Advertisement

ലോകത്തെ മുൻനിര 10 ടെക് ഹബ്ബുകളിൽ ഒന്നാകാൻ റിയാദ്; ‘ഡിജിറ്റൽ ഡിസ്ട്രിക്റ്റ്’ പദ്ധതി പ്രഖ്യാപിച്ചു

റിയാദിനെ ലോകത്തിലെ മുൻനിര 10 സാങ്കേതിക കേന്ദ്രങ്ങളിൽ ഒന്നാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ‘റിയാദ് ഡിജിറ്റൽ ഡിസ്ട്രിക്റ്റ്’ പദ്ധതിക്ക് തുടക്കമായി. റോയൽ കമ്മീഷൻ ഫോർ റിയാദ് സിറ്റി ആണ് ഈ പദ്ധതി പ്രഖ്യാപിച്ചത്. ആഗോളതലത്തിലുള്ള പ്രമുഖ വിവരസാങ്കേതിക വിദഗ്ധരെയും സ്റ്റാർട്ടപ്പ് സംരംഭകരെയും ആകർഷിച്ച്, ഡിജിറ്റൽ മേഖലയിൽ ഊന്നിയുള്ള ശക്തമായ വിജ്ഞാന സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കാനാണ് സൗദി ഇതിലൂടെ ലക്ഷ്യമിടുന്നത്.

എഐ, ബിഗ് ഡാറ്റ, സൈബർ സുരക്ഷ, ക്ലൗഡ് കമ്പ്യൂട്ടിങ്, ഇന്റർനെറ്റ് ഓഫ് തിങ്‌സ് , ബ്ലോക്ക്‌ചെയിൻ, റോബോട്ടിക്‌സ്, ഡ്രോൺ സാങ്കേതികവിദ്യ എന്നീ ആറ് പ്രധാന മേഖല കേന്ദ്രീകരിച്ചാണ് ഈ പദ്ധതി പ്രവർത്തിക്കുക. പ്രമുഖ അന്താരാഷ്ട്ര ടെക് കമ്പനികൾക്കും ഇടത്തരം സ്ഥാപനങ്ങൾക്കും വേഗത്തിൽ വളരുന്ന നവാഗത സ്റ്റാർട്ടപ്പുകൾക്കും പ്രത്യേക ആനുകൂല്യങ്ങളും അത്യാധുനിക ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളുമാണ് ഇവിടെ ഒരുക്കുന്നത്. വൻകിട നിക്ഷേപങ്ങൾ എത്തിക്കുന്നതിനൊപ്പം അത്യാധുനിക സേവനങ്ങളും മികച്ച ബിസിനസ് അന്തരീക്ഷവും ഉറപ്പാക്കാനും പദ്ധതി വിഭാവനം ചെയ്യുന്നു.
ലോകബാങ്കിന്റെ ഗോവ് ടെക് സൂചികയിലും ഐസിടി വികസന സൂചികയിലും മുന്നിലെത്തിയ സൗദിയുടെ ഡിജിറ്റൽ കുതിച്ചുചാട്ടത്തിലെ സുപ്രധാന നാഴികക്കല്ലാണിത്. ലോകത്തെ മികച്ച നൂറ് നഗരങ്ങളിൽ അതിവേഗം വളരുന്ന ആഗോള സാങ്കേതിക ഹബ്ബായി റിയാദ് മാറിയെന്ന് വ്യക്തമാക്കിക്കൊണ്ട് ആഗോള ഇൻഡക്‌സുകളിൽ സൗദി കൈവരിച്ച നേട്ടങ്ങളും റോയൽ കമ്മീഷൻ ചൂണ്ടിക്കാട്ടി. ലോകമെമ്പാടുമുള്ള നിക്ഷേപകർക്കും സാങ്കേതിക വിദഗ്ധർക്കും ഒരുപോലെ സൗകര്യമൊരുക്കുന്ന ഒരു മികച്ച ആവാസവ്യവസ്ഥയാണ് റിയാദിൽ ഒരുങ്ങുന്നതെന്ന് ആർസിആർസി സിഇഒ ഇബ്രാഹിം ബിൻ മുഹമ്മദ് അൽ സുൽത്താൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *