Advertisement

സൗദി അറേബ്യയിലെ വർക്ക് പെർമിറ്റ് പുതുക്കാത്തവരെ ഒഴിവാക്കാൻ ക്വിവ; നടപടി ജൂലൈ ഒന്ന്​ മുതൽ

 

 

റിയാദ്: സൗദി അറേബ്യയിലെ മാനവശേഷി-സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലുള്ള ‘ക്വിവ’ (Qiwa) പ്ലാറ്റ്‌ഫോം വഴി, വർക്ക് പെർമിറ്റ് കാലാവധി കഴിഞ്ഞ തൊഴിലാളികളുടെ സ്​റ്റാറ്റസ് നിയമാനുസൃതമാക്കാൻ അനുവദിച്ച സമയപരിധി അവസാനിക്കാൻ ഇനി രണ്ടു ദിവസം മാത്രം ബാക്കി. തൊഴിലുടമകൾക്ക് തൊഴിലാളികളുടെ വർക്ക് പെർമിറ്റുകൾ പുതുക്കുന്നതിനോ, അതല്ലെങ്കിൽ സ്പോൺസർഷിപ്പ് മാറ്റുന്നതിനോ ഉള്ള അവസാന തീയതി നാളെ (ജൂൺ 30 ചൊവ്വാഴ്ച) ആണ്.
ജൂലൈ ഒന്ന്​ മുതൽ, വർക്ക് പെർമിറ്റ് കാലാവധി കഴിഞ്ഞ് മൂന്ന് മാസത്തിലധികമായ തൊഴിലാളികളെ തൊഴിലുടമയുടെ റെക്കോർഡുകളിൽ നിന്ന് നീക്കം ചെയ്യുന്നതിനുള്ള ഔദ്യോഗിക നടപടികൾ പ്ലാറ്റ്‌ഫോം ആരംഭിക്കും. ഒരു തൊഴിലാളിയുടെ വർക്ക് പെർമിറ്റ് കാലാവധി കഴിഞ്ഞ് മൂന്ന് മാസത്തിൽ കൂടുതലായാൽ, അവരെ അതത്​ തൊഴിൽ സ്ഥാപനത്തി​െൻറ റെക്കോർഡുകളിൽ നിന്ന് സിസ്​റ്റം സ്വയമേവ നീക്കം ചെയ്യുമെന്ന് ‘ക്വിവ’ വിശദീകരിച്ചു.
എന്നാൽ, കൃത്യമായ വർക്ക് പെർമിറ്റ് ഇല്ലാതെ തൊഴിലാളി ജോലി ചെയ്ത കാലയളവിലെ എല്ലാ സാമ്പത്തിക ബാധ്യതകൾക്കും (അതുവരെ കുടിശ്ശികയായ തുക) നീക്കം ചെയ്യുന്ന തീയതി വരെ തൊഴിലുടമ തന്നെ ഉത്തരവാദിയായിരിക്കും. അതിനാൽ നിശ്ചിത സമയപരിധിക്ക് മുൻപ് തൊഴിലാളികളുടെ സ്​റ്റാറ്റസ് ശരിയാക്കാൻ ആവശ്യമായ നടപടികൾ പൂർത്തിയാക്കണമെന്ന് ക്വിവ തൊഴിലുടമകളോട് അടിയന്തിരമായി ആവശ്യപ്പെട്ടു.
ഈ നടപടിക്രമത്തിൽ നിന്ന് തൊഴിലാളിയെ ഒഴിവാക്കുന്നതിനുള്ള ഒരു പ്രത്യേക സാഹചര്യവും പ്ലാറ്റ്‌ഫോം വ്യക്തമാക്കിയിട്ടുണ്ട്. വർക്ക് പെർമിറ്റി​െൻറ കാലാവധി തീരുന്ന തീയതിയും റെസിഡൻസി പെർമിറ്റി​െൻറ (ഇഖാമ) കാലാവധി തീരുന്ന തീയതിയും വ്യത്യസ്തമായിരിക്കുകയും, സ്ഥാപനത്തിന് വർക്ക് പെർമിറ്റ് പുതുക്കാൻ കഴിയാത്ത സാഹചര്യത്തിലും, ഇഖാമയ്ക്ക് കുറഞ്ഞത് 180 ദിവസത്തെ കാലാവധി ബാക്കിയുണ്ടെങ്കിൽ തൊഴിലാളിയെ റെക്കോർഡുകളിൽ നിന്ന് നീക്കം ചെയ്യില്ല.
എന്നാൽ, ഇഖാമയുടെ ബാക്കി കാലാവധി 180 ദിവസത്തിൽ താഴെയാണെങ്കിൽ, തുടർന്നുള്ള കടുത്ത നടപടികൾ ഒഴിവാക്കുന്നതിനായി തൊഴിലുടമ ഇഖാമയും വർക്ക് പെർമിറ്റും ഒരുപോലെ പുതുക്കേണ്ടതുണ്ട്. വർക്ക് പെർമിറ്റ് കാലാവധി കഴിഞ്ഞോ, അല്ലെങ്കിൽ കൃത്യമായ വർക്ക് പെർമിറ്റ് ഇല്ലാതെയോ മൂന്ന് മാസത്തിലധികമായി ജോലി ചെയ്യുന്ന പ്രവാസി ജീവനക്കാരുടെ രജിസ്ട്രേഷൻ അവരുടെ സ്ഥാപനങ്ങളുടെ റെക്കോർഡുകളിൽ നിന്ന് സ്വയമേവ റദ്ദാക്കപ്പെടുമെന്ന് ക്വിവ വീണ്ടും ഓർമിപ്പിച്ചു. സാധുവായ വർക്ക് പെർമിറ്റ് ഇല്ലാതെ ജീവനക്കാരൻ ജോലി ചെയ്ത കാലയളവിൽ കുടിശ്ശികയായ എല്ലാ ഫീസുകൾക്കും തൊഴിലുടമ മാത്രമായിരിക്കും ഉത്തരവാദി.
നിയമനടപടികളും അതുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതകളും ഒഴിവാക്കുന്നതിനായി, വർക്ക് പെർമിറ്റ് ഫീസ് കുടിശ്ശികകൾ പൂർണമായും തീർപ്പാക്കാനും, വർക്ക് പെർമിറ്റുകൾ പുതുക്കുകയോ സർവീസ് ട്രാൻസ്ഫർ ചെയ്യുകയോ ചെയ്തുകൊണ്ട് ബാധിക്കപ്പെട്ട ജീവനക്കാരുടെ സ്​റ്റാറ്റസ് എത്രയും വേഗം നിയമാനുസൃതമാക്കാനും ക്വിവ പ്ലാറ്റ്‌ഫോം എല്ലാ തൊഴിലുടമകൾക്കും നിർദ്ദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *