സൗദി അറേബ്യയിലെ ദർബിൽ ഉണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരണപ്പെട്ടു. മലപ്പുറം മൂന്നിയൂർ ചിനക്കൽ സ്വദേശി എരണിക്കൽ അലവി ഹാജിയുടെ മകൻ നൗഫൽ (44) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ തിരുവനന്തപുരം ബാലരാമപുരം സ്വദേശി സവാദ് നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്
അബഹയ്ക്കും ജീസാനും ഇടയിലുള്ള ദർബിൽ ഇവർ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് ജോലി കഴിഞ്ഞ് രാത്രി റോഡ് മുറിച്ചുകടക്കുമ്പോഴാണ് ദാരുണമായ സംഭവം നടക്കുന്നത്. മൂന്ന് മലയാളികൾ ഒരുമിച്ച് റോഡ് മുറിച്ചുകടക്കുകയായിരുന്നു. ഇതിനിടെ ഈജിപ്ഷ്യൻ പൗരൻ ഓടിച്ച വാഹനം ഇവരെ ഇടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മൂന്നാമത്തെ മലയാളി ഓടി മാറിയതിനാൽ അപകടത്തിൽപ്പെടാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
അപകടത്തെത്തുടർന്ന് ഗുരുതര പരിക്കുകളോടെ നൗഫലിനെയും സവാദിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നൗഫലിൻ്റെ ആരോഗ്യാവസ്ഥ മോശമാകുകയും തുടർന്ന് മരണപ്പെടുകയുമായിരുന്നു. ചികിത്സയിലുള്ള സവാദിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നാണ് വിവരങ്ങൾ. മരണപ്പെട്ട നൗഫലിന്റെ തുടർനടപടിക്രമങ്ങളും മറ്റു ഔദ്യോഗിക കാര്യങ്ങളും കെ.എം.സി.സി (KMCC) പ്രവർത്തകരുടെ നേതൃത്വത്തിൽ പുരോഗമിച്ചു വരികയാണ്.








Leave a Reply