ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപും തമ്മിൽ ഫോണിൽ സംസാരിച്ചു. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളും ഇറാനുമായുള്ള വെടിനിർത്തൽ അടക്കമുള്ള നിലവിലെ സാഹചര്യങ്ങളുമാണ് ഇരുവരും ചർച്ച ചെയ്തത്.
40 മിനിറ്റാണ് മോദിയുടെ ട്രംപും തമ്മിലുള്ള ചർച്ച നീണ്ടുനിന്നത്. വെടിനിർത്തലിന് ശേഷമുള്ള ഇരുനേതാക്കളുടെയും ആദ്യ സംഭാഷണമാണ് ഇന്നുണ്ടായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ട്രംപ് വിളിച്ച കാര്യം എക്സിലൂടെ പങ്കുവച്ചത്. പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കേണ്ടതിന്റെയും ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കത്തിലെ ഇന്ത്യയുടെ നിലപാട് ചർച്ചയിൽ ഊന്നിപ്പറഞ്ഞെന്നും മോദി അറിയിച്ചു.
ഹോർമുസ് കടലിടുക്ക് സുരക്ഷിതമായും തടസ്സമില്ലാതെയും നിലനിർത്തേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കിയെന്നാണ് മോദി കുറിച്ചത്. മേഖലയിലെ സംഘർഷം കുറയ്ക്കാനുള്ള ശ്രമങ്ങൾക്ക് ഇന്ത്യയുടെ പൂർണ്ണ പിന്തുണ പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്. സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ ഇരുരാജ്യങ്ങളും സംയുക്തമായി പ്രവർത്തിക്കുമെന്നും ചർച്ചയിൽ ധാരണയായെന്നും മോദി കുറിച്ചു.
മോദി കുറിച്ചതിങ്ങനെ
മൈ ഫ്രണ്ട്, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിൽ നിന്നും ഒരു ഫോൺ കോൾ ലഭിച്ചു. വിവിധ മേഖലകളിലെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിൽ കൈവരിച്ച ഗണ്യമായ പുരോഗതി ഞങ്ങൾ വിലയിരുത്തി. എല്ലാ മേഖലകളിലും നമ്മുടെ സമഗ്ര ആഗോള തന്ത്രപരമായ പങ്കാളിത്തം (Comprehensive Global Strategic Partnership) കൂടുതൽ ശക്തിപ്പെടുത്താൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. പശ്ചിമേഷ്യയിലെ സാഹചര്യങ്ങളും ഞങ്ങൾ ചർച്ച ചെയ്തു. ഹോർമുസ് കടലിടുക്ക് സുരക്ഷിതമായും തടസ്സമില്ലാതെയും നിലനിർത്തേണ്ടതിന്റെ പ്രാധാന്യം ഞങ്ങൾ ഊന്നിപ്പറഞ്ഞു.









Leave a Reply