Advertisement

നേരിയ ആശ്വാസം, സംസ്ഥാനത്ത് സർവീസുകളെ ബാധിച്ചില്ല; പ്രതിസന്ധിഘട്ടം മറികടന്ന് ഇൻഡിഗോ ?

തിരുവനന്തപുരം: ഇൻഡിഗോ വിമാനങ്ങളുടെ സർവീസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് നേരിയ ആശ്വാസം. സംസ്ഥാനത്തെ സർവീസുകളെ പ്രതിസന്ധി കാര്യമായി ബാധിച്ചില്ല. തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്നുള്ള എല്ലാ ഇന്‍ഡിഗോ വിമാനങ്ങളും സര്‍വീസ് നടത്തിയതായി അധികൃതര്‍ അറിയിച്ചു.

തിരുവനന്തപുരത്തേക്കു വരാനുള്ള ഒരു വിമാനം മാത്രമാണ് റദ്ദാക്കിയത്. കോഴിക്കോട് വിമാനത്താവളത്തിൽനിന്നുള്ള ചില ഇൻഡിഗോ വിമാനങ്ങളുടെ സമയക്രമത്തിൽ മാറ്റം വരുത്തി. കൊച്ചിയിൽ 4 സർവീസുകൾ റദ്ദാക്കി. കണ്ണൂരിൽ ഡൽഹി സർവീസ് മാത്രം തടസ്സപ്പെട്ടു. 

ചൊവ്വാഴ്ച രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിൽ മാത്രം 422 സർവീസ് മുടങ്ങിയിരുന്നു. തിരുവനന്തപുരത്ത് നാലും കൊച്ചിയിൽ ഏഴു സർവീസുമാണ് ചൊവ്വാഴ്ച മുടങ്ങിയത്. കാര്യക്ഷമമായി സർവീസ് നടപ്പാക്കാനാകാത്തതിനെ തുടർന്ന് ശീതകാല ഷെഡ്യൂളിൽ പത്തു ശതമാനം സർവീസുകൾ വെട്ടിക്കുറയ്ക്കാൻ ഇൻഡിഗോ കമ്പനി ചൊവ്വാഴ്ച തീരുമാനിച്ചിരുന്നു. ഇതുപ്രകാരം പ്രതിദിനം ഏകദേശം 216 സർവീസും ആഴ്ചയിൽ 1500 വരെ സർവീസും റദ്ദാക്കാൻ ഇടയുണ്ടെന്നാണ് വിവരം.

നാലു വിമാനങ്ങളുടെ പുറപ്പെടുന്ന സമയത്തിലും മൂന്നു വിമാനങ്ങൾ വന്നെത്തുന്നതിലും ഏർപ്പെടുത്തിയ സമയക്രമ വ്യത്യാസം ഒഴിവാക്കിയാൽ ബുധനാഴ്ച കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്നതിന് ഷെഡ്യൂൾ ചെയ്ത 20 ഇൻഡിഗോ വിമാനങ്ങളുടെയും വന്നെത്തുന്ന 17 ഇൻഡിഗോ വിമാനങ്ങളുടെയും സർവീസുകളെ ഇൻഡിഗോയിലെ പ്രതിസന്ധി കാര്യമായി ബാധിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *