Advertisement

ഒളിച്ചത് ബന്ധുവീട്ടിൽ, ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ അറസ്റ്റ്; ഷിംജിത റിമാൻഡിൽ

കോഴിക്കോട്: അപകീർത്തികരമായ വിഡിയോ പ്രചരിച്ചതിനെത്തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു. ദീപക് (41) ജീവനൊടുക്കിയ സംഭവത്തിൽ വിഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ച വടകര സ്വദേശി ഷിംജിത മുസ്തഫ അറസ്റ്റിൽ. വടകരയിലെ ബന്ധുവീട്ടിൽ നിന്നാണ് ഷിംജിതയെ കസ്റ്റഡിയിലെടുത്തത്.

അന്വേഷണസംഘത്തിൽ ഉണ്ടായിരുന്ന വനിതാ പൊലീസുകാർ ഉൾപ്പെടുന്ന സംഘം മഫ്തിയിൽ സ്വകാര്യവാഹനത്തിൽ എത്തിയാണ് ഷിംജിതയെ പിടികൂടിയത്. തുടർന്ന് ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനയും പൂർത്തിയാക്കിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കുന്ദമംഗലം ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഷിംജിതയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തുടർന്ന് പൊലീസ് ഷിംജിതയെ മഞ്ചേരി ജയിലിലേക്ക് കൊണ്ടുപോയി.

ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി ഷിംജിതയ്ക്കെതിരെ പൊലീസ് തിങ്കളാഴ്ച വൈകിട്ട് എഫ്ഐആർ റജിസ്റ്റർ ചെയ്തിരുന്നു. ചൊവ്വാഴ്ച ലുക്ക് ഔട്ട് സർക്കുലറും പുറത്തിറക്കി. ഇതിനിടെ മുൻകൂർ ജാമ്യം തേടി ഷിംജിത കോടതിയെയും സമീപിച്ചു. ഈ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ കോടതി വ്യാഴാഴ്ച പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്.

പൊലീസ് തിങ്കളാഴ്ച കേസ് റജിസ്റ്റർ ചെയ്തതിനു പിന്നാലെ മൊബൈൽ ഫോൺ ഓഫ് ചെയ്ത ശേഷം ഷിംജിത ഒളിവിൽ പോവുകയായിരുന്നു. ഇവർ സംസ്ഥാനം വിട്ടതായും സൂചനകൾ ലഭിച്ചു. ഇതിനു പിന്നാലെയാണ് ബുധനാഴ്ച ഇവരെ ബന്ധുവീട്ടിൽ നിന്ന് പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *