Advertisement

ജിദ്ദയിൽ വൻ തോതിൽ കേടായ ഭക്ഷണവും ഇറച്ചിയും പിടിച്ചെടുത്ത് നശിപ്പിച്ചു

ജിദ്ദ മുൻസിപ്പാലിറ്റി നടത്തിയ സംയുക്ത പരിശോധനയിൽ ആരോഗ്യത്തിന് ഹാനികരമായ 4.5 ടണ്ണിലധികം ഭക്ഷ്യവസ്തുക്കളും മാംസവും പിടിച്ചെടുത്തു നശിപ്പിച്ചു. ഫൈസലിയയിലെ റെസിഡൻഷ്യൽ ഏരിയ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന അഞ്ച് കേന്ദ്രങ്ങൾ അധികൃതർ കണ്ടെത്തി പൂട്ടിയത്. താമസസ്ഥലങ്ങൾ കേന്ദ്രീകരിച്ച് ആവശ്യമായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളോ ലൈസൻസോ ഇല്ലാതെ പ്രവർത്തിച്ചിരുന്ന റസ്റ്റോറന്റുകൾ, കിച്ചണുകൾ, ഭക്ഷ്യസംസ്‌കരണ കേന്ദ്രങ്ങൾ, ഗ്രോസറികൾ, ബാർബർ ഷോപ്പുകൾ എന്നിവയാണ് പരിശോധനയിൽ പിടികൂടിയത്. ഈ നിയമവിരുദ്ധ സ്ഥാപനങ്ങളിലെ ഉപകരണങ്ങൾ അധികൃതർ കണ്ടുകെട്ടുകയും, നിയമലംഘകർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു.

ശുചിത്വമില്ലാത്ത അന്തരീക്ഷത്തിൽ പാകം ചെയ്തതും പഴകിയതുമായ ഭക്ഷണപദാർഥങ്ങൾ ഉടനടി നശിപ്പിച്ചതായും എന്നാൽ ഉപയോഗയോഗ്യമായവ ചാരിറ്റി അസോസിയേഷന് കൈമാറിയതായും നഗരസഭ ഡയറക്ടർ ജനറൽ യാസർ ബിൻ സിറാജ് ബഖ്ഷ് അറിയിച്ചു. റസിഡൻഷ്യൽ കെട്ടിടങ്ങൾ അനധികൃതമായി തൊഴിലാളികളുടെ താമസസ്ഥലങ്ങളാക്കി മാറ്റിയതായും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. നിയമം ലംഘിച്ച കെട്ടിട ഉടമകൾക്കും വ്യാപാരികൾക്കുമെതിരെ ശക്തമായ നിയമനടപടികളാണ് സ്വീകരിക്കുന്നത്. അൽ മതാർ സബ് മുനിസിപ്പാലിറ്റിയുടെയും മറ്റ് സുരക്ഷാ വകുപ്പുകളുടെയും സഹകരണത്തോടെയാണ് ഈ വിപുലമായ റെയ്ഡ് പൂർത്തിയാക്കിയത്. ഇത്തരം നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ തടയാൻ മുൻസിപ്പാലിറ്റിയുടെ നിരീക്ഷണം ശക്തമായി തുടരുമെന്ന് അധികൃതർ അറിയിച്ചു. പൊതുജനങ്ങൾക്ക് ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ബലദി ആപ്പ് വഴിയോ 940 എന്ന കോൾ സെന്റർ നമ്പറിലോ വിവരമറിയിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *