രാജ്യത്തിനാകെ അഭിമാനമായി മാറിയിരിക്കുകയാണ് 12 വയസ്സുകാരിയായ കൊല്ലം സ്വദേശിനി നൗറീൻ അബ്സിൻ സനൂജ്. യുകെ ഈസ്റ്റ് റൈഡിങ് യോർക്ഷർ കൗൺസിലിലെ ആദ്യ യുവ മേയറായി ചരിത്രം കുറിച്ചിരിക്കുകയാണ് ഈ കൊച്ചുമിടുക്കി. യുവജനങ്ങളുടെ അഭിപ്രായങ്ങളും ആവശ്യങ്ങളും പ്രാദേശിക ഭരണസംവിധാനത്തിലെത്തിക്കുന്നതിനായി രൂപീകരിച്ച പുതിയ സംവിധാനത്തിന്റെ ഭാഗമായാണ് ഈ നിയമനം. സൗത്ത് ഹൻസ്ലി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് ഈ കൊച്ചുമിടുക്കി. മാടൻനട മിൻഷാ മൻസിലിൽ അബ്സിൻ സനൂജ് സെയ്ദ് മുഹമ്മദിന്റെയും ബെനീറ്റയുടെയും മകളാണ് നൗറീൻ.
ഒരു വർഷമാണ് മേയറുടെ കാലാവധി. കൊല്ലം സ്വദേശികളാണെങ്കിലും വർഷങ്ങളായി നൗറീന്റെ കുടുംബം ബ്രിട്ടണിലാണ് താമസം. നൗറീൻ മൂന്നാം ക്ലാസ് വരെ പഠിച്ചത് തൃശ്ശൂരിലെ ഡോൺ ബോസ്കോ സ്കൂളിലായിരുന്നു. നിലവിൽ യുകെയിലെ സൗത്ത് ഹൻസ്ലി സ്കൂളിലാണ് നൗറീൻ പഠിക്കുന്നത്.
നൗറിന്റെ ഒരു വർഷത്തെ മേയർ കാലയളവിൽ ഈ കൊച്ചുമിടുക്കി കൗൺസിൽ സംഘടിപ്പിക്കുന്ന ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കുകയും യുവജനങ്ങളെ ഭരണകൂടത്തിനു മുന്നിൽ പ്രിതിനിധീകരിക്കുകയും ചെയ്യും. യുവാക്കളുടെ അഭിപ്രായങ്ങൾ കേൾക്കുകയും ഭരണകൂടത്തിനും യുവാക്കൾക്കുമിടയിലുള്ള കണ്ണിയായി പ്രവർത്തിക്കുകയും ചെയ്യുക എന്നതാണ് ഈ കൊച്ചു മേയറുടെ ചുമതല.








Leave a Reply