Advertisement

ചൊവ്വാഴ്ച വരെ സൗദിയിൽ മഴക്ക്​ സാധ്യത; ജാഗ്രത നിർദേശം

റിയാദ്: സൗദിയുടെ വിവിധ മേഖലകളിൽ വെള്ളിയാഴ്ച മുതൽ ചൊവ്വാഴ്ച വരെ മിന്നലോടു കൂടിയ മഴക്ക്​ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സുരക്ഷിത സ്ഥലങ്ങളിൽ തുടരണമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് നിർദേശിച്ചു.

റിയാദ്​, മക്ക മേഖലകളിൽ മിതമായതോ ശക്തമായതോ ആയ മഴ ലഭിക്കും. മിന്നൽപ്രളയം, ആലിപ്പഴ വർഷം, ശക്തമായ കാറ്റ് എന്നിവക്ക്​ സാധ്യതയുണ്ട്. അഫീഫ്, അൽ ദവാദ്മി, ശഖ്റ, താദിഖ്, അൽ ഗാത്ത്, അൽ സുൽഫി, അൽ മജ്മഅ, റുമാഹ്, മറാത്ത് എന്നിവിടങ്ങളിലും മഴ ശക്തമാകാം.

റിയാദ് നഗരം, അൽ ഖുവയ്യ, അൽ റെയ്ൻ, ദുർമ, അൽ ഹരീഖ്, അൽ ഖർജ് എന്നിവിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കാണ് സാധ്യത. ജിസാൻ, അസീർ, അൽ ബാഹ, മദീന, ഹാഇൽ, ഖസീം, അൽ ജൗഫ്, നോർത്തേൺ ബോർഡേഴ്സ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലും മിതമായതോ ശക്തമായതോ ആയ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

വെള്ളക്കെട്ടുകളിൽ നിന്നും മലവെള്ളപ്പാച്ചിലുമുണ്ടാകാൻ സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിൽ നിന്നും താഴ്‌വരകളിൽ നിന്നും ജനങ്ങൾ വിട്ടുനിൽക്കണമെന്ന് സിവിൽ ഡിഫൻസ് നിർദേശിച്ചു. മഴവെള്ളത്തിൽ നീന്തുന്നതും ഒഴിവാക്കണം. ഔദ്യോഗിക മാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും നൽകുന്ന സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *