Advertisement

‘മെസ്സിക്ക് ഇഷ്ടം ബീഫ്’; ലോകകപ്പിനായി അർജന്റീന ടീം യുഎസിലെത്തിച്ചത് 500 കിലോ ബീഫ്

ഈ വര്‍ഷത്തെ ഫിഫ ലോകകപ്പ് പോരാട്ടങ്ങൾക്കായി അമേരിക്കയിലെത്തിയ അർജന്റീന ടീം ‘ഒപ്പം കൂട്ടിയത്’ തങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണമായ അർജന്റീനിയൻ ബീഫും. മാംസം വലിയ അളവിൽ ബേസ് ക്യാമ്പിലെത്തിച്ചതായി റിപ്പോര്‍ട്ട്. ടീം താമസിക്കുന്ന യുഎസിലെ കാൻസസ് സിറ്റിയിലേക്ക് അർജന്റീനയിൽ നിന്ന് നേരിട്ട് 500 കിലോയിലധികം പ്രീമിയം ബീഫാണ് പ്രത്യേക കാർഗോ വഴി എത്തിച്ചിരിക്കുന്നതെന്ന് സ്കോട്ടിഷ് ഫാര്‍മര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അർജന്റീനയുടെ കായിക- ഭക്ഷണ സംസ്കാരത്തിൽ ബീഫിനുള്ള പ്രാധാന്യം വലുതാണ്. അതിലുപരി ടൂർണമെന്റിലുടനീളം താരങ്ങളുടെ കൃത്യമായ ഡയറ്റ് നിലനിർത്തുക എന്നതാണ് ഈ അസാധാരണ നീക്കത്തിന് പിന്നിൽ. മാസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിലാണ് അർജന്റീനയിൽ നിന്ന് കനത്ത ഹെല്‍ത്ത്- കസ്റ്റംസ് പരിശോധനകൾ പൂർത്തിയാക്കി മാംസം അമേരിക്കയിൽ എത്തിച്ചത്. ലോമോ (lomo), വാസിയോ (vacío), എൻട്രാന്യ (entraña), മറ്റാംബ്രെ (matambre), പെസെറ്റോ (peceto), അസാഡോ ഡി തിര (asado de tira) തുടങ്ങിയ അർജന്റീനക്കാരുടെ പരമ്പരാഗത ബീഫ് കട്ടുകളാണ് എത്തിച്ചത്.

കളിക്കാർക്ക് നാട്ടിലെ അന്തരീക്ഷവും ഭക്ഷണവും മാനസിക ഉല്ലാസവും നൽകുക എന്നതിലുപരി, താരങ്ങളുടെ കായികക്ഷമത നിലനിർത്താനുള്ള തന്ത്രമായാണ് അർജന്റീനയുടെ കോച്ചിങ് സ്റ്റാഫും മെഡിക്കൽ സംഘവും ഈ ഭക്ഷണക്രമത്തെ കാണുന്നത്. ലോകകപ്പ് പോലെയുള്ള വലിയ ടൂർണമെന്റുകളിൽ തുടർച്ചയായ യാത്രകളും കടുത്ത സമ്മർദവും മത്സരങ്ങൾക്കിടയിലെ കുറഞ്ഞ വിശ്രമസമയവും മറികടക്കാൻ കൃത്യമായ പോഷകാഹാരം അത്യാവശ്യമാണെന്ന് അവർ വിലയിരുത്തുന്നു. അർജന്റീനയുടെ ക്യാമ്പുകളിൽ എപ്പോഴും പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് പരമ്പരാഗത ബാർബിക്യൂ രീതിയായ ‘അസാഡോ’ (Asado). കളിക്കാർ ഒത്തുകൂടാനും ഭക്ഷണം ആസ്വദിക്കാനും അസാഡോ വിരുന്നുകൾ ഉപയോഗിക്കാറുണ്ട്.

അർജന്റീനിയന്‍ താരങ്ങൾ തങ്ങളുടെ ഭക്ഷണ പ്രിയത്തെക്കുറിച്ച് മുൻപും തുറന്നുപറഞ്ഞിട്ടുണ്ട്. പാചകത്തിന് നേതൃത്വം നൽകാൻ തനിക്ക് വലിയ താല്പര്യമില്ലെന്നും എന്നാല്‍ മറ്റുള്ളവർ തയ്യറാക്കുന്ന വിഭവങ്ങൾ കഴിക്കാനാണ് ഇഷ്ടമെന്നും മെസ്സി മുമ്പ് പറഞ്ഞിട്ടുണ്ട്. മാംസം ഉപയോഗിച്ച് തയ്യാറാക്കുന്ന മിലനേസ നെപ്പോളിറ്റാനയാണ് മെസിയുടെ പ്രിയപ്പെട്ട വിഭവം എന്നാണ് റിപ്പോ‍ര്‍ട്ടുകള്‍. അർജന്റീനിയൻ സ്റ്റൈൽ ബീഫ് കട്ട്‌ലറ്റായ ‘മിലനേസാസ്’ (Milanesas) ആണ് ഗോൾകീപ്പർ എമി മാർട്ടീനസിന്റെ പ്രിയ വിഭവം. അർജന്റീനിയൻ ‘അസാഡോ’ ആണ് തന്റെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണമെന്ന് ഡിഫൻഡർ ഒറ്റാമെൻഡി പറഞ്ഞിട്ടുണ്ട്.

അതേസമയം, ലോകകപ്പിനായി അർജന്റീന ടീം സ്വന്തം നാട്ടിൽ നിന്ന് മാംസം എത്തിക്കുന്നത് ഇതാദ്യമായല്ല. 2022-ൽ ഖത്തറിൽ നടന്ന ലോകകപ്പ് ടൂർണമെന്റിലേക്ക് 2,600 കിലോയിലധികം ബീഫാണ് അർജന്റീന എത്തിച്ചത്. അന്ന് കപ്പ് ഉയർത്തിയ ടീമിന്‍റെ വിജയത്തിന് പിന്നിലെ പല ഘടകങ്ങളിൽ ഒന്നായി ഈ ‘നാടൻ ഭക്ഷണക്രമവും’ മാറിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *