മറ്റു ജി.സി.സി രാജ്യങ്ങളിൽ രജിസ്റ്റർ ചെയ്ത സ്വകാര്യ വാഹനങ്ങൾ സൗദിയിൽ ഉപയോഗിക്കുന്നതിനുള്ള നടപടിക്രമങ്ങൾ വ്യക്തമാക്കി ടാക്സ് അതോറിറ്റിയും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കും. പുതിയ നിയമപ്രകാരം ജി.സി.സി രാജ്യങ്ങളിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് 365 ദിവസത്തിനിടയിൽ പരമാവധി 90 ദിവസം മാത്രമേ സൗദിയിൽ തുടരാൻ അനുമതിയുള്ളൂ. നിലവിൽ രാജ്യത്തുള്ള ഇത്തരം വിദേശ വാഹനങ്ങളുടെ പദവി നിയമവിധേയമാക്കുന്നതിനായി അധികൃതർ 90 ദിവസത്തെ പ്രത്യേക ഗ്രേസ് പിരീഡ് അനുവദിച്ചിട്ടുണ്ട്. സൗദി പൗരന്മാർക്കും പ്രീമിയം ഇഖാമയിലുള്ളവർ ഉൾപ്പെടെയുള്ള പ്രവാസികൾക്കും ഈ നിയമം ബാധകമായിരിക്കും.
ഗ്രേസ് പിരീഡായ തൊണ്ണൂറ് ദിവസത്തിനുള്ളിൽ വാഹനങ്ങൾ സൗദിയിൽ രജിസ്ട്രേഷൻ പൂർത്തിയാക്കി നമ്പർ പ്ലേറ്റുകൾ സ്വന്തമാക്കുകയോ അല്ലെങ്കിൽ വാഹനം സൗദിക്ക് പുറത്തേക്ക് കൊണ്ടുപോകുകയോ ചെയ്യണം. അതിർത്തി ചെക്ക് പോസ്റ്റുകളിലെ കസ്റ്റംസ് ഓഫീസുകൾ വഴിയോ കസ്റ്റംസ് ബ്രോക്കറെ ചുമതലപ്പെടുത്തിയോ സൗദി നമ്പർ പ്ലേറ്റിലേക്ക് മാറ്റാനുള്ള നടപടികൾ പൂർത്തിയാക്കാം. ഇതുകൂടാതെ, വാഹനത്തിന്റെ 90 ദിവസത്തെ സാധാരണ കാലാവധി തീരുന്നതിന് മുൻപ് തന്നെ അത് നീട്ടിനൽകാൻ അപേക്ഷിക്കാനുള്ള സൗകര്യവുമുണ്ട്. അബ്ഷീർ പോർട്ടൽ വഴി ഓൺലൈനായി പരമാവധി 30 ദിവസം വരെ കാലാവധി നീട്ടി വാങ്ങാവുന്നതാണ്.









Leave a Reply