Advertisement

ഗൾഫിൽ നിന്ന് പുതിയ ഐഫോൺ കൊണ്ടുവരുന്നോ? പ്രവാസികൾ ഈ കസ്റ്റംസ് നിയമം അറിയണം

ഗള്‍ഫില്‍നിന്ന് നാട്ടിലേക്ക് മടങ്ങുന്നവരുടെ ലഗേജിലെ പ്രധാന ആകര്‍ഷണം ഇപ്പോള്‍ ഐഫോണ്‍ 18 പ്രോ ആയിരിക്കും. പുതിയ ഐഫോണുകളുമായി എത്തുന്ന ഗള്‍ഫ് പെട്ടികളാണ് നാട്ടിലെ ട്രെന്‍ഡ്. എന്നാല്‍ വിമാനയാത്രയിലെ പുതിയ വിവാദവും ഐഫോണ്‍ തന്നെ. അതിന് കാരണമാകുന്നത് ഇന്ത്യയിലെ കസ്റ്റംസ് നിയമങ്ങളും. സ്വന്തം ആവശ്യത്തിനായി വാങ്ങിയ ഫോണുകള്‍ക്ക് പോലും വലിയ തുക നികുതി ആവശ്യപ്പെടുന്നുവെന്നാണ് യാത്രക്കാരില്‍നിന്ന് ഉയരുന്ന പരാതി.

കൊച്ചി വിമാനത്താവളത്തിലെ ഐഫോൺ വിവാദം

ഒരാഴ്ച മുമ്പ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലുണ്ടായ ഐഫോണ്‍ വിവാദം ഇതിന് ഉദാഹരണമാണ്. ഇന്ത്യയിലെ കസ്റ്റംസ് നിയമങ്ങളെ കുറിച്ച് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ച സംഭവം. കോഴിക്കോട് സ്വദേശി അജാസ് മുഹമ്മദ് ഒക്ടോബര്‍ 23-ന് അബൂദബിയില്‍നിന്ന് കൊച്ചി വിമാനത്താവളത്തിലെത്തിയപ്പോഴാണ് തര്‍ക്കമുണ്ടായത്. പുതിയ ഫോണിന്റെ പേരില്‍ കസ്റ്റംസ് നികുതി ആവശ്യപ്പെട്ടതോടെ തുടങ്ങിയ വിവാദം, ഇപ്പോള്‍ നിയമപോരാട്ടത്തിലേക്കും കടന്നിരിക്കുകയാണ്.

ദുബൈയില്‍നിന്ന് വാങ്ങിയ ഐഫോണ്‍ 18 പ്രോ ആയിരുന്നു അജാസിന്റെ കൈവശമുണ്ടായിരുന്നത്. ആറുവര്‍ഷമായി ഉപയോഗിക്കുന്ന പഴയ ഐഫോണും ഒപ്പമുണ്ടായിരുന്നു. പുതിയ ഫോണിന്റെ പാക്കിങ് ബോക്‌സ് ഒഴിവാക്കിയാണ് യാത്ര ചെയ്തതെന്നും സ്വന്തം ആവശ്യത്തിനുള്ളതാണെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാല്‍ നികുതിയായി 20,000 മുതല്‍ 30,000 രൂപ വരെ ആവശ്യപ്പെട്ടതോടെ തര്‍ക്കം രൂക്ഷമായി. വിമാനത്താവളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച അജാസിനെ സി.ഐ.എസ്.എഫ് ഇടപെട്ടാണ് മാറ്റിയത്. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന പരാതിയില്‍ നെടുമ്പാശ്ശേരി പൊലീസ് കേസും രജിസ്റ്റര്‍ ചെയ്തു.

പുതിയ ബാ​ഗേജ് നിയമങ്ങൾ

ഇവിടെയാണ് 2026 ഫെബ്രുവരി രണ്ട് മുതല്‍ ഇന്ത്യയില്‍ പ്രാബല്യത്തിലുള്ള പുതിയ ബാഗേജ് നിയമങ്ങള്‍ പ്രവാസികള്‍ അറിഞ്ഞിരിക്കേണ്ടത്. വിമാനത്തിലോ കപ്പലിലോ ഇന്ത്യയിലെത്തുന്ന താമസക്കാര്‍ക്ക് 75,000 രൂപ വരെയുള്ള സാധനങ്ങള്‍ക്ക് പൊതുവായ നികുതിയിളവുണ്ട്. എന്നാല്‍ ഇത് മൊബൈല്‍ ഫോണുകള്‍ക്ക് മാത്രമുള്ള പ്രത്യേക ആനുകൂല്യമല്ല. യാത്രക്കാരന്‍ കൊണ്ടുവരുന്ന യോഗ്യമായ സാധനങ്ങളുടെ ആകെ മൂല്യത്തിനാണ് ഈ പരിധി ബാധകം.

ദൈനംദിന ഉപയോഗത്തിലുള്ള പഴയ വ്യക്തിഗത സാധനങ്ങള്‍ക്ക് വേറെയും ഇളവുകളുണ്ട്. എന്നാല്‍ വിദേശത്തുനിന്ന് പുതുതായി വാങ്ങിയ ഫോണ്‍, സ്വന്തം ആവശ്യത്തിനുള്ളതാണെന്ന കാരണത്താല്‍ മാത്രം നികുതിയില്‍നിന്ന് ഒഴിവാകില്ല. ഫോണിന്റെ വില, ഉപയോഗം, ഒപ്പമുള്ള മറ്റു സാധനങ്ങള്‍, യാത്രക്കാരന്‍ കൊണ്ടുവരുന്ന സാഹചര്യം തുടങ്ങിയവ കസ്റ്റംസ് പരിശോധിച്ചേക്കാം. അതിനാല്‍ ബോക്‌സ് ഒഴിവാക്കിയാല്‍ നികുതി നല്‍കേണ്ടിവരില്ലെന്ന ധാരണയും ശരിയല്ല.

പുതിയ നിയമത്തില്‍ ഒരാള്‍ക്ക് ഒരു മൊബൈല്‍ ഫോണ്‍ മാത്രമേ കൊണ്ടുവരാനാകൂ എന്ന പ്രത്യേക പരിധിയില്ല. എന്നാല്‍ പുതിയ ഫോണിന്റെ കാര്യത്തില്‍ പൊതുവായ നികുതിയിളവിന്റെ പരിധിയും മറ്റ് വ്യവസ്ഥകളും ബാധകമാണ്. ദുബൈയില്‍നിന്ന് ഐഫോണുകള്‍ വ്യാപകമായി നാട്ടിലെത്തുന്നതിന് പിന്നിലെ പ്രധാന കാരണം അതിന്റെ വിലയിലെ വ്യത്യാസമാണ്. ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ഏകദേശം 30,000 മുതല്‍ 33,000 രൂപ വരെ വിലകുറവിലാണ് ദുബൈയില്‍ ഐഫോണ്‍ ലഭിക്കുന്നത്.

ഇനി തിരിച്ച് ബാഗേജ് നിയമത്തിലേക്ക് തന്നെ വരാം. പൊതുവായ നികുതിയിളവ് 50,000 രൂപയില്‍ നിന്ന് 75,000 രൂപയായി ഉയര്‍ത്തിയതാണ് നിയമത്തിലെ പ്രധാന മാറ്റം. ഇന്ത്യന്‍ പൗരന്മാര്‍ക്കും ഇന്ത്യന്‍ വംശജരായ വിദേശ വിനോദസഞ്ചാരികള്‍ക്കും ടൂറിസ്റ്റ് വിസ ഒഴികെയുള്ള സാധുവായ വിസയില്‍ ആറുമാസത്തിലധികം ഇന്ത്യയില്‍ താമസിക്കുന്ന വിദേശികള്‍ക്കുമാണ് ഈ ആനുകൂല്യം. വിദേശ വിനോദസഞ്ചാരികള്‍ക്ക് 25,000 രൂപ വരെയാണ് ഇളവ്.

ഫോണിനൊപ്പം പ്രവാസികള്‍ നാട്ടിലേക്ക് കൊണ്ടുവരുന്ന മറ്റൊരു പ്രധാന ഉപകരണമാണ് ലാപ്‌ടോപ്. 18 വയസ്സ് പൂര്‍ത്തിയായ ഓരോ യാത്രക്കാരനും ഒരു പുതിയ ലാപ്‌ടോപ് നികുതിയില്ലാതെ കൊണ്ടുവരാം. 75,000 രൂപയുടെ പൊതുവായ ഇളവില്‍നിന്ന് വ്യത്യസ്തമായ പ്രത്യേക ആനുകൂല്യമാണിത്.

സ്വര്‍ണാഭരണങ്ങളുടെ കാര്യത്തിലും ഇളവുകളുണ്ട്. ഒരു വര്‍ഷത്തിലധികമായി വിദേശത്ത് താമസിച്ച ഇന്ത്യന്‍ വംശജര്‍ക്ക് നാട്ടിലേക്ക് മടങ്ങുമ്പോള്‍ നിശ്ചിത അളവില്‍ ആഭരണങ്ങള്‍ നികുതിയില്ലാതെ കൊണ്ടുവരാം. സ്ത്രീകള്‍ക്ക് 40 ഗ്രാം വരെയും മറ്റുള്ളവര്‍ക്ക് 20 ഗ്രാം വരെയുമാണ് പരിധി. പഴയതുപോലെ മൂല്യത്തിന്റെ അടിസ്ഥാനത്തിലല്ല, സ്വര്‍ണത്തിന്റെ തൂക്കമനുസരിച്ചാണ് ഈ ഇളവ്. എന്നാല്‍ സ്വര്‍ണക്കട്ടികള്‍ക്കും നാണയങ്ങള്‍ക്കും ഇത് ബാധകമല്ല.

തോക്കുകൾ, പുകയില ഉൽപന്നങ്ങൾ

ഗള്‍ഫില്‍ നിന്നുള്ള ചില സാധനങ്ങള്‍ക്ക് പ്രത്യേകം നിയന്ത്രണങ്ങളുണ്ട്. തോക്കുകള്‍, അനുവദനീയമായ പരിധിക്കപ്പുറമുള്ള വെടിയുണ്ടകള്‍, സിഗരറ്റ്, സിഗാര്‍, പുകയില, രണ്ട് ലിറ്ററില്‍ കൂടുതല്‍ മദ്യം എന്നിവ ഇതില്‍പ്പെടും. ടെലിവിഷന്‍, ആഭരണമല്ലാത്ത സ്വര്‍ണം, വെള്ളി, വാണിജ്യ ആവശ്യത്തിനുള്ള ഉല്‍പ്പന്നങ്ങള്‍ എന്നിവയും പൊതുവായ നികുതിയിളവിന്റെ പരിധിയില്‍ വരില്ല. അതിനാല്‍ വിലകൂടിയ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ബില്ലുകള്‍ സൂക്ഷിക്കുകയും യാത്രയ്ക്കുമുമ്പ് നിലവിലെ കസ്റ്റംസ് വ്യവസ്ഥകള്‍ പരിശോധിക്കുകയും വേണം.

പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് Transfer of Residence

പ്രവാസം അവസാനിപ്പിച്ച് സ്ഥിരമായി നാട്ടിലേക്ക് മടങ്ങുന്നവര്‍ക്കായി കൂടുതല്‍ ഇളവുകളുമുണ്ട്. Transfer of Residence എന്ന പേരിലുള്ള ഈ ആനുകൂല്യം വിദേശത്ത് താമസിച്ച കാലയളവിനെ അടിസ്ഥാനമാക്കിയാണ്. മൂന്ന് മാസം മുതല്‍ ഒരു വര്‍ഷത്തില്‍ താഴെ വരെ വിദേശത്ത് താമസിച്ചവര്‍ക്ക് 1.5 ലക്ഷം രൂപ വരെയും, ഒരു വര്‍ഷം മുതല്‍ രണ്ടുവര്‍ഷത്തില്‍ താഴെ വരെ താമസിച്ചവര്‍ക്ക് മൂന്ന് ലക്ഷം രൂപ വരെയുമാണ് ഇളവ് ലഭിക്കുക. അതേസമയം, രണ്ടുവര്‍ഷത്തിലധികം വിദേശത്ത് കഴിഞ്ഞവര്‍ക്ക് 7.5 ലക്ഷം രൂപ വരെയാണ് പരിധി. എന്നാല്‍ ഈ ആനുകൂല്യം ഉപയോഗിച്ച് വിദേശത്തുനിന്ന് വാങ്ങുന്ന എന്തും നികുതിയില്ലാതെ കൊണ്ടുവരാമെന്നല്ല. വ്യക്തിഗതവും വീട്ടുപയോഗത്തിനുമുള്ള അനുവദനീയമായ സാധനങ്ങളുടെ പട്ടികയും മറ്റ് യോഗ്യതാ വ്യവസ്ഥകളും പാലിക്കണം.

നികുതി അടയ്‌ക്കേണ്ട സാധനങ്ങള്‍ കൈവശമുണ്ടെങ്കില്‍ കസ്റ്റംസില്‍ അറിയിക്കണം

നികുതി അടയ്‌ക്കേണ്ടതോ നിയന്ത്രണമുള്ളതോ ആയ സാധനങ്ങള്‍ കൈവശമുണ്ടെങ്കില്‍ കസ്റ്റംസില്‍ മുന്‍കൂട്ടി അറിയിക്കണം. ഇതിനായി CBD-I ഫോം ഉപയോഗിക്കാം. അതിഥി ആപ്പ് വഴിയോ ICEGATE വെബ്‌സൈറ്റ് വഴിയോ ഇന്ത്യയിലെത്തുന്നതിന് മൂന്ന് ദിവസം മുമ്പ് മുതല്‍ വിവരങ്ങള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. വിമാനത്താവളത്തിലെത്തിയ ശേഷവും ഡിക്ലറേഷന്‍ നടത്താനുള്ള സൗകര്യമുണ്ട്.

നികുതി അടയ്‌ക്കേണ്ടതോ ഡിക്ലയര്‍ ചെയ്യേണ്ടതോ ആയ സാധനങ്ങള്‍ കൈവശമുള്ളവര്‍ റെഡ് ചാനലിലൂടെയാണ് കടന്നുപോകേണ്ടത്. അത്തരം സാധനങ്ങളില്ലാത്തവര്‍ക്ക് ഗ്രീന്‍ ചാനല്‍ ഉപയോഗിക്കാം. എന്നാല്‍ നികുതി അടക്കേണ്ട വസ്തുക്കള്‍ മറച്ചുവെച്ച് ഗ്രീന്‍ ചാനലിലൂടെ കടന്നാല്‍ പിഴയും സാധനങ്ങള്‍ പിടിച്ചെടുക്കലും ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ നേരിടേണ്ടിവരും.

ഗള്‍ഫില്‍നിന്ന് ഫോണ്‍ ഉള്‍പ്പെടെയുള്ള വിലകൂടിയ സാധനങ്ങള്‍ കൊണ്ടുവരുന്നതിന് മുമ്പ് കസ്റ്റംസ് നിയമങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ചെറിയൊരു അശ്രദ്ധ പോലും വിമാനത്താവളത്തിലെ തര്‍ക്കത്തിനും വലിയ സാമ്പത്തിക ബാധ്യതയ്ക്കും കാരണമായേക്കാം.

Leave a Reply

Your email address will not be published. Required fields are marked *