Advertisement

ഒന്നല്ല, ഹോര്‍മുസിലൂടെ 5 കപ്പലുകള്‍; ട്രംപിന്‍റെ ബ്ലോക്ക് ‘സോഷ്യല്‍ മീഡിയയില്‍’ എന്ന് ഇറാന്‍; പരിഹാസം

ഹോര്‍മുസ് ഉപരോധിച്ചുവെന്നും കടലിടുക്ക് കടക്കാനോ പുറത്തേക്ക് വരാനോ ഒരു കപ്പലുകളെയും അനുവദിക്കില്ലെന്ന യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ‘പ്രഖ്യാപന’ത്തെ പരിഹസിച്ച് ഇറാന്‍. ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള അഞ്ച് കപ്പലുകളാണ് സുഗമമായി ഹോര്‍മുസിലൂടെ യാത്ര ചെയ്തത്.

കപ്പലുകളെ കത്തിച്ച് ചാമ്പലാക്കുമെന്നായിരുന്നു ട്രംപിന്‍റെ ഭീഷണി. യുഎസ് മുന്‍പ് ഉപരോധം ഏര്‍പ്പെടുത്തിയിരുന്ന കപ്പലുകളില്‍ മൂന്നെണ്ണമാണ് ഇന്നലെ ക്രൂഡ് ഓയിലുമായി ഹോര്‍മുസിലൂടെ കടന്നതെന്നതും ശ്രദ്ധേയമാണ്. 

‘പീസ് ഗള്‍ഫ്’ എന്ന പനാമയുടെ കൊടിയുള്ള മീഡിയം റേഞ്ച് ടാങ്കര്‍ ഇറാനില്‍ നിന്ന് യുഎഇയിലെ ഹമിറിയ തുറമിഖത്തിലേക്കാണ് ഇന്നലെ പോയത്. ഇറാനിയന്‍ നാഫ്തയാണ് ഇതിനുള്ളിലുണ്ടായിരുന്നത്. മഡഗാസ്കറിന്‍റെ കൊടിയുള്ള ‘മുര്‍ലികിഷന്‍’  ഇറാഖിലേക്കും പോയി. മുന്‍പ് റഷ്യന്‍, ഇറാനിയന്‍ ക്രൂഡ് ഓയിലുകള്‍ കൊണ്ടുവന്നിരുന്ന കപ്പലാണിത്. ലൈബീരിയയുടെ കൊടിയുള്ള ‘എല്‍പിസ്’ എന്ന കപ്പലാണ് ഹോര്‍മുസ് കടന്ന മറ്റൊരെണ്ണം. ഇറാനിലെ ബുഷെഹര്‍ തുറമുഖത്ത് നിന്നുമാണ് എല്‍പിസ് യാത്ര തുടങ്ങിയത്. കപ്പലുകളുടെ യാത്രയ്ക്ക് യുഎസ് നേവി ഒരു തടസവും സൃഷ്ടിച്ചില്ലെന്നതാണ് വാസ്തവം.

ഉപരോധത്തെ തങ്ങള്‍ വകവയ്ക്കുന്നില്ലെന്ന് വ്യക്തമാക്കിയ ചൈന അവരുടെ റിച്ച് സ്റ്റാറിയെന്ന കപ്പല്‍ ഇന്നലെ ഹോര്‍മുസിലൂടെ കൊണ്ടുപോയിരുന്നു.  കെപ്​ലര്‍, മറീന്‍ ട്രാഫിക് എന്നീ ഷിപ് ട്രാക്കിങ് ഡേറ്റ സൈറ്റുകളിലും ഹോര്‍മുസിലൂടെ കപ്പലുകള്‍ സഞ്ചരിച്ചത് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഉപരോധം ആരംഭിച്ച ശേഷം ഇറാന്‍ ബന്ധമുള്ള ഒരു കപ്പലും ഹോര്‍മുസ് കടന്നിട്ടില്ലെന്നാണ് യുഎസ് സൈന്യത്തിന്‍റെ അവകാശവാദം. 

കപ്പലുകള്‍ സുഗമമായി ഹോര്‍മുസിലൂടെ പോയതിന് പിന്നാലെ ട്രംപിനെ കണക്കറ്റ് പരിഹസിച്ച് ഇറാന്‍ രംഗത്തെത്തി. സമൂഹമാധ്യമത്തില്‍ പോസ്റ്റിടുന്നത് പോലെ എളുപ്പമല്ല ഹോര്‍മുസിലെ കാര്യങ്ങളെന്നും സമൂഹമാധ്യമത്തില്‍ ബ്ലോക്ക് ചെയ്ത് കളിക്കുന്നത് പോലയല്ലെന്ന് ട്രംപ് മനസിലാക്കണമെന്നും ഇറാന്‍ പറയുന്നു.

‘ആരെങ്കിലും നിങ്ങളെ ബ്ലോക്ക് ചെയ്താല്‍ പോയി തിരിച്ച് ബ്ലോക്ക് ചെയ്യാന്‍ ഹോര്‍മുസ് കടലിടുക്ക് സോഷ്യല്‍ മീഡിയ അല്ല’ എന്നായിരുന്നു ഹൈദരാബാദിലെ എംബസിയുടെ എക്സ് ഹാന്‍ഡിലില്‍ഇറാന്‍ കുറിച്ചത്. ഇത് അതിവേഗം വൈറലാകുകയും ചെയ്തു.  ട്രംപ് അമേരിക്കന്‍ ജനതയെ മുഴുവന്‍ ലോകത്തിന് മുന്നില്‍ നാണംകെടുത്തുകയാണെന്നും പലരും എക്സില്‍ കുറിച്ചു. ഇതാദ്യമായല്ല, ഇറാന്‍റെ വിവിധ രാജ്യങ്ങളിലെ എംബസികള്‍ അവരുടെ എക്സ് ഹാന്‍ഡിലിലൂടെ ട്രംപിനെ ട്രോളുന്നത്.

ഇസ്‍ലാമാബാദില്‍ നടന്ന ആദ്യ സമാധാന ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ഹോര്‍മുസ് യുഎസ് ഉപരോധിക്കുകയാണെന്ന് ട്രംപ് പ്രഖ്യാപിച്ചത്. പിന്നാലെ 15 യുദ്ധക്കപ്പലുകളും എഫ് 35 ഉള്‍പ്പടെയുള്ള വിമാനങ്ങളും പ്രദേശത്തേക്ക് യുഎസ് സൈന്യം വിന്യസിക്കുകയും ചെയ്തു. ഇതൊക്കെ വകവയ്ക്കാതെയാണ് ഹോര്‍മുസിലൂടെ ഇറാനിലേക്കും തിരിച്ചും കപ്പലുകളുടെ സഞ്ചാരം.

Leave a Reply

Your email address will not be published. Required fields are marked *