സൗദി അറേബ്യയിൽ മലയാളികളെ ലക്ഷ്യമിട്ട് ആരംഭിച്ച ഓൺലൈൻ തട്ടിപ്പിൽ പണം നഷ്ടപ്പെട്ടവർ പരാതികൾ നൽകിത്തുടങ്ങി. ഇന്ത്യൻ എംബസിയിലും സൗദി സെൻട്രൽ ബാങ്കിലുമാണ് പരാതികൾ നൽകിയത്. മലയാളികൾ അടങ്ങുന്ന തട്ടിപ്പ് സംഘത്തിന്റെ വലിയ നൂറുകണക്കിന് മലയാളികൾ ആണ് കുടുങ്ങിയത്. അര ശതമാനം പലിശക്ക് പണം വാഗ്ദാനം ചെയ്തായിരുന്നു പ്രവാസികളെ വലയിലാക്കിയത്. സമൂഹ മാധ്യമങ്ങളിലൂടെയാണ് തട്ടിപ്പ് സംഘം ഇരകളെ കണ്ടെത്തിയിരുന്നത്. വാട്സ്ആപ്പ് വഴിയാണ് ബന്ധപ്പെട്ടിരുന്നത്. 10,000 റിയാൽ മുതൽ അഞ്ച് ലക്ഷം റിയാൽ വരെ കുറഞ്ഞ പലിശയിൽ വായ്പ നൽകാമെന്നാണ് പറഞ്ഞിരുന്നത്. ഒരാഴ്ച മുമ്പ് മീഡിയവൺ തട്ടിപ്പിനെ കുറിച്ച് വാർത്ത നൽകിയതിനെ തുടർന്നാണ് പ്രവാസികൾ കൂടുതലായി പരാതികൾ നൽകിത്തുടങ്ങിയത്.
ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്യം ചെയ്യുകയും തുടർന്ന് വാട്സ്ആപ്പിലൂടെ ബന്ധപ്പെട്ടുമാണ് പ്രവാസികളെ ഇരകളാക്കിയത്. പ്രോസസിങ് ഫീ, വാറ്റ് തുടങ്ങി വിവിധ കാരണങ്ങൾ പറഞ്ഞാണ് പണം തട്ടിയത്. 350 റിയാൽ മുതൽ 7000 റിയാൽ വരെയാണ് പലർക്കും നഷ്ടപ്പെട്ടത്. 10,000 റിയാലിന് മുകളിൽ നഷ്ടപ്പെട്ടവരുമുണ്ട്.
ബാങ്കിന്റെ രീതിയിൽ തന്നെയായിരുന്നു തട്ടിപ്പ് സംഘത്തിന്റെ പ്രവർത്തനമെന്നതിനാൽ സാധാരണ പ്രവാസികൾ ഇവരെ വിശ്വസിച്ചത്. മലയാളികളാണ് ഇരകളെ കൂടുതലായും ബന്ധപ്പെട്ടിരുന്നത്. മലയാളികൾ തന്നെ സംസാരിച്ചതും വിശ്വാസം വർധിക്കാൻ കാരണമായി. മറ്റൊരു രാജ്യത്തെ ബാങ്ക് കുറഞ്ഞ നിരക്കിൽ വായ്പ നൽകുകയാണെന്നായിരുന്നു പറഞ്ഞത്. ഇത്തരത്തിൽ വിശ്വാസം നേടിയെടുത്ത് ആദ്യം പ്രോസസിങ് ഫീ ഈടാക്കും. തുടർന്ന് വാറ്റ് എന്ന് പറഞ്ഞ് വീണ്ടും പണം അടക്കാൻ ആവശ്യപ്പെടും. ഈ പണമെല്ലാം വായ്പ ലഭിക്കുമ്പോൾ തിരിച്ചുവരുമെന്നും വാഗ്ദാനം ചെയ്യും. അപേക്ഷകന്റെ അക്കൗണ്ടിന് പ്രശ്നമുണ്ടെന്നും തങ്ങളുടെ പണം ബാങ്ക് പിടിച്ചുവെച്ചതായും പറഞ്ഞ് വീണ്ടും ബന്ധപ്പെടും. ഈ പണം അടച്ചില്ലെങ്കിൽ യാത്ര വിലക്ക് ഉൾപ്പെടെ നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തും. ഈ പണവും കൈക്കലാക്കും. ഇതോടെ 10,000 റിയാൽ വായ്പക്ക് ശ്രമിച്ചവർ 5,000 മുതൽ 6,000 റിയാൽ വരെ ബാങ്കിന് അങ്ങോട്ട് നൽകിയിട്ടുണ്ടാകും. ഈ പണമെല്ലാം നഷ്ടപ്പെട്ടാലും നാണക്കേട് കാരണം പുറത്തുപറയാതെ ഇരിക്കുകയായിരുന്നു. പലരും തട്ടിപ്പാണെന്നും തിരിച്ചറിഞ്ഞില്ല. മീഡിയവൺ തുടർച്ചയായി വാർത്ത ചെയ്തതോടെയാണ് തങ്ങൾ തട്ടിപ്പിന് ഇരയായെന്ന് മനസ്സിലാക്കിയത്. തുടർന്ന് സാമൂഹിക പ്രവർത്തകർ അടക്കമുള്ളവർ ഇടപെട്ടാണ് ബാങ്കുകളിലും എംബസിയിലും അടക്കം പരാതി നൽകാൻ ആരംഭിച്ചിട്ടുള്ളത്. കേരളത്തിൽ അവധിക്ക് എത്തിയവരും തട്ടിപ്പിന് ഇരയായിട്ടുണ്ട്. ഇവർ സൈബർ സെല്ലിനും പരാതി നൽകിയിട്ടുണ്ട്.









Leave a Reply