Advertisement

നിങ്ങളുടെ ഡ്രൈവിങ് സുരക്ഷിതമാണോ?’യുവർ പേഴ്സണാലിറ്റി ഓൺ റോഡ്’ ടെസ്റ്റ് അവതരിപ്പിച്ച് സൗദി

റോഡിലെ ഡ്രൈവർമാരുടെ പെരുമാറ്റം വിലയിരുത്തുന്നതിനായി ‘യുവർ പേഴ്സണാലിറ്റി ഓൺ റോഡ്’എന്ന പേരിൽ പുതിയൊരു ഇന്ററാക്ടീവ് ടെസ്റ്റ് അവതരിപ്പിച്ച് സൗദി ജനറൽ അതോറിറ്റി ഫോർ റോഡ്‌സ്. ഡ്രൈവർമാരുടെ റോഡിലെ പെരുമാറ്റ രീതികൾ തിരിച്ചറിയുക, ട്രാഫിക് സുരക്ഷാ നിയമങ്ങൾ അവർ എത്രത്തോളം പാലിക്കുന്നുണ്ടെന്ന് വിലയിരുത്തുക, സുരക്ഷിതമായ ഡ്രൈവിങ് ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാർ​ഗനിർദേശങ്ങൾ നൽകുക എന്നിവയാണ് ഈ ടെസ്റ്റിലൂടെ ലക്ഷ്യമിടുന്നത്. അതോറിറ്റിയുടെ റോഡ് സെക്ടർ പ്രോഗ്രാമിന്റെ ഭാഗമായാണ് ഈ പദ്ധതി.

ഡ്രൈവർമാർ റോഡിൽ നേരിടുന്ന സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയാണ് ടെസ്റ്റ് ചെയ്യുന്നത്. വേഗ പരിധി പാലിക്കൽ, കാൽനടയാത്രക്കാരോട് എങ്ങനെ പെരുമാറുന്നു, ആംബുലൻസ് പോലുള്ള അടിയന്തിര വാഹനങ്ങളോടുള്ള പ്രതികരണം, ട്രാഫിക് സമയത്തെ ഡ്രൈവിങ് രീതികൾ എന്നിവ ഇതിൽ പരിശോധിക്കപ്പെടും.

ട്രാഫിക് നിയമങ്ങൾ പൂർണമായി പാലിച്ച് റോഡിൽ തികഞ്ഞ ആത്മസംയമനത്തോടെയും പക്വതയോടെയും വണ്ടിയോടിക്കുന്നവർ, സാഹചര്യങ്ങൾക്കനുസരിച്ച് കൃത്യമായ തീരുമാനങ്ങളെടുക്കുന്ന സുരക്ഷിതമായ രീതിയിൽ ഡ്രൈവ് ചെയ്യുന്നവർ, എപ്പോഴും തിരക്കുകൂട്ടുന്ന അക്ഷമയോടെ വാഹനം ഓടിക്കുന്നവർ, എന്നിങ്ങനെ റോഡിലെ പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിൽ ഡ്രൈവർമാരെ മൂന്ന്വി ഭാ​ഗങ്ങളാക്കിയിട്ടുണ്ട്.

2030 ഓടെ റോഡപകടങ്ങൾ മൂലമുള്ള മരണ നിരക്ക് ഒരു ലക്ഷത്തിൽ അഞ്ചിൽ താഴെയായി കുറയ്ക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. റോഡുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മികച്ച രീതിയിൽ വികസിപ്പിക്കുന്നതിനൊപ്പം, ഡ്രൈവർമാരുടെ സുരക്ഷിതമായ ഡ്രൈവിങ് ശീലങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക വഴി മാത്രമേ ഈ ലക്ഷ്യം കൈവരിക്കാനാകൂ എന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *