സൗദി അറേബ്യയിലെത്തി ദിവസങ്ങൾക്കകം മരിക്കുകയും ആരുമില്ലാതെ മോർച്ചറിയിൽ കഴിയുകയും ചെയ്ത ഉത്തർപ്രദേശ് ദിയോറിയ സ്വദേശി ഗുലാം മുസ്തഫയുടെ (35) മൃതദേഹം റിയാദ് കെ.എം.സി.സി വെൽഫെയർ വിങ്ങിന്റെ ഇടപെടലിലൂടെ സംസ്കരിച്ചു. കഴിഞ്ഞ ജൂലൈ 18-നാണ് ഗുലാം മുസ്തഫ തൊഴിൽ വിസയിൽ സൗദിയിൽ എത്തിയത്. എന്നാൽ ജൂലൈ 21-ന് അദ്ദേഹം മരിച്ചു. മരണത്തിൽ സംശയം തോന്നിയതിനെ തുടർന്ന് പൊലീസ് മൃതദേഹം ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. എന്നാൽ അന്വേഷിച്ചെത്താൻ ബന്ധുക്കളോ പരിചയക്കാരോ ഇല്ലാതിരുന്നതിനെ തുടർന്ന് മോർച്ചറി അധികൃതർ വിവരം ഇന്ത്യൻ എംബസിയെ അറിയിക്കുകയായിരുന്നു.
ജൂലൈ 30-ന് എംബസി ഈ വിഷയം റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ്ങിന് കൈമാറി. തുടർന്ന് വെൽഫെയർ വിങ് ജനറൽ കൺവീനർ റിയാസ് തിരൂർക്കാടിന്റെ നേതൃത്വത്തിൽ നടത്തിയ സമയോചിതമായ ഇടപെടലിലൂടെ, ഫോറൻസിക് പരിശോധനാ റിപ്പോർട്ട് ലഭിക്കുന്നതിന് മുമ്പ് തന്നെ പരേതന്റെ നാട്ടിലെ ബന്ധുക്കളെ കണ്ടെത്താൻ കഴിഞ്ഞു. വെൽഫെയർ വിങ്ങിന്റെ നിരന്തര ശ്രമ ഫലമായി ആഗസ്റ്റ് ആറിന് ഫോറൻസിക് റിപ്പോർട്ട് ലഭ്യമാവുകയും തുടർ നിയമനടപടികൾ വേഗത്തിൽ പൂർത്തിയാക്കുകയും ചെയ്തു.
നിയമപരമായ നടപടികൾ പൂർത്തിയായ ശേഷം അൽ രാജ്ഹി പള്ളിയിൽ വെച്ച് മയ്യിത്ത് നമസ്കാരവും സംസ്കാര ശുശ്രൂഷകളും പൂർത്തിയാക്കി നസീം മഖ്ബറയിൽ ഖബറടക്കി. കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ജനറൽ കൺവീനർ റിയാസ് തിരൂർക്കാടിന്റെ നേതൃത്വത്തിൽ പ്രവർത്തകരായ നസീർ കണ്ണീരി, സലീം സിയാംകണ്ടം, ഇസ്ഹാഖ് താനൂർ, അബ്ദുറഹ്മാൻ ചേലമ്പ്ര, അനസ് പെരുവള്ളൂർ, ഹാഷിം കോട്ടക്കൽ, പരേതന്റെ സുഹൃത്ത് അൻവർ എന്നിവരാണ് ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ രംഗത്തുണ്ടായിരുന്നത്.









Leave a Reply