Advertisement

ലഗേജിനുള്ളിലെ ചാർജിങ്: വിമാനത്തിന് അടിയന്തര ലാൻഡിങ്, പ്രതിസന്ധിയിലായത് 180 യാത്രക്കാർ

ലണ്ടൻ: മാനദണ്ഡങ്ങൾ പാലിക്കാതെ വിമാന യാത്രക്കാർ പവർ ബാങ്കുകൾ ലഗേജുകളിൽ സൂക്ഷിക്കുന്നതു മൂലമുള്ള ബുദ്ധിമുട്ടുകൾക്കെതിരേ യുകെ സിവിൽ ഏവിയേഷൻ റഗുലേറ്റർ രംഗത്ത്.

ഇതുസംബന്ധിച്ച് കൂടുതൽ ബോധവൽക്കരണവും ചെക്ക് ഇൻ സമയത്തെ വിശദമായ പരിശോധനകളും ആവശ്യമാണെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പു നൽകി. പവർ ബാങ്കുകൾ ചൂടായുള്ള അപകട സാധ്യത ഏറെയായതിനാലാണിത്.

വിമാനയാത്രക്കാർ വലിയ പെട്ടികളിൽ പവർ ബാങ്കുകൾ സൂക്ഷിക്കുന്നത് കർശനമായി നിരോധിച്ചിട്ടുള്ളതാണ്. ഹാൻഡ് ബാഗിനുള്ളിൽ മാത്രമാണ് പവർ ബാങ്കുകൾ സൂക്ഷിക്കാൻ അനുമതിയുള്ളത്. ഇതുതന്നെ വിമാനത്തിനുള്ളിൽ റീചാർജ് ചെയ്ത് ഉപയോഗിക്കാനും പാടില്ല.

കഴിഞ്ഞദിവസം ലഗേജിനുള്ളിൽ പവർ ബാങ്ക് കണക്ട് ചെയ്ത് ഫോൺ ചാർജ് ചെയ്യാൻ വെച്ച സംഭവത്തെത്തുടർന്ന് ലണ്ടനിലേക്ക് വരികയായിരുന്ന ഈസിജെറ്റ് വിമാനം യാത്രാമധ്യേ അടിയന്തരമായി തിരിച്ചിറക്കേണ്ടി വന്നിരുന്നു. ഈജിപ്തിൽ നിന്നും ലണ്ടനിലെ ലൂട്ടൺ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട EZY2618 എന്ന വിമാനമാണ് സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഇറ്റലിയുടെ തലസ്ഥാനമായ റോമിലെ എയർപോർട്ടിൽ അടിയന്തരമായി ലാൻഡ് ചെയ്യേണ്ടി വന്നത്.

വിമാനം പാതിവഴി ആയപ്പോഴാണ് ഒരു വനിതാ യാത്രക്കാരി താൻ വലിയ പെട്ടിക്കുള്ളിൽ പവർ ബാങ്ക് ഉപയോഗിച്ച് മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ വെച്ചിട്ടുണ്ടെന്ന വിവരം കാബിൻ ക്രൂവിനെ അറിയിക്കുന്നത്. ലിഥിയം ബാറ്ററികൾ അടങ്ങിയ പവർ ബാങ്കുകൾ ഇത്തരത്തിൽ ലഗേജ് ഏരിയയിൽ വെക്കുന്നത് തീപിടിത്തത്തിന് കാരണമാകുമെന്നതിനാൽ വിമാനത്തിലെ ജീവനക്കാർ ഉടനടി ക്യാപ്റ്റനെ വിവരമറിയിച്ചു. സ്ഥിതിഗതികൾ മനസ്സിലാക്കിയ ക്യാപ്റ്റൻ പെട്ടെന്ന് തന്നെ വിമാനത്തിന്റെ ദിശ മാറ്റുകയും റോമിലേക്ക് തിരിച്ചുവിടാൻ അനുമതി തേടുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *