Advertisement

സൗദിയിൽ മലയാളികളെ ലക്ഷ്യമിട്ട്​ ഓൺലൈൻ ലോൺ തട്ടിപ്പ്​: ഇരകളായവർ പരാതി നൽകിത്തുടങ്ങി

സൗദി അറേബ്യയിൽ മലയാളികളെ ലക്ഷ്യമിട്ട് ആരംഭിച്ച ഓൺലൈൻ തട്ടിപ്പിൽ പണം നഷ്ടപ്പെട്ടവർ പരാതികൾ നൽകിത്തുടങ്ങി. ഇന്ത്യൻ എംബസിയിലും സൗദി സെൻട്രൽ ബാങ്കിലുമാണ്​ പരാതികൾ നൽകിയത്​. മലയാളികൾ അടങ്ങുന്ന തട്ടിപ്പ്​ സംഘത്തിന്‍റെ വലിയ നൂറുകണക്കിന്​ മലയാളികൾ ആണ്​ കുടുങ്ങിയത്​. അര ശതമാനം പലിശക്ക്​ പണം വാഗ്ദാനം ചെയ്തായിരുന്നു പ്രവാസികളെ വലയിലാക്കിയത്​. സമൂഹ മാധ്യമങ്ങളിലൂടെയാണ്​ തട്ടിപ്പ്​ സംഘം ഇരകളെ കണ്ടെത്തിയിരുന്നത്​. വാട്​സ്​ആപ്പ്​ വഴിയാണ്​ ബന്ധപ്പെട്ടിരുന്നത്​. 10,000 റിയാൽ മുതൽ അഞ്ച്​ ലക്ഷം റിയാൽ വരെ കുറഞ്ഞ പലിശയിൽ വായ്പ നൽകാമെന്നാണ്​ പറഞ്ഞിരുന്നത്​. ഒരാഴ്ച മുമ്പ്​ മീഡിയവൺ തട്ടിപ്പിനെ കുറിച്ച്​ വാർത്ത നൽകിയതിനെ തുടർന്നാണ്​ ​പ്രവാസികൾ കൂടുതലായി പരാതികൾ നൽകിത്തുടങ്ങിയത്.

ഇൻസ്റ്റഗ്രാം, ഫേസ്​ബുക്ക്​ തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്യം ചെയ്യുകയും തുടർന്ന്​ വാട്​സ്​ആപ്പിലൂടെ ബന്ധപ്പെട്ടുമാണ്​ പ്രവാസികളെ ഇരകളാക്കിയത്​. പ്രോസസിങ്​ ഫീ, വാറ്റ്​ തുടങ്ങി വിവിധ കാരണങ്ങൾ പറഞ്ഞാണ്​ പണം തട്ടിയത്​. 350 റിയാൽ മുതൽ 7000 റിയാൽ വരെയാണ്​ പലർക്കും നഷ്​ടപ്പെട്ടത്​. 10,000 റിയാലിന്​ മുകളിൽ നഷ്​ട​പ്പെട്ടവരുമുണ്ട്​.

ബാങ്കിന്‍റെ രീതിയിൽ തന്നെയായിരുന്നു തട്ടിപ്പ്​ സംഘത്തിന്‍റെ പ്രവർത്തനമെന്നതിനാൽ സാധാരണ പ്രവാസികൾ ഇവരെ വിശ്വസിച്ചത്​. മലയാളികളാണ്​ ഇരകളെ കൂടുതലായും ബന്ധപ്പെട്ടിരുന്നത്​. മലയാളികൾ തന്നെ സംസാരിച്ചതും വിശ്വാസം വർധിക്കാൻ കാരണമായി. മറ്റൊരു രാജ്യത്തെ ബാങ്ക്​ കുറഞ്ഞ നിരക്കിൽ വായ്പ നൽകുകയാണെന്നായിരുന്നു പറഞ്ഞത്​. ഇത്തരത്തിൽ വിശ്വാസം നേടിയെടുത്ത്​ ആദ്യം പ്രോസസിങ്​ ഫീ ഈടാക്കും. തുടർന്ന്​ വാറ്റ്​ എന്ന്​ പറഞ്ഞ്​ വീണ്ടും പണം അടക്കാൻ ആവശ്യപ്പെടും. ഈ പണമെല്ലാം വായ്പ ലഭിക്കുമ്പോൾ തിരിച്ചുവരുമെന്നും വാഗ്ദാനം ചെയ്യും. അപേക്ഷകന്‍റെ അക്കൗണ്ടിന്​ പ്രശ്നമുണ്ടെന്നും തങ്ങളുടെ പണം ബാങ്ക്​ പിടിച്ചുവെച്ചതായും പറഞ്ഞ്​ വീണ്ടും ബന്ധപ്പെടും. ഈ പണം അടച്ചില്ലെങ്കിൽ യാത്ര വിലക്ക്​ ഉൾപ്പെടെ നേരിടേണ്ടി വരുമെന്ന്​ ഭീഷണിപ്പെടുത്തും. ഈ പണവും കൈക്കലാക്കും. ഇതോടെ 10,000 റിയാൽ വായ്പക്ക്​ ശ്രമിച്ചവർ 5,000 മുതൽ 6,000 റിയാൽ വരെ ബാങ്കിന്​ അങ്ങോട്ട്​ നൽകിയിട്ടുണ്ടാകും. ഈ പണമെല്ലാം നഷ്ടപ്പെട്ടാലും നാണക്കേട്​ കാരണം പുറത്തുപറയാതെ ഇരിക്കുകയായിരുന്നു. പലരും തട്ടിപ്പാണെന്നും തിരിച്ചറിഞ്ഞില്ല. മീഡിയവൺ തുടർച്ചയായി വാർത്ത ചെയ്തതോടെയാണ്​ തങ്ങൾ തട്ടിപ്പിന്​ ഇരയായെന്ന്​ മനസ്സിലാക്കിയത്​. തുടർന്ന്​ സാമൂഹിക ​പ്രവർത്തകർ അടക്കമുള്ളവർ ഇടപെട്ടാണ്​ ബാങ്കുകളിലും എംബസിയിലും അടക്കം പരാതി നൽകാൻ ആരംഭിച്ചിട്ടുള്ളത്​. കേരളത്തിൽ അവധിക്ക്​ എത്തിയവരും തട്ടിപ്പിന്​ ഇരയായിട്ടുണ്ട്​. ഇവർ സൈബർ സെല്ലിനും പരാതി നൽകിയിട്ടുണ്ട്​.

Leave a Reply

Your email address will not be published. Required fields are marked *