ജിദ്ദ: സാമ്പത്തിക ബാധ്യതയിൽ കുരങ്ങി യാത്രാവിലക്ക് നേരിട്ടതിന് പുറമേ, പക്ഷാഘാതം കൂടി ബാധിച്ച് ജിദ്ദയിലെ അഭയകേന്ദ്രത്തിൽ ദുരിതജീവിതം നയിക്കുകയായിരുന്ന ഹൈദരാബാദ് സ്വദേശിക്ക് നാട്ടിലേക്ക് മടങ്ങാൻ വഴി ഒരുങ്ങി. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ ഇടപെടലിലാണ് ഹൈദരാബാദ് സ്വദേശി മുഹമ്മദ് അബ്ദുൽ അലീമിനെ (56) തേടി ആശ്വാസവിവരം എത്തിയത്. എന്തുചെയ്യണമെന്ന് അറിയാതെ ജിദ്ദയിലെ ‘വഖഫ് ദാറകും’ എന്ന അഭയകേന്ദ്രത്തിൽ കഴിയുകയായിരുന്ന മുഹമ്മദ് അബ്ദുൽ അലീമിന്റെ ദയനീയാവസ്ഥ ശ്രദ്ധയിൽപ്പെട്ട ഉടനെ എം.എ യൂസഫലി അടിയന്തരമായി ഇടപ്പെട്ടതോടെയാണ് യാത്രാകുരുക്കിൽ നിന്ന് മോചനമായത്.
15 വർഷത്തിലേറെയായി സൗദി അറേബ്യയിൽ സെയിൽസ് മാനായി ജോലി ചെയ്യുകയായിരുന്ന മുഹമ്മദ് അബ്ദുൽ അലീം നേരത്തെ, ഇഎംഐ അടവിൽ ഒരു കാർ വാങ്ങിയിരുന്നു. അടവ് അടച്ചുപോകുന്നതിനിടെയാണ് മുഹമ്മദ് അബ്ദുൽ അലീമിന്റെ ഭാര്യക്ക് കടുത്ത രോഗമാണെന്ന വിവരം അറിയുന്നതും അടിയന്തരമായി നാട്ടിലേക്ക് തിരിക്കേണ്ടി വന്നതും. നിർഭാഗ്യവശാൽ നാട്ടിലെത്തിയതിന് പിന്നാലെ ഭാര്യ മരണപ്പെടുകയും, ആ ആഘാതത്തിൽ അലീമിന് കൃത്യസമയത്ത് സൗദിയിലേക്ക് മടങ്ങിയെത്താൻ സാധിക്കാതെ വരികയും ചെയ്തു. പിന്നീട് മൂന്ന് വർഷം മുൻപ് പുതിയ വിസയിൽ ഹൗസ് ഡ്രൈവറായി അദ്ദേഹം വീണ്ടും സൗദിയിൽ എത്തിയെങ്കിലും പഴയ കാർ കണ്ടെത്താൻ സാധിച്ചില്ല. ഇതിനിടെ കാറിന്റെ കുടിശ്ശിക വരുത്തിയ വലിയ സാമ്പത്തിക ബാധ്യത കാരണം ഇദ്ദേഹത്തിന് മേൽ കോടതി യാത്രാവിലക്ക് (ട്രാവൽ ബാൻ) ഏർപ്പെടുത്തിയിരുന്നു. ഇതിനിടയിലാണ് അലീമിന് പക്ഷാഘാതം സംഭവിക്കുന്നത്. ശരീരത്തിന്റെ ഒരു വശം തളർന്ന് ഗുരുതരാവസ്ഥയിലായ ഇദ്ദേഹം ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ഡിസ്ചാർജിന് സമയമായപ്പോഴും ഏറ്റെടുക്കാൻ ആളില്ലാത്തതിനാൽ ആശുപത്രിയുടെ നിർദേശപ്രകാരം അലീമിനെ ‘വഖഫ് ദാറകും’ എന്ന അഭയകേന്ദ്രം ഏറ്റെടുക്കുകയായിരുന്നു.
ഈ വിവരം ശ്രദ്ധയിൽപ്പെട്ട ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ യൂസഫലി ഉടൻ തന്നെ ഇടപെട്ടു. വാഹനം വാങ്ങിയ വകയിൽ കമ്പനിക്ക് അടച്ചുതീർക്കാനുണ്ടായിരുന്ന മുഴുവൻ തുകയും എം.എ യൂസഫലി അടച്ചുതീർത്തു. കൂടാതെ, യാത്രാവിലക്ക് ഒഴിവാക്കാൻ ആവശ്യമായ നിയമനടപടികൾ യൂസഫലിയുടെ നിർദേശപ്രകാരം ലുലു ഗ്രൂപ്പ് പ്രതിനിധികൾ വേഗത്തിൽ പൂർത്തിയാക്കുകയും ചെയ്തു.
യൂസുഫലിയുടെ പ്രത്യേക നിർദേശപ്രകാരം ലുലു സൗദി ഡയറക്ടർ മുഹമ്മദ് ഹാരിസ് വഖഫ് ദാറുകും അഭയകേന്ദ്രം സന്ദർശിച്ച് അലീമിനെ കണ്ടു. അലീമിനും അദ്ദേഹത്തോടൊപ്പം യാത്ര ചെയ്യുന്ന സഹായിക്കുമുള്ള വിമാന ടിക്കറ്റുകളും ലുലു ഗ്രൂപ്പ് കൈമാറി. ഇന്ത്യൻ കോൺസുലേറ്റിന്റെ ഭാഗത്തുനിന്നും വലിയ പിന്തുണയാണ് ലഭ്യമായത്. കോൺസുലേറ്റ് ഇദ്ദേഹത്തിന് എമർജൻസി സർട്ടിഫിക്കറ്റ് അനുവദിക്കുകയും ഫൈനൽ എക്സിറ്റ് അടക്കമുള്ള നടപടികൾ വേഗത്തിലാക്കുകയും ചെയ്തു. എല്ലാ നിയമനടപടികളും പൂർത്തിയായി കഴിഞ്ഞ ദിവസം അദ്ദേഹം ജന്മനാട്ടിലേക്ക് തിരിച്ചു. നാട്ടിലേക്ക് മടങ്ങാൻ വഴിയൊരുക്കിയ എം.എ യൂസഫലിക്ക് കണ്ണീരോടെ നന്ദി പറയുകയാണ് മുഹമ്മദ് അബ്ദുൽ അലീം.
നടപടിക്രമങ്ങൾക്കായി അവസാനം വരെ കൂടെയുണ്ടായിരുന്ന ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സാമൂഹിക ക്ഷേമ വിഭാഗം അംഗം ഷമീർ നദ്വിയും അലീമിനോടൊപ്പം യാത്ര ചെയ്യുന്നുണ്ട്. ലുലു റീജ്യണൽ ഡയറക്ടർ അബ്ദുസലാം, ലുലു പ്രതിനിധി അബ്ദുൽ മജീദ് എന്നിവരും നടപടികൾക്കായി കൂടെയുണ്ടായിരുന്നു.








Leave a Reply