സൗദി അറേബ്യയിൽ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളുടേയും ഭൂമികളുടെയും ഉടമസ്ഥർക്കായി അനുവദിച്ചിട്ടുള്ള ഇളവ് കാലാവധി 45 ദിവസങ്ങൾക്കകം അവസാനിക്കും. ഒഴിഞ്ഞുകിടക്കുന്ന പ്രദേശം മതിൽകെട്ടുകയും മാലിന്യങ്ങൾ പൂർണമായും നീക്കം ചെയ്യുകയും വേണം. ബിസിനസ് രംഗത്തുള്ളവർക്കും ഭൂവുടമകൾക്കുമാണ് സൗദി മുനിസിപ്പൽ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
2026 സെപ്റ്റംബർ 26 ആണ് ഇളവ് അവസാനിക്കുന്ന അവസാന തീയതി. അതിനുമുമ്പ് അംഗീകൃത മുനിസിപ്പൽ നിബന്ധനകൾ പാലിച്ച് തങ്ങളുടെ ഭൂമിയുടെ അവസ്ഥ ക്രമീകരിക്കാൻ ഉടമസ്ഥരോട് മന്ത്രാലയം ആവശ്യപ്പെട്ടു. ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിലെ നിർമ്മാണ അവശിഷ്ടങ്ങൾ, മണ്ണ് എന്നിവ തള്ളൽ, അനധികൃത രീതിയിലുള്ള ഉപയോഗം തുടങ്ങിയ ലംഘനങ്ങൾ അവസാനിപ്പിക്കുകയാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഉത്തരവാദിത്തം ഭൂഉടമകൾക്കാണ്.
ഒപ്പം ഒഴിഞ്ഞുകിടക്കുന്ന ഭൂമികൾ വേലികെട്ടി മറയ്ക്കുകയും വേണം, ഇത്തരം പ്രവർത്തികൾ നഗരങ്ങളുടെയും ഗവർണറേറ്റുകളുടെയും സ്വാഭാവിക ഭംഗിയെ ബാധിക്കുന്നുണ്ട്. ഇതും പരിഹരിക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധനകൾ നടന്നുവരികയാണ്. നിലവിൽ വാണിങ് മാത്രമാണ് നൽകുന്നത്. മുന്നറിയിപ്പ് കാലാവധി കഴിഞ്ഞാൽ നിയമനടപടികളും പിഴയും നേരിടേണ്ടി വരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.









Leave a Reply