Advertisement

‘നിറം പോരാ’; വിവാഹമോചനത്തിന് ഭർത്താവ് നിർബന്ധിച്ചു; നവവധു തൂങ്ങി മരിച്ചതിൽ കേസ്

മലപ്പുറം: നവവധുവിനെ മരിച്ചനിലയിൽ കണ്ടെത്തിയതിൽ കേസെടുത്ത് പൊലീസ്. കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസ് (19) ആണ് മരിച്ചത്. ഭർതൃവീട്ടുകാരുടെ മാനസിക പീഡനം മൂലമാണ് പെൺകുട്ടി ജീവനൊടുക്കിയതെന്ന കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊട്ടോണ്ടി പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. ഭർത്താവ് മൊറയൂർ സ്വദേശി അബ്‌ദുൽ വാഹിദിനും മാതാപിതാക്കൾക്കും എതിരെയാണ് പരാതി.

കഴിഞ്ഞ വർഷം മേയ് 27നായിരുന്നു ഷഹാനയും വാഹിദും തമ്മിലുള്ള വിവാഹം. ഇതു കഴിഞ്ഞ് ഒരു മാസത്തിനുശേഷം വാഹിദ് ഗർഫിലേക്കു പോയി. ഫോണിലൂടെ നിറത്തിന്റെ പേരിൽ വാഹിദ് തുടർച്ചയായി ഷഹാനയെ അവഹേളിച്ചിരുന്നതായി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മുംതാസിന് നിറം കുറവാണെന്ന് പറഞ്ഞായിരുന്നു കുറ്റപ്പെടുത്തൽ. ഇതിന്റെ പേരിൽ വിവാഹബന്ധം വേർപ്പെടുത്താൻ നിർബന്ധിച്ചു. ഇംഗ്ലിഷ് സംസാരിക്കാൻ അറിയില്ലെന്നു പറഞ്ഞും അവഹേളിച്ചെന്ന് പരാതിയിലുണ്ട്.

ചൊവ്വാഴ്ച രാവിലെ പത്തു മണിയോടെയാണ് കൊണ്ടോട്ടിയിലുള്ള വീട്ടിൽ ഷഹാനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഏറെനേരം വിളിച്ചിട്ടും ഷഹാന മുറി തുറക്കാത്തതിനെ തുടർന്നു അയൽവാസികൾ ഉൾപ്പെടെ എത്തി വാതിൽ വെട്ടിപ്പൊളിച്ചപ്പോൾ ഷഹാനയെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *