ഇസ്രയേലിലെ ജെറുസലേമില്‍ ഇന്ത്യക്കാരനായ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു പൊലീസെത്തുമ്പോള്‍ മൃതദേഹം കിടന്നിരുന്നത്. നാല്‍പത് വയസ് പ്രായമുള്ളയാളാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ 31കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
കറ്റാമനിലെ അപാര്‍ട്മെന്‍റില്‍ വച്ചാണ് ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടതെന്നും വിശദാംശങ്ങള്‍ അന്വേഷിച്ച് വരികയാണെന്നും ഇസ്രയേല്‍ പൊലീസ് വക്താവ് പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. വിവരമറിഞ്ഞയുടന്‍ തന്നെ സ്ഥലത്തെത്തിയെന്നും തുടര്‍ന്ന് നടത്തിയ പ്രാഥമിക പരിശോധനയിലാണ് കൊലപാതകമെന്ന സൂചനകള്‍ ലഭിച്ചതെന്നും പൊലീസ് പറയുന്നു.
അറസ്റ്റിലായ യുവാവിനെ വിശദമായി ചോദ്യം ചെയ്യുകയാണ്. ഇയാള്‍ക്ക് ക്രിമനല്‍ പശ്ചാത്തലമുണ്ടെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. അതേസമയം, കൊലയാളിയെന്ന് സംശയിക്കുന്നയാളുടെ തിരിച്ചറിയല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കൊലപാതകം നടന്ന അപാര്‍ട്മെന്‍റ് പൊലീസ് സീല്‍ ചെയ്തുവെന്നും കൊലപാതകത്തിന്‍റെ കാരണം വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു.
അതേസമയം, 2024 ഒക്ടോബറിലെ കണക്കനുസരിച്ച് 32,000 ഇന്ത്യക്കാര്‍ ഇസ്രയേലില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്‍റെ കണക്ക്. ഇതില്‍ 12,000 പേര്‍ 2023 ഒക്ടോബറിന് ശേഷവും 6365 പേര്‍ 2024 ലും എത്തിയവരാണ്. 2023 നവംബറില്‍ ഇരുരാജ്യങ്ങളും തമ്മിലെത്തിച്ചേര്‍ന്ന ഉഭയകക്ഷി കരാറിനെ തുടര്‍ന്നാണ് ഇത്രയും ആളുകള്‍ ഇസ്രയേലിലേക്ക് എത്തിയത്. മറ്റുള്ളവര്‍ സ്വകാര്യ മാര്‍ഗങ്ങളിലൂടെ എത്തിയവരാണ്.
അടുത്ത അഞ്ചുവര്‍ഷത്തിനിടെ 50,000 ഇന്ത്യക്കാരെ കൂടി ഇസ്രയേലില്‍ ജോലിക്കായി സ്വീകരിക്കാമെന്നാണ് കരാര്‍. നിര്‍മാണ മേഖലയിലും കെയര്‍ ഗിവര്‍ മേഖലയിലുമാണ് ഇന്ത്യക്കാരിലേറെയും ജോലി ചെയ്യുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവും തമ്മില്‍ നടന്ന ചര്‍ച്ചകളിലാണ് നിര്‍ണായക തീരുമാനം ഉണ്ടായത്.








Leave a Reply