Advertisement

ജിദ്ദ എയര്‍പോര്‍ട്ടില്‍ ഇനി ജവാസാത്ത് കൗണ്ടറുകളിൽ കാത്തു നില്‍ക്കേണ്ടതില്ല

ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ യാത്രക്കാര്‍ക്ക് ഇനി മുതല്‍ ജവാസാത്ത് കൗണ്ടറുകള്‍ക്കു മുന്നില്‍ ക്യൂവില്‍ കാത്തുനില്‍ക്കേണ്ടതില്ല. വിമാനത്താവളത്തില്‍ 70 ഇ-ഗെയ്റ്റുകള്‍ പ്രവര്‍ത്തന സജ്ജമായി. മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ സൗദ് ബിന്‍ മിശ്അല്‍ രാജകുമാരന്‍ വിമാനത്താവളത്തിലെ ഇ-ഗെയ്റ്റ് സേവനം ഉദ്ഘാടനം ചെയ്തു. യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന തരത്തിൽ മനുഷ്യ ഇടപെടലുകളില്ലാതെ യാത്രാ നടപടിക്രമങ്ങള്‍ യാന്ത്രികമായി പൂര്‍ത്തിയാക്കുന്ന 70 ഗെയ്റ്റുകളാണ് ജിദ്ദ എയര്‍പോര്‍ട്ടില്‍ സ്ഥാപിച്ചിരിക്കുന്നത്. ജവാസാത്ത് ഡയറക്ടറേറ്റ്, മാതാറാത്ത് ഹോള്‍ഡിംഗ് കമ്പനി, സൗദി ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ഇ-ഗെയ്റ്റ് സേവനം ആരംഭിച്ചിരിക്കുന്നത്.

യാത്രാ നടപടിക്രമങ്ങള്‍ വേഗത്തിലും സുരക്ഷിതമായും സ്വയം പൂര്‍ത്തിയാക്കാന്‍ യാത്രക്കാരെ പ്രാപ്തരാക്കാനും ആധുനിക സാങ്കേതികവിദ്യകളും നിര്‍മിത ബുദ്ധിയും ഉപയോഗിച്ച് യാത്രാ നടപടിക്രമങ്ങള്‍ സുഗമമാക്കാനും ത്വരിതപ്പെടുത്താനുമാണ് ഇ-ഗെയ്റ്റ് സേവനത്തിലൂടെ ലക്ഷ്യമിടുന്നത്. സമയവും അധ്വാനവും ലാഭിക്കാന്‍ പുതിയ സേവനം യാത്രക്കാരെയും ബന്ധപ്പെട്ട വകുപ്പുകളെയും സഹായിക്കുന്നു. വിഷന്‍ 2030 ലക്ഷ്യങ്ങളുടെ ഭാഗമായി വ്യോമയാന മേഖലാ സേവനങ്ങള്‍ വികസിപ്പിക്കാനും കാര്യക്ഷമതാ നിലവാരം ഉയര്‍ത്താനും യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്താനും സ്മാര്‍ട്ട് സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തി ദേശീയ വ്യോമയാന തന്ത്രം ലക്ഷ്യങ്ങള്‍ കൈവരിക്കാനും ഇ-ഗെയ്റ്റ് സേവനം സഹായിക്കും.

 

സേവനം എവിടെയെല്ലാം

വിമാനത്താവളത്തില്‍ ഒന്നാം നമ്പര്‍ ടെര്‍മിനലിനും എക്‌സിക്യൂട്ടീവ് ഓഫീസുകള്‍ക്കുമിടയിലാണ് 70 ഇ-ഗെയ്റ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഓരോ ഗെയ്റ്റിലും പ്രതിദിനം 2,500 യാത്രക്കാരുടെ വരെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ദിവസേന ഒന്നേമുക്കാല്‍ ലക്ഷം യാത്രക്കാര്‍ക്ക് സേവനം നല്‍കാന്‍ ഇ-ഗെയ്റ്റുകളിലൂടെ ജിദ്ദ എയര്‍പോര്‍ട്ടിന് കഴിയും. പാസ്പോര്‍ട്ടും മുഖത്തിന്റെ ചിത്രവും സ്‌കാന്‍ ചെയ്ത് യാത്രക്കാരന്റെ ഐഡന്റിറ്റി പരിശോധിക്കാനുള്ള കഴിവാണ് ഇ-ഗെയ്റ്റുകളുടെ സവിശേഷത. ഇത് നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനും പ്രവര്‍ത്തന പ്രക്രിയകളുടെ കാര്യക്ഷമത മെച്ചപ്പെടുത്താനും സഹായിക്കുന്നു.

സൗദിയില്‍ ഇ-ഗെയ്റ്റ് സേവനം നിലവില്‍വരുന്ന മൂന്നാമത്തെ വിമാനത്താവളമാണ് ജിദ്ദ എയര്‍പോര്‍ട്ട്. റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും നിയോം ബേ എയര്‍പോര്‍ട്ടിലുമാണ് ഇ-ഗെയ്റ്റ് സേവനം ഇതിനു മുമ്പ് വിജയകരമായി ആരംഭിച്ചത്. യാത്രാനുഭവം മെച്ചപ്പെടുത്താനും ഗതാഗത, ലോജിസ്റ്റിക് സേവനങ്ങള്‍ക്കുള്ള ആഗോള കേന്ദ്രമെന്ന നിലയില്‍ സൗദി അറേബ്യയുടെ സ്ഥാനം ശക്തമാക്കാനും സഹായിക്കുന്ന നൂതന സേവനങ്ങള്‍ നല്‍കുന്നതിനുള്ള നൂതനാശയങ്ങളോടുള്ള വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രതിബദ്ധതയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.

ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് അല്‍ദുഅയ്‌ലിജ്, സൗദി ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റിക്കു കീഴിലെ നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. ഉസാം അല്‍വഖീത്ത്, സൗദി ജവാസാത്ത് മേധാവി മേജര്‍ ജനറല്‍ ഡോ. സ്വാലിഹ് അല്‍മുറബ്ബ, മതാറാത്ത് ഹോള്‍ഡിംഗ് കമ്പനി സി.ഇ.ഒ റാഇദ് അല്‍ഇദ്‌രീസി, ജിദ്ദ എയര്‍പോര്‍ട്ട്‌സ് കമ്പനി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ എന്‍ജിനീയര്‍ റാഇദ് അല്‍മുദൈഹിം, ജിദ്ദ എയര്‍പോര്‍ട്ട്‌സ് കമ്പനി സി.ഇ.ഒ എന്‍ജിനീയര്‍ മാസിന്‍ ജൗഹര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *