Advertisement

പാൻ കാർഡ് സ്റ്റാറ്റസ് എൻ.ആർ.ഐ ആക്കിയില്ലേ? ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യാൻ ഇനി രണ്ട് ദിവസം മാത്രം

പ്രവാസിയാണോ നിങ്ങള്‍? ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന്റെ തിരക്കുകളിലാണോ? എങ്കില്‍ നിങ്ങളുടെ റെസിഡന്‍ഷ്യന്‍ സ്റ്റാറ്റസ് പാന്‍ കാര്‍ഡില്‍ NRI എന്ന് രേഖപ്പെടുത്തിയിട്ടുണ്ടോ, പാന്‍ കാര്‍ഡ് പ്രവര്‍ത്തനക്ഷമമാണോ എന്ന് ഉറപ്പ് വരുത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം. കാരണം, ITR ഫയല്‍ ചെയ്യുന്നതിന്റെ അവസാന തിയ്യതി ഈ മാസം 31ന് അവസാനിക്കും.

നിങ്ങള്‍ വിദേശത്തേക്ക് മാറിയതുകൊണ്ട് മാത്രം പാന്‍ ഡാറ്റാബേസില്‍ നിങ്ങളുടെ സ്റ്റാറ്റസ് ‘NRI’ ആകില്ല. പാന്‍ കാര്‍ഡുമായി ലിങ്ക് ചെയ്തിരിക്കുന്ന വ്യക്തിഗത വിവരങ്ങളിലും റെസിഡന്‍ഷ്യല്‍ സ്റ്റാറ്റസിലും മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. എന്നാല്‍ PAN നമ്പറില്‍ മാറ്റമുണ്ടാകില്ല. അത് ഏത് സമയത്തും ഒന്ന് തന്നെയായിരിക്കും.

പാനും ആധാറും ലിങ്ക് ചെയ്യാത്തവരുടെ PAN കാര്‍ഡുകള്‍ 2023 ജൂലൈ 1 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തനരഹിതമാക്കിയിരുന്നു. എന്നാല്‍ ഇന്ത്യയിലെ ആദായ നികുതി നിയമപ്രകാരം പ്രവാസികള്‍ക്ക് പാന്‍-ആധാര്‍ ലിങ്കിംങ് നിര്‍ബന്ധമല്ല. അതേസമയം, ആദായ നികുതി വകുപ്പിന്റെ ഡാറ്റാബേസില്‍ നോണ്‍ റെസിഡന്റ് സ്റ്റാറ്റസ് കൃത്യമായി രേഖപ്പെടുത്താത്തത് മൂലം പല പ്രവാസികളുടെയും പാന്‍ കാര്‍ഡുകള്‍ ഇന്‍ഓപ്പറേറ്റീവ് ആയി മാറിയിട്ടുണ്ട്.

മുന്‍പത്തെ മൂന്ന് അസസ്മെന്റ് വര്‍ഷങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ നോണ്‍ റെസിഡന്റായി ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിച്ചവരുടെയോ അല്ലെങ്കില്‍ Jurisdictional Assessing ഓഫീസറെ വിവരമറിയിച്ചവരുടെയോ NRI സ്റ്റാറ്റസ് നികുതി വകുപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇതില്‍പ്പെടാത്ത പ്രവാസികളോട് തങ്ങളുടെ റെസിഡന്‍ഷ്യല്‍ സ്റ്റാറ്റസ് വിവരങ്ങളും തെളിവുകളും Assessing ഓഫീസര്‍ക്ക് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

PAN ഇൻഓപ്പറേറ്റീവ് ആയാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ

PAN പ്രവര്‍ത്തനരഹിതമായാല്‍ അത് റദ്ദാക്കപ്പെട്ടു എന്ന് അര്‍ത്ഥമില്ല. അപ്പോഴും നിങ്ങള്‍ക്ക് ITR ഫയല്‍ ചെയ്യാന്‍ കഴിയും.

പക്ഷേ നികുതി റീഫണ്ടുകളും അതിനുള്ള പലിശയും ലഭിക്കുന്നത് തടഞ്ഞുവെക്കപ്പെടുകയും, ബാങ്ക് ഇടപാടുകള്‍ക്കും വരുമാനങ്ങള്‍ക്കും ഉയര്‍ന്ന നിരക്കില്‍ ടിഡിഎസ്, ടിസിഎസ് എന്നിവ ഈടാക്കുകയും, ബാങ്കുകള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ എന്നിവയിലെ KYC പരിശോധനകള്‍ക്ക് കാലതാമസം ഉണ്ടാവുകയും ചെയ്യും.

അതേസമയം, പാന്‍ കാര്‍ഡ് ഒരു വ്യക്തിയുടെ ടാക്‌സ് റെസിഡന്‍സി നിശ്ചയിക്കുന്നില്ല. ഓരോ സാമ്പത്തിക വര്‍ഷവും ഇന്ത്യയില്‍ തങ്ങിയ ദിവസങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് കണക്കാക്കുന്നത്. അല്ലാതെ, വിദേശത്ത് ജോലി ചെയ്യുന്നത് കൊണ്ടോ വിദേശ വിസ ഉള്ളത് കൊണ്ടോ മാത്രം ഒരാള്‍ നികുതി നിയമപ്രകാരം NRI ആകണമെന്നില്ല.

PAN സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കാം?

ആദായ നികുതി വകുപ്പിന്റെ ഇ-ഫയലിംഗ് പോര്‍ട്ടല്‍ സന്ദര്‍ശിച്ചാണ് പാന്‍ വെരിഫൈ ചെയ്യാനാകുക. വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത ശേഷം പാന്‍ കാര്‍ഡ് പ്രവര്‍ത്തനക്ഷമമാണോ എന്ന് നോക്കുക. പാന്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്നും പ്രൊഫൈലിലെ റെസിഡന്‍ഷ്യല്‍ സ്റ്റാറ്റസും പരിഷോധിക്കുക. അടുത്തിടെ സമര്‍പ്പിച്ച ഐ.ടി.ആറിലെ റെസിഡന്‍ഷ്യല്‍ സ്റ്റാറ്റസും ഇതിലൂടെ പരിശോധിച്ച് ഉറപ്പുവരുത്താനാകും. പാന്‍ ഓപ്പറേറ്റീവ് ആണെങ്കില്‍ പ്രത്യേകമായി മാറ്റങ്ങള്‍ വരുത്തേണ്ടതില്ല.

NRI സ്റ്റാറ്റസ് എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം?

എന്നാല്‍ പാന്‍ ഇന്‍ഓപ്പറേറ്റീവ് ആയിട്ടുണ്ടെങ്കില്‍ Jurisdictional Assessing ഓഫീസറെ ബന്ധപ്പെട്ട് നിങ്ങള്‍ക്ക് ‘NRI’ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്. ഇതിനായി ആദ്യം ടാക്‌സ് പോര്‍ട്ടലിലെ Know Your AO സര്‍വീസ് വഴി Assessing ഓഫീസറെ കണ്ടെത്തണം. തുടര്‍ന്ന് പാന്‍ കോപ്പി, പാസ്പോര്‍ട്ട് കോപ്പി, വിസ, വിദേശത്ത് താമസിച്ചതിന്റെ തെളിവ്, വിദേശ പൗരത്വ രേഖ, എന്നിവ സമര്‍പ്പിച്ച് അപേക്ഷ നല്‍കാം.

Leave a Reply

Your email address will not be published. Required fields are marked *