സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. പത്തനംതിട്ട മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരും. മഴ കനക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.നാളെയും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്ത് ജില്ലയില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ പത്തനംതിട്ട, എറണാകുളം, ആലപ്പുഴ, മലപ്പുറം, കോട്ടയം, ഇടുക്കി, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്.
നിലവില്‍ സംസ്ഥാനത്തെ നാല് ഡാമുകളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍, പെരിങ്ങല്‍കുത്ത് ഡാമുകളിലാണ് റെഡ് അലര്‍ട്ട്. കക്കയം, കുറ്റ്യാടി ഡാമുകളില്‍ ഓറഞ്ച് അലര്‍ട്ടും മൂഴിയാറില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.കക്കയം ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ നീരൊഴുക്ക് ശക്തമായിരിക്കുകയാണ്. ഡാമിന്റെ ഷട്ടറുകള്‍ തുറക്കേണ്ടി വരുമെന്ന് കെഎസ്ഇബി അറിയിച്ചു. കുറ്റ്യാടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
അതേസമയം സംസ്ഥാനത്ത് മഴക്കെടുതിയെ തുടര്‍ന്ന് എട്ട് മരണങ്ങള്‍ സ്ഥിരീകരിച്ചു. 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും എട്ട് പേരെ കാണാതാവുകയും ചെയ്തു. നിലവില്‍ സംസ്ഥാനത്തുടനീളമായി പ്രവര്‍ത്തിക്കുന്ന 209 ദുരിതാശ്വാസ ക്യാമ്പുകളിലായി 5792 പേരാണുള്ളത്. പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ക്യാമ്പുകള്‍ ഉള്ളത്. 66 ക്യാമ്പുകളിലായി 1669 പേരെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. കോട്ടയം ജില്ലയില്‍ 35 ക്യാമ്പുകളിലായി 824 പേരാണുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ അതിശക്തമായ മഴയില്‍ 27 വീടുകള്‍ പൂര്‍ണമായും 196 വീടുകള്‍ ഭാഗികമായും തകര്‍ന്നു.
അതേസമയം കേരളത്തിലെ കാലാവസ്ഥയുമായി ബന്ധപ്പെട്ട് കൃത്യമായ അറിയിപ്പുകള്‍ നല്‍കിയിരുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം അറിയിച്ചു. മഴ മുന്നറിയിപ്പ് നല്‍കുന്നതില്‍ വീഴ്ചയുണ്ടായെന്ന പ്രതിപക്ഷ ആരോപണത്തിനിടെയാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ പ്രതികരണം. ഇന്നും നാളെയും മഴ കനക്കും. എന്നാല്‍ ഇന്നലത്തേതിനെ അപേക്ഷിച്ച് ഇന്ന് മഴ കുറഞ്ഞേക്കും. ഇന്നലെ ലഭിച്ച ഏറ്റവും കൂടിയ മഴ 36 സെന്റീമീറ്ററാണ്. അതിതീവ്രമഴയാണ് ഇന്നലെ കേരളത്തില്‍ ഉണ്ടായതെന്നും ഐഎംഡി ശാസ്ത്രജ്ഞന്‍ അഖില്‍ ശ്രീ വാസ്തവ പറഞ്ഞു. ആഗസ്റ്റ് ആറ് മുതല്‍ മഴ വീണ്ടും കണക്കുമെന്നും വാസ്തവ വ്യക്തമാക്കി.








Leave a Reply