ഗൾഫ് രാജ്യങ്ങളെയാകെ വൻ യുദ്ധഭീതിയിലാഴ്ത്തിക്കൊണ്ട് ഇന്ന് പുലർച്ചെ യുഎഇ, ഖത്തർ, ബഹ്‌റൈൻ, കുവൈത്ത് എന്നീ രാജ്യങ്ങളുടെ വ്യോമാതിർത്തികളിൽ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായതായി സ്ഥിരീകരണം. മേഖലയിലുടനീളം വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങിയതോടെ ജനങ്ങൾ പരിഭ്രാന്തരായി. എന്നാൽ രാജ്യങ്ങളുടെ ശക്തമായ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഈ ഭീഷണികളെ ആകാശത്തുവെച്ചുതന്നെ വിജയകരമായി വെടിവെച്ചിട്ടു.
യുഎഇയിൽ അതീവ ജാഗ്രത; അവശിഷ്ടങ്ങൾ തൊടരുത്
ഇന്ന് പുലർച്ചെ 6.37-ഓടെയാണ് യുഎഇ പ്രതിരോധ മന്ത്രാലയം (MoD) രാജ്യവ്യാപകമായി ജനങ്ങൾക്ക് അടിയന്തര സന്ദേശം നൽകിയത്. രാജ്യമുടനീളം കേട്ട വൻ സ്ഫോടന ശബ്ദങ്ങൾ വ്യോമപ്രതിരോധ സേനയുടെ മിസൈൽ പ്രതിരോധ നടപടികൾ മൂലമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ആകാശത്തുവെച്ച് തകർത്ത മിസൈലുകളുടെയോ ഡ്രോണുകളുടെയോ അവശിഷ്ടങ്ങൾ വീണുകിടക്കുന്നത് കണ്ടാൽ പൊതുജനങ്ങൾ അവയ്ക്ക് സമീപം പോകാനോ, തൊടാനോ, ചിത്രങ്ങൾ പകർത്താനോ പാടില്ലെന്ന് കർശന നിർദേശമുണ്ട്.
ഇത്തരം അവശിഷ്ടങ്ങൾ കണ്ടാൽ ഉടൻ തന്നെ 999 എന്ന നമ്പറിൽ വിളിച്ച് അധികൃതരെ വിവരമറിയിക്കണം. കഴിഞ്ഞ മെയ് 4-ന് ശേഷം, കൃത്യമായി പറഞ്ഞാൽ 69 ദിവസങ്ങൾക്ക് ശേഷം ആദ്യമായാണ് യുഎഇയിൽ ഇത്തരമൊരു അടിയന്തരാവസ്ഥാ മുന്നറിയിപ്പ് നൽകുന്നത്. ജൂൺ 26-ന് ജനങ്ങൾക്ക് ലഭിച്ച അലേർട്ട് സാങ്കേതിക തകരാർ മൂലമായിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം, ഇന്ന് രാവിലെയുണ്ടായ മിസൈൽ ആക്രമണം രാജ്യത്തിന്റെ അതിർത്തിക്ക് പുറത്താണെന്നും മുന്നറിയിപ്പ് നൽകിയത് സുരക്ഷ ഉറപ്പാക്കാനാണെന്നും ദേശീയ സുരക്ഷാ കൗൺസിൽ വ്യക്തമാക്കി. യുഎഇയിലുള്ളവർ പരിഭ്രാന്തരാകേണ്ടതില്ലെന്നും കൗൺസിൽ വിശദീകരിച്ചു.
ആക്രമണം പ്രതിരോധിച്ച് രാജ്യങ്ങൾ
ഖത്തറിലും ബഹ്‌റൈനിലും വ്യോമപ്രതിരോധ സംവിധാനങ്ങൾ സമാനമായ രീതിയിൽ മിസൈലുകളും ഡ്രോണുകളും ആകാശത്തുവെച്ച് തകർത്തിട്ടുണ്ട്. ഖത്തറിലുണ്ടായ ആക്രമണത്തിൽ ഒരു കുട്ടി അടക്കം മൂന്ന് പേർക്ക് പരിക്കേറ്റതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ആകാശത്തുവെച്ച് തകർത്ത മിസൈൽ അവശിഷ്ടം വീണ് ആണ് ഇവർക്ക് പരിക്കേറ്റത്. മുന്നറിയിപ്പ് സൈറൺ ലഭിക്കുന്ന സമയത്ത് സുരക്ഷിത ഇടങ്ങളിലേക്ക് മാറണമെന്ന് അധികൃതർ നിർദേശിക്കുന്നു. കുവൈത്ത് ലക്ഷ്യമിട്ട് എത്തിയ വ്യോമാക്രമണത്തെ പ്രതിരോധിച്ചതായി കുവൈത്ത് ആർമി ജനറൽ സ്റ്റാഫ്. ഇന്ന് പുലർച്ചെയാണ് രാജ്യത്തിന്റെ വ്യോമപ്രതിരോധ സംവിധാനം ആക്രമണങ്ങളെ വിജയകരമായി നേരിട്ടത്. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ഇന്ന് പുലർച്ചെയോടെ വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. വ്യോമാതിർത്തിയിലേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിച്ച അജ്ഞാത വസ്തുക്കളെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ആകാശത്തുവെച്ച് തന്നെ തടയുകയും തകർക്കുകയും ചെയ്തതു മൂലമാണ് ഈ ശബ്ദമുണ്ടായതെന്ന് സൈന്യം ഔദ്യോഗിക പ്രസ്താവനയിലൂടെ വിശദീകരിച്ചു.
ആക്രമണത്തിന് പിന്നിൽ യുഎസ് – ഇറാൻ പോര്
ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന ചരക്കുകപ്പലിന് നേരെ ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) പ്രത്യാക്രമണം നടത്തിയതാണ് നിലവിലെ സംഘർഷങ്ങൾക്ക് കാരണം. സൈപ്രസ് പതാക ഘടിപ്പിച്ച ‘എം.വി ജി.എഫ്.എസ് ഗാലക്സി’ (M/V GFS Galaxy) എന്ന കണ്ടെയ്നർ കപ്പലിന് നേരെയാണ് ഇറാൻ മുന്നറിയിപ്പ് വെടിയുതിർത്തത്. കപ്പലിന്റെ എഞ്ചിൻ റൂമിന് കനത്ത നാശനഷ്ടം സംഭവിക്കുകയും ഒരു സിവിൽ ജീവനക്കാരനെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെ ഇറാൻ ലക്ഷ്യമാക്കി അമേരിക്കൻ സൈന്യം ശക്തമായ പ്രത്യാക്രമണം നടത്തി.









Leave a Reply