Advertisement

സൗദിയിൽ പുകവലിക്കുന്നതിനുള്ള പ്രായപരിധി 18 ൽ നിന്ന് 21 ആക്കാൻ ശുപാർശ

സൗദി അറേബ്യയിൽ പുക വലിക്കുന്നതിനുള്ള നിയമപരമായ പ്രായപരിധി 18 ൽ നിന്ന് 21 ആയി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് കിങ് ഖാലിദ് ഫൗണ്ടേഷൻ. കുട്ടികളെ പുകയില ഉൽപന്നങ്ങളുടെ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനായാണ് ഫൗണ്ടേഷന്റെ ഈ നീക്കം. ഫൗണ്ടേഷൻ പുറത്തിറക്കിയ ‘ദി നെക്സ്റ്റ് ജനറേഷൻ ഓഫ് സൗദീസ്: ചൈൽഡ്ഹുഡ് ഇൻ ദി കിങ്ഡം ഓഫ് സൗദി അറേബ്യ’ എന്ന ഗവേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ആവശ്യം മുന്നോട്ടു വെച്ചിരിക്കുന്നത്. സൗദിയിലെ കുട്ടിക്കാലത്തെക്കുറിച്ചും കുട്ടികളും അവരുടെ രക്ഷിതാക്കളും നേരിടുന്ന വെല്ലുവിളികളെക്കുറിച്ചുമാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

കുട്ടികളെ ആകർഷിക്കുന്ന ഇ-സിഗരറ്റുകളുടെ വിൽപന പൂർണമായും നിരോധിക്കണമെന്നും ഒറ്റത്തവണ ഉപയോഗിച്ച് കളയുന്ന ഇ-സിഗരറ്റുകൾ കുട്ടികളിൽ ഏറെ ദോഷം ചെയ്യുമെന്നും ഒപ്പം പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. ഡിജിറ്റൽ സ്റ്റോറുകൾ, ഡെലിവറി ആപ്പുകൾ എന്നിവ വഴി പുകയില ഉൽപന്നങ്ങൾ വിൽക്കുന്നത് തടയണം. ഇതിനായി ട്രാൻസ്‌പോർട്ട് അതോറിറ്റി, മുൻസിപ്പാലിറ്റി ഭവന മന്ത്രാലയം, വാണിജ്യ മന്ത്രാലയം എന്നിവയുടെ നിലവിലെ നിബന്ധനകളിൽ ഭേദഗതി വരുത്തണമെന്നും ഫൗണ്ടേഷൻ സൂചിപ്പിച്ചു.

അതോടൊപ്പം ലൈസൻസുള്ള കടകളിൽ പുകയില ഉൽപന്നങ്ങൾ വാങ്ങാൻ എത്തുന്നവരുടെ പ്രായം കർശനമായി പരിശോധിക്കുകയും ഇതിനായി നാഷണൽ ഐഡി, റെസിഡൻസി പെർമിറ്റ്, പാസ്‌പോർട്ട് എന്നിവയിലൂടെ ജനനത്തീയതി ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് റിപ്പോർട്ടിൽ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *