ടെഹ്റാൻ: ഇറാനിൽ വീണ്ടും ആക്രമണം നടത്തിയതായി സ്ഥിരീകരിച്ച് യുഎസ്. തുടർച്ചയായ മൂന്നാമത്തെ രാത്രിയിലും ആക്രമണങ്ങൾക്ക് തുടക്കമിട്ടതായി യു.എസ്. സെൻട്രൽ കമാൻഡ് എക്സിലൂടെ അറിയിച്ചു.
നേരത്തേ ഇറാനിലെ ബന്ദർ അബ്ബാസിൽ അമേരിക്ക ആക്രമണം നടത്തിയതായി രാജ്യത്തെ വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തിരുന്നു. പ്രദേശത്ത് സ്ഫോടനശബ്ദം കേട്ടതായും ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ സജ്ജമായതായും റിപ്പോർട്ടുകളുണ്ടായിരുന്നു. അതിന് പിന്നാലെയാണ് അമേരിക്കയുടെ സ്ഥിരീകരണമെത്തുന്നത്.
‘ഇറാനെതിരേ മൂന്നാമത്തെ രാത്രിയിലും യു.എസ്. സെൻട്രൽ കമാൻഡ് ആക്രമണങ്ങൾ ആരംഭിച്ചിട്ടുണ്ട്. അത് കമാൻഡർ ഇൻ ചീഫിന്റെ നിർദ്ദേശപ്രകാരമാണ്. ഈ ആക്രമണങ്ങൾ ഇറാന് കനത്ത തിരിച്ചടിയാണ്. ഹോർമുസ് കടലിടുക്കിൽ സാധാരണക്കാരെയും വാണിജ്യ കപ്പലുകളെയും ആക്രമിക്കാനുള്ള അവരുടെ ശേഷി കുറയ്ക്കുന്നതാണ്.’ – യു.എസ്. സെൻട്രൽ കമാൻഡ് എക്സിൽ കുറിച്ചു.
അടുത്തിടെ ഇറാന്റെ മുങ്ങിക്കപ്പലും കപ്പൽ അറ്റകുറ്റപ്പണി നടത്തുന്ന ഒരു കേന്ദ്രവും ആക്രമിക്കുന്ന ദൃശ്യങ്ങൾ യു.എസ്. സെൻട്രൽ കമാൻഡ് തന്നെ പുറത്തുവിട്ടിരുന്നു. സീ ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതാദ്യമായാണ് ഇറാനെതിരേ അമേരിക്ക സീ ഡ്രോണുകൾ പ്രയോഗിക്കുന്നത്.
മണിക്കൂറുകൾക്ക് മുൻപ് ഇറാനെതിരെ അമേരിക്ക വ്യോമാക്രമണം നടത്തിയിരുന്നു. ഇറാനിലെ മാഷഹറിലുള്ള ഒരു കാർഷിക പമ്പിങ് സ്റ്റേഷനുനേരെ നടന്ന യുഎസ് ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് അമേരിക്ക വീണ്ടും ആക്രമണം നടത്തുന്നത്.
ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ ഹോർമുസ് കടക്കാൻ ശ്രമിക്കുന്ന വാണിജ്യ കപ്പലുകൾക്കെതിരെ ആക്രമണങ്ങൾ നടത്തുന്നുവെന്നാരോപിച്ചാണ് അമേരിക്ക സംഘർഷം പുനരാരംഭിച്ചത്. യുഎസ് സെൻട്രൽ കമാൻഡ് നൽകുന്ന വിവരമനുസരിച്ച്, ആക്രമണത്തിൽ ഇറാൻ്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ, റഡാർ കേന്ദ്രങ്ങൾ, മിസൈൽ-ഡ്രോൺ വിക്ഷേപണ കേന്ദ്രങ്ങൾ, ബോട്ടുകൾ എന്നിവയുൾപ്പെടെ തകർത്തിട്ടുണ്ട്.
അമേരിക്ക വെടിനിർത്തൽ കരാർ പരസ്യമായി ലംഘിച്ചെന്ന് നേരത്തേ ഇറാൻ ആരോപിച്ചിരുന്നു. നേരത്തെ ഒപ്പുവെച്ച ധാരണാപത്രം (എം.ഒ.യു.) നടപ്പാക്കില്ലെന്ന് ഇറാൻ പ്രഖ്യാപിച്ചു. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അനിശ്ചിതാവസ്ഥയിലാണെന്നും അമേരിക്ക വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖായി വാർത്താസമ്മേളനത്തിൽ പറഞ്ഞു. അമേരിക്കയുമായുള്ള കരാർ നിലവിൽ പ്രതിസന്ധിയിലാണ്. അവർ തങ്ങളുടെ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നത് വരെ ഈ സ്ഥിതി തുടരും അദ്ദേഹം വ്യക്തമാക്കി.









Leave a Reply