Advertisement

കനത്ത മഴ; ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴ; ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

 

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ സ്കൂളുകൾ, മദ്രസകൾ, ട്യൂഷൻ സെന്റററുകൾ, പ്രഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. ചെങ്ങന്നൂർ, കുട്ടനാട് താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളിലും മറ്റും ശക്തമായ മഴ പെയ്യുന്നതിനാലും തുടർന്നും മഴ പ്രതീക്ഷിക്കുന്നതിനാലും വെള്ളക്കെട്ടുള്ളതിനാലും ജില്ലയിലെ സ്കൂളുകൾ, മദ്രസകൾ, ട്യൂഷൻ സെന്റററുകൾ, പ്രഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. ഓൺലൈൻ ക്ലാസുകൾ നടത്തുന്നതിന് ഈ അവധി ബാധകമല്ല.

 

ആലപ്പുഴ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധിയാണ്. ചെങ്ങന്നൂർ, കുട്ടനാട് താലൂക്കുകളിലെ പ്രഫഷനൽ കോളജുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ തുടങ്ങിയവ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കലക്ടർ ഷാജി വി. നായർ അവധി പ്രഖ്യാപിച്ചത്.

കനത്ത മഴയും വിവിധ മേഖലകളിലെ പ്രളയവും കണക്കിലെടുത്ത് പത്തനംതിട്ട ജില്ലയിൽ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് പത്തനംതിട്ട ജില്ലാ കലക്ടർ അറിയിച്ചു.

പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് കണ്ണൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കലക്ടർ പി. വിഷ്ണുരാജ് അവധി പ്രഖ്യാപിക്കുകയായിരുന്നു. ട്യൂഷൻ സെന്ററുകൾ, മദ്രസകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.

ഞായറാഴ്ച 12 ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട മുതൽ കാസർകോട് വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഞ്ഞ അലെർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഈ രണ്ട് ജില്ലകളിൽ നേരത്തേ മഴ മുന്നറിയിപ്പില്ലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *