Advertisement

മിഡിൽ ഈസ്റ്റിലെ ടെക് ഹബ്ബായി സൗദി മാറുന്നു; പിന്നിൽ ഗൂഗിളിന്റെ അമ്പരപ്പിക്കുന്ന മാസ്റ്റർപ്ലാൻ

ആഗോള സാങ്കേതിക രംഗത്ത് നിർണായക ചുവടുവെപ്പുമായി ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റ് സൗദിയിൽ വൻ ഡിജിറ്റൽ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കുന്നു. റിയാദിൽ നടന്ന ‘ലീപ്’ ആഗോള ടെക് സമ്മേളനത്തിലാണ് 530 കോടി യു.എസ് ഡോളർ (ഏകദേശം 1,980 കോടി സൗദി റിയാൽ) നിക്ഷേപം ഉൾപ്പെടുന്ന ചരിത്രപ്രധാനമായ ഈ പദ്ധതി പ്രഖ്യാപിച്ചത്. രാജ്യത്തെ ആദ്യത്തെ അത്യാധുനിക ക്ലൗഡ് റീജിയൻ വരുന്ന ഡിസംബറോടെ പൂർണതോതിൽ പ്രവർത്തനസജ്ജമാകും. സൗദി അറേബ്യയെ മധ്യപൂർവേഷ്യൻ മേഖലയിലെ പ്രധാന ടെക് ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ ഒരുങ്ങുന്നത്.

സർക്കാർ സ്ഥാപനങ്ങൾ, പ്രാദേശിക ബാങ്കിങ് മേഖല, അന്താരാഷ്ട്ര കമ്പനികൾ എന്നിവർക്ക് ഉയർന്ന സുരക്ഷയും വേഗതയുമുള്ള ഡിജിറ്റൽ സേവനങ്ങൾ ഉറപ്പാക്കാൻ ഈ പദ്ധതി വഴിയൊരുക്കും. ബിസിനസ് പ്രക്രിയകൾ ഡിജിറ്റലൈസ് ചെയ്യാനും നിർമ്മിത ബുദ്ധി, ഡാറ്റാ അനലിറ്റിക്സ് തുടങ്ങിയ നൂതന സാങ്കേതികവിദ്യകളിൽ പുതിയ കുതിച്ചുചാട്ടം നടത്താനും ഇത് പ്രാദേശിക വിപണിയെ സഹായിക്കും. കൂടാതെ, തന്ത്രപ്രധാനമായ വിവരങ്ങളും ഡാറ്റയും രാജ്യത്തിനകത്ത് തന്നെ സുരക്ഷിതമായി സൂക്ഷിക്കാൻ സാധിക്കുന്നത് പ്രാദേശിക നിയമവ്യവസ്ഥകൾ പാലിക്കാനും സൈബർ സുരക്ഷ കർശനമായി ഉറപ്പുവരുത്താനും സഹായകമാകും.

Leave a Reply

Your email address will not be published. Required fields are marked *