Advertisement

ആഭ്യന്തര കാര്യങ്ങളിൽ പരസ്പരം ഇടപെടില്ല; നിലപാട് വ്യക്തമാക്കി സൗദിയും ഇറാഖും

ആഭ്യന്തര കാര്യങ്ങളിൽ പരസ്പരം ഇടപെടില്ലെന്ന നിലപാട് വീണ്ടും ശക്തമായി ആവർത്തിച്ച് സൗദി അറേബ്യയും ഇറാഖും. സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ലയും ഇറാഖ് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഡോ. ഫുആദ് ഹുസൈനും തമ്മിൽ നടന്ന കൂടിക്കാഴ്ചയിലാണ് നിലപാട് വ്യക്തമാക്കിയത്.

ഇരു രാജ്യങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ആഭ്യന്തര കാര്യങ്ങളിൽ പരസ്പര ബഹുമാനം പുലർത്തണമെന്നും ഇടപെടലുകൾ പാടില്ലെന്നും സംബന്ധിച്ച് സൗദിയും ഇറാഖും സംയുക്ത പ്രസ്താവന പുറത്തിറക്കി. മേഖലയിലെ സ്ഥിരതയ്ക്കും പരമാധികാര സംരക്ഷണത്തിനും ഇത് അനിവാര്യമാണെന്ന് ഇരുപക്ഷവും വ്യക്തമാക്കി.

സൗദിയും ഇറാഖും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തെക്കുറിച്ചും വിവിധ മേഖലകളിൽ സഹകരണം കൂടുതൽ ശക്തമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും യോഗം ചർച്ച ചെയ്തു. കൂടാതെ പശ്ചിമേഷ്യയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും പൊതുതാൽപര്യമുള്ള പ്രാദേശിക വിഷയങ്ങളും ചർച്ചയായി. പരമാധികാരത്തെ ബഹുമാനിക്കുക, നല്ല അയൽപക്ക ബന്ധം പുലർത്തുക, മറ്റ് രാജ്യങ്ങളുടെ സുരക്ഷയും സ്ഥിരതയും തകർക്കുന്നതിനായി തങ്ങളുടെ രാജ്യത്തിന്റെ അതിർത്തി ഉപയോഗിക്കില്ല എന്നിങ്ങനെ പ്രധാന വിഷയങ്ങളും യോ​ഗം ചർച്ച ചെയ്തു.

സൗദിയെയോ മറ്റ് ജി.സി.സി രാജ്യങ്ങളോ മേഖലയിലെ മറ്റ് അയൽരാജ്യങ്ങളോ ലക്ഷ്യമിട്ടുള്ള യാതൊരുവിധ ആക്രമണങ്ങൾക്കും അക്രമ പ്രവർത്തനങ്ങൾക്കും തങ്ങളുടെ മണ്ണോ വ്യോമാതിർത്തിയോ ഉപയോഗിക്കില്ലെന്ന് ഇറാഖ് വ്യക്തമാക്കി. ഇറാഖിന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കേണ്ടതിന്റെയും അവിടുത്തെ ദേശീയ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തേണ്ടതിന്റെയും പ്രാധാന്യം ഇരുരാജ്യങ്ങളും അടിവരയിട്ടു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *