Advertisement

സൗദിയിലെ മോർച്ചറിയിൽ അനാഥമായി കിടന്ന മൃതദേഹം തിരിച്ചറിഞ്ഞു; ബന്ധുക്കളെ കണ്ടെത്തി കെ.എം.സി.സി

സൗദി അറേബ്യയിലെത്തി ദിവസങ്ങൾക്കകം മരിക്കുകയും ആരുമില്ലാതെ മോർച്ചറിയിൽ കഴിയുകയും ചെയ്ത ഉത്തർപ്രദേശ് ദിയോറിയ സ്വദേശി ഗുലാം മുസ്തഫയുടെ (35) മൃതദേഹം റിയാദ് കെ.എം.സി.സി വെൽഫെയർ വിങ്ങി​ന്റെ ഇടപെടലിലൂടെ സംസ്കരിച്ചു. കഴിഞ്ഞ ജൂലൈ 18-നാണ് ഗുലാം മുസ്തഫ തൊഴിൽ വിസയിൽ സൗദിയിൽ എത്തിയത്. എന്നാൽ ജൂലൈ 21-ന് അദ്ദേഹം മരിച്ചു. മരണത്തിൽ സംശയം തോന്നിയതിനെ തുടർന്ന് പൊലീസ് മൃതദേഹം ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. എന്നാൽ അന്വേഷിച്ചെത്താൻ ബന്ധുക്കളോ പരിചയക്കാരോ ഇല്ലാതിരുന്നതിനെ തുടർന്ന് മോർച്ചറി അധികൃതർ വിവരം ഇന്ത്യൻ എംബസിയെ അറിയിക്കുകയായിരുന്നു.

ജൂലൈ 30-ന് എംബസി ഈ വിഷയം റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ്ങിന് കൈമാറി. തുടർന്ന് വെൽഫെയർ വിങ് ജനറൽ കൺവീനർ റിയാസ് തിരൂർക്കാടിന്റെ നേതൃത്വത്തിൽ നടത്തിയ സമയോചിതമായ ഇടപെടലിലൂടെ, ഫോറൻസിക് പരിശോധനാ റിപ്പോർട്ട് ലഭിക്കുന്നതിന് മുമ്പ് തന്നെ പരേത​ന്റെ നാട്ടിലെ ബന്ധുക്കളെ കണ്ടെത്താൻ കഴിഞ്ഞു. വെൽഫെയർ വിങ്ങിന്റെ നിരന്തര ശ്രമ ഫലമായി ആഗസ്റ്റ്​ ആറിന് ഫോറൻസിക് റിപ്പോർട്ട് ലഭ്യമാവുകയും തുടർ നിയമനടപടികൾ വേഗത്തിൽ പൂർത്തിയാക്കുകയും ചെയ്തു.

നിയമപരമായ നടപടികൾ പൂർത്തിയായ ശേഷം അൽ രാജ്​ഹി പള്ളിയിൽ വെച്ച് മയ്യിത്ത് നമസ്കാരവും സംസ്കാര ശുശ്രൂഷകളും പൂർത്തിയാക്കി നസീം മഖ്ബറയിൽ ഖബറടക്കി. കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ജനറൽ കൺവീനർ റിയാസ് തിരൂർക്കാടി​ന്റെ നേതൃത്വത്തിൽ പ്രവർത്തകരായ നസീർ കണ്ണീരി, സലീം സിയാംകണ്ടം, ഇസ്ഹാഖ് താനൂർ, അബ്​ദുറഹ്​മാൻ ചേലമ്പ്ര, അനസ് പെരുവള്ളൂർ, ഹാഷിം കോട്ടക്കൽ, പരേതന്റെ സുഹൃത്ത് അൻവർ എന്നിവരാണ് ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ രംഗത്തുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *