Advertisement

ഹോർമുസ് കടലിടുക്ക് അടഞ്ഞു തന്നെ, അമേരിക്കയുടെ അവകാശവാദങ്ങൾ തള്ളി ഇറാന്‍

തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കില്‍ അമേരിക്കക്ക് സമ്പൂര്‍ണ നിയന്ത്രണമുണ്ടെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദം ഇറാന്‍ തള്ളിക്കളഞ്ഞു. തങ്ങളുടെ വ്യവസ്ഥകള്‍ അംഗീകരിക്കുന്നതുവരെ ജലപാത അടഞ്ഞുകിടക്കുമെന്നും തുറക്കില്ലെന്നും ഇറാന്‍ വ്യക്തമാക്കി. ഹോര്‍മുസ് കടലിടുക്കില്‍ അമേരിക്ക സമ്പൂര്‍ണ നിയന്ത്രണം നിലനിര്‍ത്തുന്നതായും മേഖലയിലെ യു.എസ് നാവിക വിന്യാസം ഉരുക്ക് മതിലാണെന്നും ട്രംപ് ‘ട്രൂത്ത് സോഷ്യല്‍’ വഴി അവകാശപ്പെട്ടിരുന്നു. ഇറാന്റെ സൈനിക അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ന്നുവെന്നും മിഡില്‍ ഈസ്റ്റിന് ഇനി ഭീഷണിയില്ലെന്നുമായിരുന്നു ട്രംപിന്റെ അവകാശവാദം.
എന്നാല്‍ ഈ വാദങ്ങള്‍ പേര്‍ഷ്യന്‍ ഗള്‍ഫ് കടലിടുക്ക് അതോറിറ്റി എക്‌സിലൂടെ തള്ളി. കടലിടുക്ക് ഇപ്പോള്‍ അടഞ്ഞുകിടക്കുന്നില്ലെന്ന ട്രംപിന്റെ പ്രസ്താവന യാഥാര്‍ത്ഥ്യങ്ങളെ മാറ്റുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി. പുതിയതായി നിയമിതനായ ഇറാന്‍ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ തലവന്‍ മുഹ്‌സിന്‍ റെസായിയും ഇക്കാര്യം ആവർത്തിച്ചു.

ഇറാന്റെ പ്രധാന ആവശ്യങ്ങൾ:

അമേരിക്ക യുദ്ധവും ഉപരോധവും അവസാനിപ്പിക്കുക.
മരവിപ്പിച്ച ഇറാന്റെ ആസ്തികൾ റിലീസ് ചെയ്യുക
ലെബനോന്‍, ഗാസ എന്നിവയുള്‍പ്പെടെ മേഖലയില്‍ വ്യാപകമായ വെടിനിര്‍ത്തലിന് സമ്മതിക്കുക.

ആഗോള എണ്ണ വിപണിയില്‍ കടുത്ത സമ്മര്‍ദ്ദം
ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടിയതിന്റെ പ്രത്യാഘാതങ്ങള്‍ ആഗോള സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നതായി അന്താരാഷ്ട്ര ഊര്‍ജ ഏജൻസി (ഐ.ഇ.എ) റിപ്പോര്‍ട്ട് ചെയ്തു. 2026-ല്‍ ആഗോള എണ്ണ ഡിമാന്റ് പ്രതിദിനം 1.6 ദശലക്ഷം ബാരല്‍ തോതില്‍ കുറയും. ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളര്‍ കവിഞ്ഞതിന് ശേഷം നിലവില്‍ 90 ഡോളറിന് തൊട്ടുതാഴെയാണ് വ്യാപാരം നടക്കുന്നത്.

അതേസമയം, യു.എസ് ക്രൂഡ് ഓയില്‍ കരുതല്‍ ശേഖരം നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും താഴ്ന്ന നിലയായ 30 കോടി ബാരലില്‍ താഴെയായി കുറഞ്ഞത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. ഇന്ധന വില വര്‍ധനവും ഗതാഗത ചെലവുകളിലെ കുതിപ്പും ആഗോളതലത്തിൽ സാമ്പത്തിക വളർച്ചാ നിരക്കിനെ ബാധിച്ചിട്ടുണ്ട്. ഫെബ്രുവരിയിലെ സംഘര്‍ഷത്തിന് പിന്നാലെ ഐ.എം.എഫ് ആഗോള സാമ്പത്തിക വളര്‍ച്ചാ പ്രവചനം 3 ശതമാനമായി വെട്ടിച്ചുരുക്കിയിരുന്നു. സുപ്രധാനമായ ഹോർമുസ് ജലപാത വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയും ഇറാനും തമ്മില്‍ ഒരു കരാറിലെത്തുന്നത് മാത്രമാണ് നിലവിലെ ഊര്‍ജ വിപണിയിലെ പ്രതിസന്ധി പരിഹരിക്കാനുള്ള ഏകമാർഗം.

Leave a Reply

Your email address will not be published. Required fields are marked *