യാംബു: സൗദി അറേബ്യയിലെ പൊതു വിദ്യാലയങ്ങളിൽ പുതിയ അധ്യയന വർഷത്തിന് ഞായറാഴ്ച തുടക്കമാകും. ഇതിെൻറ ഭാഗമായി അധ്യാപകരും രക്ഷിതാക്കളുമായി ഏകോപിച്ച് വിദ്യാർഥികളുടെ അക്കാദമിക് പുരോഗതി കൃത്യമായി നിരീക്ഷിക്കാൻ സഹായിക്കുന്ന പുതിയ ഡിജിറ്റൽ സാങ്കേതിക സംവിധാനത്തിന് ഈ അധ്യയന വർഷം മുതൽ തുടക്കം കുറിക്കുകയാണ്.
ഏകീകൃത വിദ്യാഭ്യാസ പോർട്ടൽ വഴിയാണ് സൗദി വിദ്യാഭ്യാസ മന്ത്രാലയം ഈ പുതിയ സേവനം ലഭ്യമാക്കുന്നത്. ഹോംവർക്കുകൾ, ആനുകാലിക പരിശോധനകൾ, മറ്റ് സ്കൂൾ ജോലികൾ തുടങ്ങിയ വിവിധ അസൈൻമെൻറുകൾ ആക്സസ് ചെയ്യാൻ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ഈ സംവിധാനത്തിലൂടെ സാധിക്കും.
കൂടാതെ, രക്ഷിതാക്കളും അധ്യാപകരും സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫും തമ്മിലുള്ള ആശയവിനിമയം കൂടുതൽ സുഗമമാക്കാൻ ഇത് സഹായിക്കും. രക്ഷിതാക്കൾക്ക് സ്കൂളുകളിൽ നേരിട്ടെത്തേണ്ട ആവശ്യകത ഒഴിവാക്കുന്നുവെന്നതും ഈ സംവിധാനത്തിെൻറ പ്രത്യേകതയാണ്.
എല്ലാ വിദ്യാർഥികൾക്കും അവരുടെ പേര്, രാജ്യം, തിരിച്ചറിയൽ നമ്പർ, സ്കൂൾ, ഗ്രേഡ് തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ അടങ്ങിയ ഔദ്യോഗിക ‘ഡിജിറ്റൽ തിരിച്ചറിയൽ കാർഡ്’ ലഭ്യമാക്കാനുള്ള നടപടികൾ മന്ത്രാലയം പൂർത്തിയാക്കിയിട്ടുണ്ട്. ഇതിലെ പ്രത്യേക ക്യു.ആർ കോഡ് വഴി ബന്ധപ്പെട്ട അധികാരികൾക്ക് വിദ്യാർഥികളുടെ ഐഡൻറിറ്റി വിവരങ്ങളുടെ സാധുത പെട്ടെന്ന് പരിശോധിക്കാനാകും.
ഇതിനുപുറമെ, പുതിയ വിദ്യാർഥികളുടെ അടിസ്ഥാന വിവരങ്ങൾ ചേർക്കൽ, വിലാസത്തിലെ മാറ്റങ്ങൾ തിരുത്തൽ, സ്കൂൾ ബസ് രജിസ്ട്രേഷൻ, സ്കൂൾ മാറ്റത്തിനുള്ള അപേക്ഷകൾ എന്നിവയുൾപ്പെടെയുള്ള വിവിധ ഇലക്ട്രോണിക് സേവനങ്ങളും മന്ത്രാലയത്തിെൻറ പോർട്ടൽ വഴി ലഭ്യമാണ്.








Leave a Reply