Advertisement

3ാം വയസിലും ഉറക്കമില്ലാത്ത രാത്രികൾ; ഉറക്കത്തേക്കാൾ ജോലിക്ക് പ്രാധാന്യം നൽകി അമിതാഭ് ബച്ചൻ

പ്രായം 83 ആയെങ്കിലും ജോലിത്തിരക്കുകൾക്ക് കുറവില്ല ബോളിവുഡ് താരം അമിതാഭ് ബച്ചന്. എന്നാൽ ഈ തിരക്കുകൾ ഉറക്കത്തെ ബാധിക്കുന്നുണ്ടെന്നാണ് താരം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. കുറഞ്ഞത് ഏഴ് മണിക്കൂറെങ്കിലും ഉറങ്ങണമെന്നാണ് മെഡിക്കൽ വിദഗ്ധരുടെ നിർദേശമെങ്കിലും ജോലിക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതിനാൽ ഉറങ്ങാൻ സമയം കണ്ടെത്താൻ കഴിയുന്നില്ലെന്നാണ് അമിതാഭ് ബച്ചൻ തന്റെ ബ്ലോഗിലൂടെ പങ്കുവെച്ചത്.

തന്റെ ബ്ലോഗിൽ പങ്കുവെച്ച കുറിപ്പിൽ ഉറക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള മെഡിക്കൽ നിർദേശങ്ങൾ പരാമർശിച്ച താരം, ജോലി കാരണം അവ പാലിക്കാൻ കഴിയാത്ത അവസ്ഥയും വിവരിച്ചു. ശരീരത്തിന്റെ വളർച്ചയ്ക്കും വികാസത്തിനും അറ്റകുറ്റപ്പണികൾക്കും ഉറക്കം അനിവാര്യമാണെന്നും കുറഞ്ഞത് ഏഴ് മണിക്കൂർ ഉറങ്ങണമെന്നുമാണ് മെഡിക്കൽ വിദഗ്ധർ പറയുന്നതെന്നും അദ്ദേഹം കുറിച്ചു.

എന്നാൽ ജോലിയോടുള്ള പ്രതിബദ്ധതയും മനസിൽ നിറയുന്ന ചിന്തകളും ആശയങ്ങളും ഉറക്കത്തിനായി സമയം കണ്ടെത്തുന്നത് പ്രയാസകരമാക്കുന്നു. ഒരിക്കൽ ലക്ഷ്യങ്ങളായി കണ്ട കാര്യങ്ങൾ നേടിയെടുക്കണമെന്ന ആവേശവും പുതിയ ആശയങ്ങളുമെല്ലാം മനസിനെ സജീവമാക്കി നിർത്തുന്നുണ്ടെന്നും താരം സൂചിപ്പിച്ചു.

രാത്രിയുടെ നിശബ്ദതയിൽ സംഗീതമാണ് തനിക്ക് ആശ്വാസമാകുന്നതെന്നും അമിതാഭ് ബച്ചൻ കുറിച്ചു. സ്ലൈഡ് ഗിറ്റാറിലും സിത്താറിലും അവതരിപ്പിക്കുന്ന ശാസ്ത്രീയ സംഗീതവും ധ്യാനസംഗീതവും മനസിന് സമാധാനം നൽകുന്നുവെന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ.

സംഗീതത്തെ ആത്മാവിനെ സർവശക്തനുമായി ബന്ധിപ്പിക്കുന്ന അദൃശ്യമായ നൂലിനോടാണ് താരം ഉപമിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സംഗീതത്തിൽ പൊതുവായി കാണുന്ന ഏഴ് സ്വരങ്ങൾ മനുഷ്യരാശിയെ ബന്ധിപ്പിക്കുന്ന ഒന്നാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സംഗീതം കേൾക്കുന്നത് മനസിന് ശാന്തത നൽകുകയും ഉറക്കത്തിലേക്ക് കടക്കാൻ സഹായിക്കുകയും ചെയ്യുമെന്നാണ് തന്റെ അനുഭവമെന്നും താരം പങ്കുവെച്ചു.

84ാം പിറന്നാളിലേക്ക് കടക്കാനിരിക്കെയാണ് ഉറക്കത്തിനായി സമയം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന കാര്യം അമിതാഭ് ബച്ചൻ പങ്കുവെച്ചത്. രാത്രിയിലെ ഉറക്കമാണ് ശരീരത്തിന് ഏറ്റവും മികച്ച രീതിയിൽ സ്വയം വീണ്ടെടുക്കാൻ സഹായിക്കുന്നതെന്ന് അറിയാമെങ്കിലും അതിനുള്ള സമയം കണ്ടെത്താൻ കഴിയുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ കുറിപ്പിന്റെ ഉള്ളടക്കം.

ഉറക്കക്കുറവിനെക്കുറിച്ച് തുറന്നുപറഞ്ഞ താരം നേരത്തേ ഉറങ്ങാൻ കിടക്കാനും രാവിലെ ജോലികൾക്കായി ഉണരാൻ ആവശ്യമായ വിശ്രമം ഉറപ്പാക്കാനും ശ്രമിക്കുകയാണെന്നും സൂചിപ്പിച്ചു.

നാഗ് അശ്വിൻ സംവിധാനം ചെയ്ത ‘കൽക്കി 2898 എഡി’യിൽ അശ്വത്ഥാമാവായാണ് അമിതാഭ് ബച്ചൻ അവസാനമായി ശ്രദ്ധേയനായത്. രജനീകാന്ത് നായകനായ തമിഴ് ചിത്രം ‘വേട്ടയ്യൻ’ ഉൾപ്പെടെ 2024ൽ പുറത്തിറങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചിരുന്നു. ‘കൽക്കി 2898 എഡി’യുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണവും ഹൈദരാബാദിൽ പുരോഗമിക്കുന്നതായാണ് റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *