Advertisement

ജിദ്ദ ടവർ 120 നിലകൾ പിന്നിട്ടു

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന ലക്ഷ്യത്തിലേക്ക് കുതിക്കുന്ന ജിദ്ദ ടവറിന്റെ നിർമാണം 120 നിലകൾ പിന്നിട്ടു. നിലവിൽ ഏകദേശം 482 മീറ്റർ ഉയരം പൂർത്തിയായതായി കിങ്ഡം ഹോൾഡിങ് കമ്പനി അറിയിച്ചു. കൂടാതെ ടവറിന്റെ മുൻഭാഗത്തെ ഗ്ലാസ് ക്ലാഡിങ് പാനലുകളുടെ 14 ശതമാനവും സ്ഥാപിച്ചു കഴിഞ്ഞു. നിലവിൽ മെക്കാനിക്കൽ, ഇലക്ട്രിക്കൽ, പ്ലംബിങ് ജോലികളുടെ ആദ്യഘട്ട പ്രവർത്തനങ്ങൾ വേഗത്തിൽ നടക്കുകയാണ്. കമ്പനിയുടെ ഏറ്റവും പുതിയ സാമ്പത്തിക അവലോകന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാന ആകർഷണമായ സ്‌കൈ ടെറസിന്റെ സ്റ്റീൽ നിർമാണ കരാർ ലഭിച്ച കമ്പനിയും പദ്ധതി പ്രദേശത്ത് പണികൾ ആരംഭിച്ചിട്ടുണ്ട്. നടപ്പുവർഷം അവസാനിക്കുന്നതിന് മുൻപ് തന്നെ കെട്ടിടത്തിന്റെ ഉയരം അര കിലോമീറ്ററിലേക്ക് (500 മീറ്റർ) എത്തുമെന്ന് കിങ്ഡം ഹോൾഡിങ് സി.ഇ.ഒ തലാൽ ഇബ്രാഹിം അൽ മൈമൻ പ്രതീക്ഷ പ്രകടിപ്പിച്ചു.

സൗദി ബിൻലാദിൻ ഗ്രൂപ്പുമായി സഹകരിച്ചാണ് നിർമാണം ദ്രുതഗതിയിൽ മുന്നേറുന്നത്. 2024 ഒക്ടോബറിലാണ് ടവർ പൂർത്തിയാക്കാനായി സൗദി ബിൻലാദിൻ ഗ്രൂപ്പുമായി ജിദ്ദ ഇക്കണോമിക് കമ്പനി (ജെ.ഇ.സി) ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. തുടർന്ന് 2025 ജനുവരിയിൽ ഔദ്യോഗികമായി നിർമാണ പ്രവർത്തനങ്ങളും കോൺക്രീറ്റിങ്ങും പുനരാരംഭിക്കുകയായിരുന്നു. 720 കോടി റിയാലാണ് ഈ ബൃഹദ് കരാറിന്റെ ആകെ ചെലവ് കണക്കാക്കുന്നത്. പൂർത്തിയായ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗിക തുകയായി ഇതിനകം 110 കോടി റിയാൽ നൽകിയിട്ടുണ്ട്. 42 മാസമാണ് കരാർ കാലാവധിയായി നിശ്ചയിച്ചിരിക്കുന്നത്. പദ്ധതി പൂർത്തിയാകുമ്പോൾ ജിദ്ദ ടവറിന്റെ ഉയരം ഒരു കിലോമീറ്ററിലധികം (1,000 മീറ്ററിലേറെ) വരും. അനുബന്ധ സ്ഥാപനമായ ജിദ്ദ ഇക്കണോമിക് കമ്പനിയുടെ ദീർഘകാല സാധ്യതകൾ വലിയ പ്രതീക്ഷ നൽകുന്നതാണെന്ന് കിങ്ഡം ഹോൾഡിങ് വ്യക്തമാക്കി. എല്ലാ ഘട്ടങ്ങളും സമയബന്ധിതമായി മുന്നോട്ട് നീങ്ങിയാൽ 2028ഓടെ ടവർ പൂർണമായും സജ്ജമാകുമെന്നാണ് കമ്പനി സി.ഇ.ഒ വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *