തിരുവനന്തപുരം: കോടിക്കണക്കിനു രൂപയുടെ തട്ടിപ്പു നടത്തുന്ന ലോണ്‍ ആപ്പ് സംഘത്തെ കുടുക്കി പൊലീസ്. ശ്രീകാര്യത്തു പ്രവര്‍ത്തിച്ചിരുന്ന ലോണ്‍ ആപ്പ് കമ്പനിയാണ് പൊലീസ് വലയിലായത്. സിറ്റി ഡാന്‍സാഫ് സംഘം നടത്തിയ പരിശോധനയിലാണ് 18 ഉത്തരേന്ത്യക്കാര്‍ ഉള്‍പ്പെടെ കുടുങ്ങിയത്.
വന്‍തുക ശമ്പളം നല്‍കിയാണ് ആളുകളെ ജോലിക്കായി നിയോഗിച്ചിരുന്നത്. തട്ടിപ്പിനായി ഉപയോഗിച്ചിരുന്ന 50 കംപ്യൂട്ടറുകൾ പിടിച്ചെടുത്തു. അമേരിക്കയിലുള്ള മലയാളികള്‍ ഉള്‍പ്പെടെയുള്ളവരെയാണ് ലോണ്‍ ആപ്പ് കമ്പനി ലക്ഷ്യമിട്ടിരുന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിദേശികളില്‍നിന്നുള്‍പ്പെടെ കോടികള്‍ ഇവര്‍ തട്ടിയെടുത്തുവെന്നാണ് കരുതുന്നത്. അമേരിക്കയില്‍നിന്നുള്ളവരുടെ വിവരങ്ങളാണ് കംപ്യൂട്ടറില്‍ കൂടുതലായി കണ്ടെത്തിയത്.
ഉത്തരേന്ത്യന്‍ ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ ലഹരി ഉപയോഗം നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം നിരീക്ഷിച്ചത്. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ലോണ്‍ ആപ്പ് തട്ടിപ്പു കമ്പനി പ്രവര്‍ത്തിക്കുന്നുവെന്ന വിവരം പുറത്തുവന്നത്. പരിശോധനയ്ക്കിടെ രക്ഷപ്പെടാന്‍ ശ്രമിച്ചയാളെ വിമാനത്താവളത്തില്‍നിന്നാണ് പിടികൂടിയത്.








Leave a Reply