Advertisement

സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം; അന്താരാഷ്ട്ര ഇടപെടൽ വേഗത്തിലാക്കാൻ അറബ് ലീഗിന്റെ ആഹ്വാനം

ജിദ്ദ: ഫലസ്തീൻ ജനതക്കെതിരായ അതിക്രമങ്ങളും കുറ്റകൃത്യങ്ങളും അടിയന്തരമായി അവസാനിപ്പിക്കാൻ ഇസ്രായേലിനുമേൽ സമ്മർദം ശക്തമാക്കണമെന്ന് ബ്രിട്ടനോടും അന്താരാഷ്ട്ര സമൂഹത്തോടും അറബ് ലീഗ് ആവശ്യപ്പെട്ടു.

കുപ്രസിദ്ധമായ ‘ബാൽഫർ പ്രഖ്യാപന’ ത്തിന്റെ 109ാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രത്യേക പ്രസ്താവനയിലാണ് അറബ് ലീഗ് ഇക്കാര്യം വ്യക്തമാക്കിയത്. സ്വന്തം മണ്ണിലും നിയമപരമായ അവകാശങ്ങളിലും ഉറച്ചുനിന്നുകൊണ്ട് ഫലസ്തീൻ ജനത നടത്തുന്ന സമാനതകളില്ലാത്ത ത്യാഗങ്ങളെയും അവരുടെ അചഞ്ചലമായ നിലപാടുകളെയും പ്രസ്താവനയിൽ അറബ് ലീഗ് ആദരവോടെ സ്മരിച്ചു.

അന്താരാഷ്ട്ര നിയമങ്ങൾക്കും പ്രമേയങ്ങൾക്കും ‘അറബ് സമാധാന സംരംഭ’ത്തിനും അനുസൃതമായി, കിഴക്കൻ ജറുസലേം തലസ്ഥാനമായി സ്വതന്ത്രവും പരമാധികാര വുമുള്ള ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്ന് അറബ് ലീഗ് ആവശ്യപ്പെട്ടു. ഫലസ്തീൻ ജനതയുടെ സ്വയം നിർണയാവകാശം അംഗീകരിക്കണമെന്നും നിയമവിരുദ്ധമായ ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കണമെന്നും പ്രസ്താവനയിലുണ്ട്.

മേഖലയിൽ ശാശ്വത സമാധാനം ഉറപ്പാക്കാൻ കിഴക്കൻ ജറുസലേം തലസ്ഥാനമായുള്ള ‘ടു-സ്റ്റേറ്റ് സൊല്യൂഷൻ’ (ദിരാഷ്ട്ര പരിഹാരം) നടപ്പിലാക്കുന്നതിനുള്ള നടപടികൾ അന്താരാഷ്ട്ര സമൂഹം വേഗത്തിലാക്കണം.

ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുക, ഫലസ്തീനികൾക്കെതിരെ അക്രമത്തിന് പ്രേരിപ്പിച്ച ഇസ്രായേൽ ഉദ്യോഗസ്ഥർക്ക് ഉപരോധം ഏർപ്പെടുത്തുക, അധിനിവേശ ഫ ലസ്തീൻ പ്രദേശങ്ങളിലെ നിയമവിരുദ്ധ കുടിയേറ്റ കേന്ദ്രങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങളുടെ ഇറക്കുമതി നിരോധിക്കുക തുടങ്ങിയ ബ്രിട്ടീഷ് ഗവൺമെന്റിന്റെ സമീപകാല നീക്കങ്ങളെ അറബ് ലീഗ് സ്വാഗതം ചെയ്തു.

ഫലസ്തീൻ ജനതയോട് ചരിത്രപരമായി കാണിച്ച അനീതി പരിഹരിക്കുന്നതിനുള്ള ക്രിയാത്മകമായ ചുവടുവെപ്പുകളായാണ് ഈ നടപടികളെ അറബ് ലീഗ് വിശേഷിപ്പിച്ചത്. പ്രഖ്യാപിച്ച ഈ നയങ്ങൾ പൂർണമായി നടപ്പിലാക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങൾ ബ്രിട്ടൻ വേഗത്തിൽ പൂർത്തിയാക്കണമെന്നും അറബ് ലീഗ് പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു.
…

Leave a Reply

Your email address will not be published. Required fields are marked *