Advertisement

റഹീം കേസ്; നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തില്‍, നാട്ടിലെത്തുന്ന തിയ്യതി തീരുമാനമായിട്ടില്ല

സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചനം വൈകാതെയുണ്ടാകും. സൗദി ക്രമിനല്‍ കോടതിയുടെ അന്തിമ വിധിയനുസരിച്ചുള്ള 20 വര്‍ഷത്തെ തടവുശിക്ഷ നാളെ (ബുധന്‍) അവസാനിക്കും. നാളെ റഹീമിനെ ഫൈനല്‍ എക്‌സിറ്റ് കാത്തിരിക്കുന്നവരുടെ ജയിലിലേക്ക് മാറ്റും. ശേഷം ഫൈനല്‍ എക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കും. വ്യാഴാഴ്ചക്ക് ശേഷം ബലിപെരുന്നാള്‍ അവധി ആരംഭിക്കുന്നതിനാല്‍ അതിന് മുമ്പ് ഫൈനല്‍ എക്‌സിറ്റ് ലഭിക്കുന്നതിന് വേണ്ടി ഇന്ത്യന്‍ എംബസിയും സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂരും സജീവമായി രംഗത്തുണ്ട്. 

രേഖകള്‍ പ്രകാരം നാളെയാണ് 20 വര്‍ഷത്തെ തടവുശിക്ഷ പൂര്‍ത്തിയാകുക. ശേഷം ഫൈനല്‍ എക്‌സിറ്റ് ലഭിക്കണം. വ്യാഴാഴ്ചയോടെ ഫൈനല്‍ എക്‌സിറ്റ് ലഭിച്ചാല്‍ ഉടന്‍ നാട്ടിലേക്ക് പോകാം. ഇല്ലെങ്കില്‍ അവധി കഴിയുന്ന ജൂണ്‍ രണ്ടിന് ശേഷം മാത്രമേ എക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയാവുകയുള്ളൂ. ഫൈനല്‍ എക്‌സിറ്റ് നല്‍കുന്നതിനുള്ള താത്കാലിക പാസ്‌പോര്‍ട്ട് ഇന്ത്യന്‍ എംബസി കഴിഞ്ഞ ദിവസം അനുവദിച്ചിട്ടുണ്ട്. ഇതുപയോഗിച്ചാണ് ഫൈനല്‍ എക്‌സിറ്റിന് അപേക്ഷ നല്‍കിയിട്ടുള്ളത്.

2006 ഡിസംബര്‍ 24നാണ് സൗദി ബാലന്‍ അനസ് അല്‍ശഹ്‌റി കൊല്ലപ്പെട്ട കേസില്‍ റഹീം ജയിലിലാവുന്നത്. തുടര്‍ന്ന് നീണ്ട 20 വര്‍ഷം നിയമനടപടികളുമായി മുന്നോട്ട് പോയി. അതിനിടെ കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ട ദിയാധനം ഇന്ത്യന്‍ എംബസി റിയാദ് കോടതിയില്‍ അടച്ചു. ശേഷമാണ് തടവുശിക്ഷ 20 വര്‍ഷം പൂര്‍ത്തിയാക്കണമെന്ന് കോടതി വിധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *