മസ്കത്ത്: ഒമാനിലെ സലാലയിലുണ്ടായ വെടിവെപ്പിൽ രണ്ട് സ്വദേശി പൗരന്മാർക്ക് പരിക്കേറ്റതായി റോയൽ ഒമാൻ പൊലീസ്. മുൻകാല തർക്കങ്ങളെയും വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങളെയും തുടർന്നുണ്ടായ വാക്കേറ്റമാണ് വെടിവെപ്പിൽ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
ഇന്ന് വൈകുന്നേരത്തോടെയാണ് വെടിവെപ്പ് നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വിവിധ രീതിയിലുള്ള വാർത്തകൾ പ്രചരിച്ച പശ്ചാത്തലത്തിലാണ് റോയൽ ഒമാൻ പൊലീസ് വിശദീകരണവുമായി രംഗത്തെത്തിയത്.
വെടിവെപ്പിൽ പരിക്കേറ്റ രണ്ട് ഒമാനി പൗരന്മാരുടെയും ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും, ഇരുവരും ആശുപത്രികളിൽ ആവശ്യമായ അടിയന്തര ചികിത്സ തേടിക്കൊണ്ടിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെയുള്ള നിയമപരമായ നടപടികൾ അധികൃതർ കൈക്കൊണ്ടിട്ടുണ്ടെന്നും ആർ.ഒ.പി പ്രസ്താവനയിൽ വ്യക്തമാക്കി.







Leave a Reply