Advertisement

റാണിയ വാഹനാപകടം: മലയാളി നഴ്സുമാരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകും

​ജിദ്ദ: സൗദി അറേബ്യയിലെ തായിഫിൽ നിന്ന് 350 കിലോമീറ്റർ അകലെ റാണിയായിൽ വാഹനാപകടത്തിൽ മരണപ്പെട്ട നാല് പേരിൽ രണ്ടുപേരുടെ മൃതദേഹങ്ങൾ തിങ്കളാഴ്ച (19-10-2026) നാട്ടിലേക്ക് കൊണ്ടുപോകും. കോട്ടയം ഏറ്റുമാനൂർ സ്വദേശിനി ജോബിനാ ജോണി, തമിഴ്നാട് തഞ്ചാവൂർ സ്വദേശിനി വിജയലക്ഷ്മി എന്നിവരുടെ മൃതദേഹങ്ങളാണ് തിങ്കളാഴ്ച കൊണ്ടുപോകുന്നത്.

​കോട്ടയം കിടങ്ങൂർ സ്വദേശിനി ജയ്സിമോൾ, തമിഴ്നാട് തൃച്ചി സ്വദേശിനി ഹെപ്സിബ ദേവമണി എന്നിവരുടെ മൃതദേഹങ്ങൾ ചൊവ്വാഴ്ചയും നാട്ടിലേക്ക് അയക്കും.

​നാലുപേരുടെയും മൃതദേഹങ്ങൾ റാണിയ ജനറൽ ആശുപത്രിയിലായിരുന്നു സൂക്ഷിച്ചിരുന്നത്. അവിടെനിന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് എംബാമിംഗ് നടപടികൾക്കായി ജിദ്ദയിൽ എത്തിച്ചത്. എയർ ഇന്ത്യയും ഇൻഡിഗോയും സൗദിയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കിയതിനെ തുടർന്നാണ് നടപടികൾ വേഗത്തിൽ പൂർത്തിയായിട്ടും മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകാൻ വൈകിയത്.

​ജിദ്ദ നവോദയയുടെ നേതൃത്വത്തിലാണ് ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയത്. മരുഭൂമിയിലെ ചെറുപട്ടണമായ റാണിയായിൽ മറ്റ് ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ നവോദയയെ കാര്യങ്ങൾ ഏൽപ്പിക്കുകയായിരുന്നു. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് വെൽഫെയർ കമ്മിറ്റി അംഗവും നവോദയ ജീവകാരുണ്യ കമ്മിറ്റി ജോയിന്റ് കൺവീനറുമായ പന്തളം ഷാജി, മോബിൻ തോമസ് എന്നിവർക്കാണ് നടപടികൾ പൂർത്തിയാക്കാനുള്ള പവർ ഓഫ് അറ്റോർണി കുടുംബം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *