സുഹൈൽ നക്ഷത്രം തെളിഞ്ഞതോടെ സൗദിയിലെ കാലാവസ്ഥയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ വിശദീകരിച്ച് കാലാവസ്ഥാ വിദഗ്ധർ. 53 ദിവസം നീണ്ടുനിൽക്കുന്ന കാലാവസ്ഥാ മാറ്റത്തിന്റെ തുടക്കം സൗദിയിൽ ഈന്തപ്പഴ വിളവെടുപ്പ് സജീവമാകുന്ന സമയമാണ്. സുഹൈൽ ഉദിച്ചെങ്കിലും ചൂട് കുത്തനെ കുറയില്ല. ക്രമേണയാണ് ചൂടിന്റെ മാറ്റമുണ്ടാവുക.
ഗൾഫ് രാജ്യങ്ങളിൽ വേനൽച്ചൂട് കുറഞ്ഞ്, കാലാവസ്ഥാ വ്യതിയാനവും തണുപ്പുകാലത്തിന്റെ വരവും അടയാളപ്പെടുത്തുന്ന പ്രകാശമാനമായ നക്ഷത്രമാണ് സുഹൈൽ. ഇംഗ്ലീഷിൽ കനോപസ് എന്നും മലയാളത്തിൽ അഗസ്ത്യ നക്ഷത്രം എന്നും അറിയപ്പെടുന്ന സുഹൈലിന് അറബ് സംസ്‌കാരത്തിലും ജ്യോതിശാസ്ത്രത്തിലും വലിയ പ്രാധാന്യമുണ്ട്. രാത്രിയിലെ ആകാശത്തിൽ സിറിയസ് കഴിഞ്ഞാൽ ഏറ്റവും പ്രകാശപൂരിതമായി കാണപ്പെടുന്ന രണ്ടാമത്തെ നക്ഷത്രമാണ് കനോപസ്. ഇന്നു പുലർച്ചെ നാലരയോടെയാണ് സുഹൈലിനെ സൗദിയിൽ ദൃശ്യമായത്. വർഷം തോറും ഓഗസ്റ്റ് 24 ഓടെയാണ് ഗൾഫ് മേഖലയുടെ ആകാശത്ത് ഈ നക്ഷത്രം തെളിയുക.
സുഹൈൽ എത്തി മൂന്നാഴ്ചയോടെ ക്രമേണ ചൂട് കുറയുമെന്നാണ് സൗദിയിലെ കണക്ക്. എന്നുവെച്ചാൽ സെപ്തംബർ രണ്ടാം വാരത്തിലാണ് കനത്ത ചൂടിന് സൗദിയിൽ ശമനമാവുക. ഒക്ടോബറോടെ രാത്രിയിൽ തണുത്ത കാറ്റെത്തും. സംഗതി സുഹൈൽ വരുമ്പോൾ ഗൾഫിൽ പ്രതീക്ഷയാണ്. പക്ഷേ സൂര്യനേക്കാൾ ചൂടും പ്രകാശവുമുള്ള നക്ഷത്രമാണ് സുഹൈൽ. ഭൂമിയിൽ നിന്നും സൂര്യനിലേക്കുള്ള ദൂരം 15 കോടി കിലോമീറ്ററാണ്. എന്നാൽ സുഹൈൽ നക്ഷത്രം ഭൂമിയിൽ നിന്നും 310 പ്രകാശവർഷം അകലെയാണ്. അതായത് ഏകദേശം 3,000 ലക്ഷം കോടി കിലോമീറ്റർ അകലെ. അതാണ് സുഹൈലിന്റെ ചൂട് ഭൂമിയറിയാത്തത്.
സുഹൈൽ ഉദിക്കുമ്പോൾ ഗൾഫിൽ ചൂട് കുറയുന്നത് ഈ നക്ഷത്രം നേരിട്ട് തണുപ്പ് തരുന്നതുകൊണ്ടല്ല. പകരം, ഭൂമിയുടെ ഭ്രമണപഥത്തിലെ മാറ്റം കാരണം സൂര്യരശ്മികൾ ചരിഞ്ഞു പതിക്കും. ഇതോടെ നേരിട്ടുള്ള ചൂടിൽ കുറവ് വരും. വേനൽക്കാലം കഴിഞ്ഞ് ശരത്കാലത്തിലേക്ക് കടക്കുന്നതുമായ കാലാവസ്ഥാ മാറ്റത്തിന്റെ സമയം ആകാശത്ത് കൃത്യമായി സൗദികൾ പണ്ട് അളന്നതും സുഹൈലിനെ നോക്കിയാണ്. ഒപ്പം ചുട്ടുപഴുത്ത കാലാവസ്ഥയിൽ ഈന്തപ്പഴം പറിക്കാൻ കൃഷിക്കാർ തുടങ്ങുന്നതും ഈ നക്ഷത്രത്തെ കണക്കാക്കിയാണ്. ഒപ്പം ഒട്ടകപ്പുറത്തുള്ള യാത്രക്കും ഈ നക്ഷത്രത്തിന്റെ സീസൺ തെരഞ്ഞെടുക്കും. കാരണം ഓഗസ്റ്റ് അവസാനത്തോടെ ഉദിച്ചു തുടങ്ങുന്ന ഈ നക്ഷത്രം, തുടർന്നുള്ള മാസങ്ങളിൽ മാർച്ച് വരെ രാത്രികളിൽ നേരത്തെ തന്നെ ആകാശത്ത് തെളിഞ്ഞു തുടരും.







Leave a Reply