Advertisement

കിവിപ്പക്ഷികളുടെ ചിറകരിഞ്ഞ് ഇന്ത്യക്ക് ലോക കിരീടം

ട്വന്റി 20 ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യ. കന്നിക്കിരീടം കൊത്തിപ്പറക്കാനിറങ്ങിയ കിവിപ്പക്ഷികളുടെ ചിറകരിഞ്ഞ് വീഴ്ത്തി ഇന്ത്യയുടെ ചുണക്കുട്ടന്‍മാര്‍ കപ്പ് തൂക്കി. ജയിക്കാന്‍ 256 റണ്‍സ് വേണ്ടിയിരുന്ന കിവിപ്പടയെ ഒരു ഘട്ടത്തിലും ചിറക് വിടര്‍ത്താന്‍ ഇന്ത്യന്‍ ബോളര്‍മാര്‍ അനുവദിച്ചില്ല.

52 റണ്‍സെടുത്ത ഓപ്പണര്‍ സൈഫര്‍ട്ടും 43 റണ്‍െസടുത്ത സാന്റ്നറും മാത്രമാണ് അല്‍പമെങ്കിലും പിടിച്ചു നിന്നത്. മറ്റ് മുന്‍നിര ബാറ്റര്‍മാര്‍ക്ക് രണ്ടക്കം കടക്കാന്‍ പോലും സാധിച്ചില്ല. 19 ഓവറില്‍ 159 റണ്‍സിന് എല്ലാവരും പുറത്തായി. ഇന്ത്യയ്ക്ക് 96 റണ്‍സ് ജയം. ഇന്ത്യയുടെ മൂന്നാം T20 ലോകകപ്പ് കിരീടമാണിത്. തുടര്‍ച്ചയായ രണ്ടാം ലോകകപ്പും. കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീം കൂടിയാണ് ഇന്ത്യ. 

സെമിഫൈനലിലെ സെഞ്ചറി വീരനായ ഓപ്പണർ ഫിൻ ഇലൻ (7 പന്തിൽ 9), രചിൻ രവീന്ദ്ര (2 പന്തിൽ 1), ഗ്ലെൻ ഫിലിപ്സ് (5 പന്തിൽ 5) എന്നിവരുടെ നിരാശപ്പെടുത്തി. മൂന്നാം ഓവറിൽ തിലക് വർമയുടെ കൈകളിൽ എത്തിച്ച് അക്ഷർ പട്ടേലാണ് അലനെ പുറത്താക്കിയത്. തൊട്ടടുത്ത ഓവറിൽ ജസ്പ്രീത് ബുമ്രയുടെ ബോളിൽ ഇഷാൻ കിഷന്റെ കിടിലൻ ക്യാച്ചിലാണ് രചിൻ പുറത്തായത്. അഞ്ചാം ഓവറിൽ ഗ്ലെൻ ഫിലിപ്സിനെ ബൗൾണ്ടാക്കി അക്ഷർ അടുത്ത പ്രഹരവരും നൽകി. മികച്ച കൂട്ടുകെട്ടുകള്‍ ഇല്ലാതെ പോയതാണ് ന്യൂസീലന്‍ഡിനു ക്ഷീണമായത്. മധ്യനിരയില്‍ മിച്ചല്‍ സാന്റ്നര്‍ മാത്രമാണ് രക്ഷാപ്രവര്‍ത്തനത്തിനു ശ്രമിച്ചെങ്കിലും വിഫലമായി. ബുംറ നാലും അക്സര്‍ പട്ടേല്‍ മൂന്നും ഹാര്‍ദിക് പാണ്ഡ്യയും വരുണ്‍ ചക്രവര്‍ത്തിയും  അഭിഷേക് ശര്‍മയും ഓരോ വിക്കറ്റുകള്‍ വീതവും വീഴ്ത്തി. 

ടോസ് നഷ്ടപ്പെട്ട് കലാശപ്പോരിനിറങ്ങിയ ഇന്ത്യന്‍ ബാറ്റര്‍മാരുടെ അഴിഞ്ഞാട്ടമായിരുന്നു ആരാധകര്‍ കണ്ടത്. ഓപ്പണര്‍ ബോളര്‍ മാറ്റ് ഹെന്ററി എറിഞ്ഞ ആദ്യ ഓവറിലെ നാലു പന്തുകളില്‍ നിന്ന് റണ്‍സ് ഇല്ല. എന്നാല്‍ വരാനിരിക്കുന്ന കൊടുങ്കാറ്റിന്റെ ശാന്തതയായിരുന്നു അത്. അഞ്ചാം പന്തിൽ സിക്സറടിച്ച്് സഞ്ജു സാംസണാണ് ഇന്ത്യയുടെ അക്കൗണ്ട് തുറന്നത്. പിന്നീടങ്ങോട്ട് ബാറ്റുകളില്‍ നിന്ന് പന്ത് തുടരെ അതിര്‍ത്തിയിലേക്ക് പാഞ്ഞു. സെമിയില്‍ നിര്‍ത്തിയിടത്തു നിന്ന് സഞ്ജു തുടങ്ങുന്നതായിരുന്നു കണ്ടത്. പന്തെടുത്തവരെല്ലാം ഇന്ത്യന്‍ ബാറ്റര്‍മാരുടെ ചൂടറി​ഞ്ഞു. തുടക്കത്തില്‍ അഭിഷേക് ശര്‍മയായിരുന്നു അപകടകാരി. അഭിഷേക് 18 പന്തുകളില്‍ നിന്നും അര്‍ധസെഞ്ചറി നേടി. 

മൂന്നാം ഓവറിൽ പിറന്നത് 15 റണ്‍സ് . ലോക്കി ഫെർഗൂൺ എറിഞ്ഞ നാലാ ഓവറിൽ 24 റൺസാണ് അഭിഷേകും സഞ്ജുവും ചേർന്ന് അടിച്ചുകൂട്ടിയത്. അഞ്ചാം ഓവറിൽ 21 റൺസും പിറന്നു. എട്ടാം ഓവറില്‍ ന്യൂസീലന്‍ഡ് കാത്തിരുന്ന വിക്കറ്റ് വീണു. രവീന്ദ്രയുടെ പന്തില്‍ വിക്കറ്റിനു പിന്നില്‍ സെയ്ഫര്‍ട്ട് ക്യാച്ചെടുത്തു. 21 പന്തുകളില്‍ നിന്ന് 52 റണ്‍സാണ് താരം നേടിയത്. 

ട്വന്റി20 ലോകകപ്പ് ഫൈനൽ ചരിത്രത്തിൽ ആദ്യമായാണ് ഓപ്പണിങ് കൂട്ടുകെട്ട് 50നു മുകളിൽ സ്കോർ നേടുന്നത്. 2009 ഫൈനലിൽ ശ്രീലങ്കയ്ക്കെതിരെ പാക്കിസ്ഥാൻ താരങ്ങളായ കമ്രാൻ അക്‌മലും ഷഹസൈബ് ഹസനും ചേർന്ന് നേടിയ 48 റൺസായിരുന്നു ഇതുവരെയുള്ള ഉയർന്ന് ഓപ്പണിങ് കൂട്ടുകെട്ട്. ഈ ലോകകപ്പിൽ ആദ്യമായാണ് ഇന്ത്യയ്ക്ക പവർപ്ലേയിൽ വിക്കറ്റ് നഷ്ടമാകാതിരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *