ദുബായ്: അറിവിന്റെ സ്നേഹാക്ഷരങ്ങൾ പകർന്ന് നൽകിയ അധ്യാപികയുടെ വിയോഗത്തിൽ കണ്ണീരണിഞ്ഞ് ജെൻഡർ ബാലൻസ് കൗൺസിലിന്റെ അധ്യക്ഷയും ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ പുത്രിയുമായ ഷെയ്ഖ മനാൽ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.
ദീര്ഘകാലം ദുബായിലെ അൽ റാഷിദ് അൽ സാലിഹ് പ്രൈവറ്റ് സ്കൂളിന്റെ പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ച സിസ്റ്റർ സമീറ അയൂബ് കഴിഞ്ഞദിവസമാണ് അന്തരിച്ചത്. ഷെയ്ഖ മനാലിനെ ചെറിയ ക്ലാസുകളിൽ സിസ്റ്റർ സമീറ പഠിപ്പിച്ചിട്ടുണ്ട്.
ബാല്യകാലത്തെ സ്നേഹം തുളമ്പുന്ന ഓർമകളും സിസ്റ്റർ സമീറയുടെ കൂടെ നിൽക്കുന്ന പഴയ ചിത്രവും പങ്കുവച്ചാണ് ഷെയ്ഖ മനാൽ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രിയ അധ്യാപികയെ അനുസ്മരിച്ചത്. പരമ്പരാഗത എമിറാത്തി വേഷം ധരിച്ച ബാലികയായ മനാലിനെ സിസ്റ്റർ സമീറ വാത്സല്യത്തോടെ ചേർത്തുനിർത്തുന്നതാണ് ഷെയ്ഖ മനാൽ പങ്കുവച്ച ചിത്രം. സിസ്റ്റർ സമീറ അയൂബിന്റെ വിയോഗം അതിയായ ദുഃഖം സൃഷ്ടിക്കുന്നു. അവരുടെ കരുണയും മാർഗനിർദ്ദേശങ്ങളും ഒരിക്കലും മറക്കാനാവില്ല. അവർക്ക് പരലോക സമാധാനം ലഭിക്കട്ടെയെന്നാണ് ഷെയ്ഖ മനാൽ വേദനയോടെ എഴുതിയിരിക്കുന്നത് .
1984ലാണ് സിസ്റ്റർ സമീറ അൽ റാഷിദ് അൽ സാലിഹ് പ്രൈവറ്റ് സ്കൂളിൽ ജോലിയിൽ പ്രവേശിച്ചത്. യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തിൽ റജിസ്റ്റർ ചെയ്തിട്ടുള്ള കത്തോലിക്കാ സന്യാസിനിമാർക്കു കീഴിലുള്ള ആദ്യ സ്വകാര്യ വിദ്യാലയമായിരുന്നു ഇത്. 1971- സ്ഥാപിതമായ ഈ സ്ഥാപനത്തിൽ അവർ 2023 വരെ തുടർച്ചയായി സേവനം അനുഷ്ഠിച്ചു. വിദ്യാഭ്യാസത്തിന്റെ മേന്മ മനസ്സിലാക്കി സ്നേഹത്തോടെ വിദ്യാർഥികളെ വളർത്തിയ സിസ്റ്റർ സമീറ അവർക്ക് അധ്യാപിക മാത്രമല്ലാതെ, സഹോദരി, അമ്മ, സുഹൃത്ത് ഒക്കെയായിരുന്നു.
മറ്റെവിടെയും കാണാനാകാത്ത സന്യാസിനിക്ക് വിട. താങ്കളെ ഓരോ കോണിലും ഓരോ പുഞ്ചിരിയിലും ഓരോ നിമിഷത്തിലും ഞങ്ങൾ ഓർമിക്കുമെന്ന് വിദ്യാലയം അതിന്റെ ഔദ്യോഗിക അനുശോചനക്കുറിപ്പിൽ പറഞ്ഞു. ജനങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്നതിനും സേവനത്തിനുമായി ജീവൻ സമർപ്പിച്ച സിസ്റ്റർ സമീറയുടെ ഓർമകൾ ദുബായിലെ വിദ്യാഭ്യാസ മേഖലയിൽ എന്നും ജ്വലിച്ചുനിൽക്കും.








Leave a Reply