Advertisement

മുൻ ജാപ്പനീസ് പോൺ താരം റായ് ലിൽ ബ്ലാക്ക് ഇസ്‌ലാം സ്വീകരിച്ചു

മുൻ ജാപ്പനീസ് പോൺ താരം റായ് ലിൽ ബ്ലാക്ക് ഇസ്‌ലാം സ്വീകരിച്ചു. മലേഷ്യൻ തലസ്ഥാനമായ ക്വാലാലമ്പൂരിലെ പള്ളിയിൽ ഇസ്‌ലാമിക വേഷം ധരിച്ച് ഇഫ്താറിൽ പങ്കെടുക്കുന്ന വീഡിയോ റായ് ലിൽ ബ്ലാക്ക് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. കായി അസാകുറ എന്നാണ് ഇവരുടെ യഥാർഥ പേര്.

ഇസ്‌ലാമിനെക്കുറിച്ചുള്ള തന്റെ അന്വേഷണങ്ങൾ ടിക് ടോക് വീഡിയോ പരമ്പരയിലൂടെ അവർ പങ്കുവെച്ചിരുന്നു. ഈ വർഷം റമദാനിൽ നോമ്പനുഷ്ഠിക്കുമെന്നും മാർച്ച് രണ്ടിന് അവർ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു.

റമദാന് ഒരു മാസം മുമ്പ് സിംഗപ്പൂരിലെ മറീന ബേ സാൻഡ്‌സിൽ റായ് ആരാധകരുടെ സംഗമം സംഘടിപ്പിച്ചിരുന്നു. ചടങ്ങിൽ പ്രാർഥനക്കുള്ള മാറ്റുകളും യാത്ര ചെയ്യുമ്പോൾ ഉപയോഗിക്കുന്നതിനുള്ള പ്രെയർ കിറ്റുകളും റായ് സമ്മാനമായി നൽകിയിരുന്നു. വിവിധ ഭാഗങ്ങളിലുള്ള പള്ളികൾ സന്ദർശിക്കുന്ന ഫോട്ടോകളും വീഡിയോകളും റമദാന് മുമ്പ് റായ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തിരുന്നു.

”അല്ലാഹുവിനോട് അടുക്കുന്നതും പ്രിയപ്പെട്ടവരോടും കുടുംബത്തോടും സഹോദരങ്ങളോടും അടുക്കുന്നതുമായ ഒരു മനോഹരമായ മാസം നമുക്കെല്ലാവർക്കും ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എനിക്ക് വളരെ ആവേശമുണ്ട്. ഈ മാസം കടന്നുപോകാൻ ദൈവവും നിങ്ങളും എനിക്ക് ശക്തി നൽകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. റമദാൻ മുബാറക്”-ഒരു പോസ്റ്റിൽ റായ് പറഞ്ഞു.

താൻ അഭിനയിച്ച വീഡിയോകളെല്ലാം തന്റെ സോഷ്യൽ മീഡിയ പേജുകളിൽ നിന്ന് റായ് നീക്കം ചെയ്തിട്ടുണ്ട്. ഏതെങ്കിലും വീഡിയോകൾ ഉണ്ടെങ്കിൽ അത് താൻ ഇസ്‌ലാം സ്വീകരിക്കുന്നതിന്റെ വർഷങ്ങൾക്ക് മുമ്പ് അഭിനയിച്ചതാണെന്നും അവർ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *