പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷാന്തരീക്ഷത്തെത്തുടർന്ന് സൗദി വേദിയാകുന്ന 2027ലെ ഏഷ്യൻ കപ്പ് ഫുട്‌ബോൾ ടൂർണമെന്റ് മാറ്റിവെച്ചു. മുൻ നിശ്ചയിച്ച പ്രകാരം 2027 ജനുവരി 7ന് റിയാദിൽ ആരംഭിക്കേണ്ടിയിരുന്ന മത്സരങ്ങൾ ഡിസംബറിലേക്ക് പുനഃക്രമീകരിച്ചതായി ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷൻ (എ.എഫ്.സി) അറിയിച്ചു. പുതിയ സമയക്രമം അനുസരിച്ച് 24 രാജ്യങ്ങൾ പങ്കെടുക്കുന്ന പോരാട്ടം 2027 ഡിസംബർ 23 മുതൽ 2028 ജനുവരി 21 വരെ നടക്കും. സൗദി അറേബ്യൻ ഫുട്‌ബോൾ ഫെഡറേഷനുമായും പ്രാദേശിക സംഘാടക സമിതിയുമായും നടത്തിയ വിശദമായ ചർച്ചകൾക്ക് ശേഷമാണ് ഈ നിർണായക തീരുമാനമെടുത്തത്.
മേഖലയിലെ നിലവിലെ അസാധാരണ സാഹചര്യങ്ങളും വിമാന സർവീസുകളടക്കമുള്ള യാത്രാ തടസ്സങ്ങളും പരിഗണിച്ചാണ് മാറ്റമെന്ന് എ.എഫ്.സി ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കി. കഴിഞ്ഞ ഏതാനും ആഴ്ചകളായി യമനിലെ ഹൂതികളിൽ നിന്നുള്ള മിസൈൽ-ഡ്രോൺ ആക്രമണ ഭീഷണി സൗദി നേരിടുന്നുണ്ട്. ഈ സാഹചര്യത്തിൽ സുരക്ഷയെക്കുറിച്ച് വിവിധ ടീമുകൾ ആശങ്ക അറിയിച്ചിരുന്നു.
താരങ്ങളുടെയും ഒഫീഷ്യലുകളുടെയും കാണികളുടെയും പൂർണ സുരക്ഷ മുൻനിർത്തിയാണ് ടൂർണമെന്റ് തീയതികൾ മാറ്റിയതെന്ന് സംഘാടകർ അറിയിച്ചു. മത്സരം സുഗമമായി നടത്തുന്നതിനുള്ള പശ്ചാത്തല സൗകര്യങ്ങളും യാത്രാ സൗകര്യങ്ങളും ഒരുക്കാൻ കൂടുതൽ സമയം ആവശ്യമാണ്. ഏഷ്യൻ ഫുട്‌ബോളിലെ ഏറ്റവും വലിയ പോരാട്ടം കൂടുതൽ സുരക്ഷിതമായ അന്തരീക്ഷത്തിൽ ആരാധകരിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്നും എ.എഫ്.സി വ്യക്തമാക്കി. പുതിയ തീയതികൾ അന്തിമ അനുമതിക്കായി ഫിഫയ്ക്ക് സമർപ്പിക്കും.









Leave a Reply