിലുള്ള പ്രകോപനപരമായ ആഹ്വാനങ്ങൾ ജനങ്ങൾ തള്ളിക്കളയണമെന്ന് നിർദേശത്തിൽ അടിവരയിടുന്നുണ്ട്.

രാജ്യത്തിന്റെ സ്ഥാപകനായ അബ്ദുൽ അസീസ് രാജാവിന്റെ കാലം മുതൽ സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും ഭരണകാലം വരെ ഭരണകൂടം പൗരത്വബോധത്തിനും തുല്യതയ്ക്കുമാണ് മുൻഗണന നൽകുന്നത്. ഇസ്ലാമിക ശരീഅത്ത് നിയമങ്ങൾ മുറുകെപ്പിടിച്ചുകൊണ്ട് ഏവർക്കും നീതിയും സമത്വവും ഉറപ്പാക്കുന്ന വ്യവസ്ഥയാണ് രാജ്യത്തുള്ളത്. വ്യക്തികളുടെ പ്രവർത്തനവും ആത്മാർഥതയുമല്ലാതെ വിവേചനത്തിന് ഇവിടെ യാതൊരു സ്ഥാനവുമില്ലെന്നും മന്ത്രാലയം പുറത്തിറക്കിയ സർക്കുലറിൽ ഓർമിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *