Advertisement

‘ഹോർമുസ് കടലിടുക്കിന്റെ കാവൽക്കാരൻ’ നേവി കമാൻഡർ അലിറേസ തങ്‌സിരിയെ വധിച്ചുവെന്ന് ഇസ്റാഈൽ

ന്യൂഡൽഹി: ഇറാനിലെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണ ചുമതലയുള്ള ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ ആർ ജി സി) നേവി കമാൻഡർ അലിറേസ തങ്‌സിരി കൊല്ലപ്പെട്ടതായി ഇസ്റാഈൽ അവകാശപ്പെട്ടു.

ദക്ഷിണ ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖ നഗരത്തിൽ നടന്ന ആക്രമണത്തിലാണ് ഇദ്ദേഹം കൊല്ലപ്പെട്ടതെന്ന് ഇസ്റാഈൽ ഉദ്യോഗസ്ഥർ വ്യക്തമാക്കി. വാർത്ത ശരിയെങ്കിൽ നാല് ആഴ്ചയായി തുടരുന്ന യുദ്ധത്തിനിടയിൽ ഇറാൻ സൈനിക നേതൃത്വത്തിന് ഏറ്റവുമൊടുവിൽ ലഭിച്ച വൻ തിരിച്ചടിയാകും ഇത്.

ലോകത്തെ എണ്ണ, വാതക വിതരണത്തിൽ നിർണ്ണായകമായ ഹോർമുസ് കടലിടുക്ക് ഉപരോധിക്കുന്നതിനും മേൽനോട്ടം വഹിക്കുന്നതിനും പ്രധാന പങ്കുവഹിച്ചിരുന്ന വ്യക്തിയാണ് തങ്‌സിരി. പേർഷ്യൻ ഗൾഫിലെ ഇറാന്റെ നാവിക പ്രവർത്തനങ്ങളിൽ ഇദ്ദേഹത്തിന്റെ വിയോഗം വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ സംഭവത്തിൽ ഇറാൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇസ്റാഈൽ പ്രതിരോധ സേനയും (ഐ ഡി എഫ്) ആക്രമണത്തെക്കുറിച്ച് പരസ്യമായ പ്രതികരണത്തിന് തയ്യാറായിട്ടില്ല.

ബുഷെഹർ പ്രവിശ്യയിൽ ജനിച്ച അലിറേസ തങ്‌സിരി, ഇറാൻ ഇറാഖ് യുദ്ധകാലത്താണ് ഐ ആർ ജി സിയിൽ സജീവമായത്. 2010 മുതൽ 2018 വരെ ഡെപ്യൂട്ടി കമാൻഡറായി സേവനമനുഷ്ഠിച്ച ശേഷം നാവികസേനാ തലവനായി ചുമതലയേറ്റു.

ഫെബ്രുവരി 28ന് യു എസ്സും ഇസ്റാഈലും സംയുക്തമായി ഇറാനിൽ ആക്രമണം ആരംഭിച്ചതിന് ശേഷം കൊല്ലപ്പെടുന്ന ഉന്നത ഉദ്യോഗസ്ഥരുടെ പട്ടികയിലെ പുതിയ പേരാണ് ഇദ്ദേഹത്തിന്റേത്. ഇതിനോടകം തന്നെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനി, സുരക്ഷാ മേധാവി അലി ലാരിജാനി, റെവല്യൂഷണറി ഗാർഡ് വക്താവ് അലി മുഹമ്മദ് നൈനി തുടങ്ങിയ പ്രമുഖർ നേരത്തെ കൊല്ലപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *