Advertisement

ഷാരോൺ രാജ് വധക്കേസ്; ഗ്രീഷ്മ കുറ്റക്കാരി, ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ വെറുതെ വിട്ടു

തിരുവനന്തപുരം: ഷാരോൺ രാജ് വധക്കേസിൽ ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി. ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ വെറുതെ വിട്ടു. നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് കോടതിയുടേതാണ് വിധി. കേസിൽ ശിക്ഷാവിധി നാളെ. ഗ്രീഷ്മയ്‌ക്കെതിരെ കൊലപാതകം, ഗൂഢാലോചന, തെളിവു നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളെല്ലാം തെളിഞ്ഞു. ഗ്രീഷ്മയുടെ അമ്മാവൻ നിർമലകുമാരൻ നായരും കുറ്റക്കാരനെന്ന് കോടതി. സംശയത്തിന്റെ ആനുകൂല്യത്തിലാണു ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ വെറുതെ വിട്ടത്.

ഗ്രീഷ്മയുടെ അമ്മയും പ്രതിയുമായ സിന്ധുവും കുറ്റക്കാരിയാണെന്നും ശിക്ഷ കൊടുക്കേണ്ടതായിരുന്നു എന്നും ഷാരോണിന്റെ മാതാപിതാക്കളുടെ ആദ്യപ്രതികരണം.

കാമുകനായ മുര്യങ്കര ജെപി ഹൗസിൽ ജെ.പി.ഷാരോൺ രാജിനെ (23) വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി കഷായത്തിൽ കീടനാശിനി കലർത്തി നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്.  പാറശാല തേവിയോട് പൂമ്പള്ളിക്കോണം ശ്രീനിലയത്തിൽ ഗ്രീഷ്മ (22) ആണ് ഒന്നാം പ്രതി. സൈനികനുമായി നിശ്ചയിച്ച വിവാഹത്തിനു തടസ്സമാകുമെന്നതിനാലാണ് ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ തീരുമാനിച്ചതെന്നു പൊലീസ് കണ്ടെത്തി.

ഷാരോണിനെ ഒഴിവാക്കാനുള്ള ഗ്രീഷ്മയുടെ ശ്രമങ്ങൾക്കു അമ്മ സിന്ധു ഒത്താശ ചെയ്തു കൊടുത്തെന്നും കീടനാശിനി ഗ്രീഷ്മയ്ക്കു വാങ്ങി നൽകിയത് നിർമല കുമാരൻ നായരാണ് എന്നും പൊലീസ് കണ്ടെത്തി. ഇംഗ്ലിഷിൽ ബിരുദാനന്തര ബിരുദധാരിയാണ് ഗ്രീഷ്മ. നെയ്യൂർ ക്രിസ്ത്യൻ കോളജിലെ അവസാന വർഷ ബിഎസ്‌സി റേഡിയോളജി വിദ്യാർഥിയായിരുന്നു ഷാരോൺ രാജ്. കഴിഞ്ഞ ഒക്ടോബർ 15നു തുടങ്ങിയ വിചാരണ ഈ മാസം മൂന്നിനാണ് അവസാനിച്ചത്. 95 സാക്ഷികളെ വിസ്തരിച്ചു.

2022 ഒക്‌ടോബർ 14ന് ഗ്രീഷ്മയുടെ വീട്ടിൽ വച്ചാണ് ഷാരോൺ രാജ് കഷായം കഴിക്കുന്നത്. ശാരീരിക ബന്ധത്തിനു നിർബന്ധിച്ചാണു ഷാരോണിനെ ഗ്രീഷ്മ വീട്ടിലേക്കു വിളിച്ചുവരുത്തിയതെന്നു കുറ്റപത്രത്തിൽ പറയുന്നു. അവശനിലയിലായി പല ആശുപത്രികളിലെ ചികിത്സയ്ക്കു ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ച് 25നു ഷാരോൺ മരിച്ചു. ക്രൈംബ്രാഞ്ചിന്റെ കേസ് അന്വേഷണത്തിനിടെ ഒക്‌ടോബർ 30ന് ഗ്രീഷ്മ കുറ്റസമ്മതം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *