ജിദ്ദ: ജിദ്ദയുടെ പുതിയ മേയറായി ഇഹ്സാൻ ബാഫഖീഹ് തിങ്കളാഴ്ച ഔദ്യോഗികമായി ചുമതലയേറ്റു. ആദ്യദിനത്തിൽ തന്നെ നഗരസഭാ ആസ്ഥാനത്തെത്തിയ അദ്ദേഹം വിവിധ വകുപ്പ് മേധാവികളുമായും ജീവനക്കാരുമായും കൂടിക്കാഴ്ച നടത്തി. നഗരത്തിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന വിവിധ വികസന പദ്ധതികളുടെ പുരോഗതിയും മുനിസിപ്പാലിറ്റിയുടെ പ്രവർത്തന മുൻഗണനകളും അദ്ദേഹം വിശദമായി വിലയിരുത്തി. യോഗത്തിൽ, നിലവിലെ പ്രവർത്തന പദ്ധതികളും മുൻഗണനാ ഫയലുകളും ചർച്ച ചെയ്യുകയും മുനിസിപ്പൽ സേവനങ്ങളുടെ ഗുണനിലവാരം പരിശോധിക്കുകയും ചെയ്തു. ജിദ്ദയിലെ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും നഗരവികസനം വേഗത്തിലാക്കുന്നതിനും പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കേണ്ടതുണ്ടെന്ന് യോഗത്തിൽ മേയർ ഉദ്യോഗസ്ഥരെ ഓർമിപ്പിച്ചു.
വിവിധ വകുപ്പുകൾ തമ്മിലുള്ള മികച്ച ഏകോപനത്തിലൂടെ മാത്രമേ നഗരസഭയുടെ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ സാധിക്കൂ എന്ന് അദ്ദേഹം വ്യക്തമാക്കി. ജിദ്ദ നഗരത്തെക്കുറിച്ചും ഇവിടുത്തെ പ്രധാന വെല്ലുവിളികളെക്കുറിച്ചുമുള്ള തന്റെ വ്യക്തിപരമായ അറിവും മുൻകാല പ്രവൃത്തിപരിചയവും നഗരത്തിന്റെ കൂടുതൽ വളർച്ചയ്ക്ക് സഹായകരമാകുമെന്ന് ബാഫഖീഹ് പ്രത്യാശ പ്രകടിപ്പിച്ചു. മുൻകാലങ്ങളിലെ നേട്ടങ്ങളെ മാതൃകയാക്കി മുന്നോട്ട് പോകാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജിദ്ദയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വൻകിട വികസന പദ്ധതികൾ കൂടുതൽ വേഗത്തിൽ പൂർത്തിയാക്കേണ്ടതുണ്ടെന്നും, ഇതിനായി കൃത്യമായ ആസൂത്രണവും ശക്തമായ കൂട്ടായ്മയും ആവശ്യമാണെന്നും പുതിയ മേയർ ഓർമിപ്പിച്ചു.









Leave a Reply